| Monday, 2nd December 2024, 12:31 pm

മമ്മൂക്ക പറഞ്ഞതുകൊണ്ട് ആ ചിത്രത്തിലെ സലിംകുമാറിന്റെ വേഷം സുരാജിന് നല്‍കേണ്ടി വന്നു: സംവിധായകന്‍ മെക്കാര്‍ട്ടിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്ത് ചിരിക്കാന്‍ ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകരാണ് റാഫി- മെക്കാര്‍ട്ടിന്‍ കോമ്പോ. അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചുകൊണ്ട് തുടങ്ങിയ കോമ്പോ പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് ചുവടുവെച്ചു. പുലിവാല്‍ കല്യാണം, പഞ്ചാബി ഹൗസ്, സൂപ്പര്‍മാന്‍, ഹലോ, ചതിക്കാത്ത ചിന്തു തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കോമ്പോ 2014ല്‍ വേര്‍പിരിഞ്ഞു.

റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മായാവി. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ മഹിയായി എത്തിയ ചിത്രത്തില്‍ മഹിയുടെ വലംകൈ ഗിരിയായി എത്തിയത് സൂരജ് വെഞ്ഞാറമൂടാണ്. ചിത്രത്തില്‍ മായാവിയുടെ ആശാനായ സ്രാങ്കായി എത്തിയത് സലിംകുമാറായിരുന്നു. മായാവി സിനിമയുടെ നെടുംതൂണുകളായിരുന്നു ഗിരിയും സ്രാങ്കും.

മായാവിയിലെ സ്രാങ്ക് എന്ന കഥാപാത്രം ആദ്യം ഇല്ലായിരുന്നു എന്ന് പറയുകയാണ് തിരക്കഥാകൃത്ത് മെക്കാര്‍ട്ടിന്‍. സുരാജ് ചെയ്ത ഗിരി എന്ന കഥാപാത്രം ചെയ്യാന്‍ ആദ്യം തീരുമാനിച്ചിരുന്നത് സലിംകുമാറിനെ ആയിരുന്നെന്നും എന്നാല്‍ മമ്മൂട്ടിയുടെ പ്രത്യേക താത്പര്യപ്രകാരം സുരാജിനെ ആക്കുകയായിരുന്നെന്നും മെക്കാര്‍ട്ടിന്‍ പറഞ്ഞു.

മായാവിയുടെ പൂര്‍ത്തിയായ ആദ്യ തിരക്കഥയില്‍ സ്രാങ്ക് എന്ന കഥാപാത്രം ഇല്ലായിരുന്നെന്നും സലിംകുമാറിന് വേണ്ടി അങ്ങനെ ഒരു കഥാപാത്രം പിന്നീട് എഴുതുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മെക്കാര്‍ട്ടിന്‍.

‘മായാവി സിനിമയില്‍ സ്രാങ്ക് എന്ന കഥാപാത്രം ആദ്യം ഇല്ലായിരുന്നു. സുരാജ് ചെയ്ത കഥാപാത്രം സലീമിനെ ഏല്‍പ്പിക്കാം എന്ന രീതിയിലായിരുന്നു ആദ്യം. സലീമിന് ഒരു കഥാപാത്രം സിനിമയില്‍ വേണം എന്ന് പറഞ്ഞിരുന്നു. മമ്മൂക്കയുടെ ഒപ്പം നടക്കുന്ന ആള്‍ സുരാജിനെ ആക്കാം എന്ന് തീരുമാനിച്ചു. കാരണം സുരാജിനെ കുറിച്ച് മമ്മൂക്ക ഒരു പ്രത്യേക താത്പര്യം പറഞ്ഞിട്ടുണ്ടായിരുന്നു.

അങ്ങനെ വന്നപ്പോള്‍ ഈ സലിം കുമാറിനെ എവിടെകൊണ്ടിടും എന്ന ചോദ്യം വന്നു. സ്‌ക്രിപ്റ്റ് മൊത്തം എഴുതിയും കഴിഞ്ഞു. സലീമിനെ സിനിമയുടെ ഭാഗമാക്കാന്‍ വേണ്ടി പിന്നീട് സ്രാങ്ക് എന്ന കഥാപാത്രത്തെ ചേര്‍ക്കുകയായിരുന്നു,’ മെക്കാര്‍ട്ടിന്‍ പറയുന്നു.

Content Highlight: Meccartin Talks About Casting Of Suraj  Venjaramoodu And Salimkumar In  Mayavi Movie

We use cookies to give you the best possible experience. Learn more