| Thursday, 19th April 2018, 2:03 pm

മക്ക മസ്ജിദ് കേസില്‍ വിധി വരുന്നതിന് ഒരാഴ്ച മുമ്പ് ഐ.പി.എസ് ഓഫീസറെ സ്ഥലം മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരബാദ്: മക്ക മസ്ജിദ് കേസില്‍ വിധി പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഐ.പി.എസ് ഓഫീസറെ സ്ഥലം മാറ്റിയതായി റിപ്പോര്‍ട്ട്. യു.പി കേഡര്‍ ഉദ്യോഗസ്ഥയായ പ്രതിഭ അംബേദ്ക്കറിനെയാണ് യു.പി സര്‍ക്കാര്‍ തിരിച്ചു വിളിച്ചത്.

ഹൈദരാബാദില്‍ എന്‍.ഐ.എക്ക് കീഴില്‍ അഞ്ചു മാസത്തേക്ക് കൂടി പ്രതിഭയ്ക്ക് കാലാവധി ഉണ്ടായിരിക്കെയാണ് തിരിച്ചുവിളിച്ചത്.

കേസ് ദുര്‍ബലപ്പെടുത്താന്‍ എന്‍.ഐ.എയുടെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായതായി ആരോപണം ഉയരുന്നതിനിടെയാണ് ഓഫീസറെ മാറ്റിയ വിവരവും പുറത്ത് വരുന്നത്.

കേസിലെ പ്രോസിക്യൂട്ടറായിരുന്ന എന്‍. ഹരിനാഥ് ബി.ജെ.പിക്കാരനാണെന്നും എന്‍ഫോഴ്സ്മെന്റില്‍ അഭിഭാഷകനായിരുന്ന ഇയാള്‍ക്ക് ക്രിമനല്‍ കൊലപാതക കേസുകളില്‍ മുന്‍പരിചയമില്ലെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Read more: ‘ജെ.എന്‍.യുവില്‍ താമസിക്കുന്നതെങ്ങിനെ രാജ്യദ്രോഹമാകും?’, വ്യാജവാര്‍ത്തക്കെതിരെ സീ ഹിന്ദി ന്യൂസിന് വക്കീല്‍ നോട്ടീസയച്ച് കഠ്‌വ അഭിഭാഷക ദീപിക


അതേ സമയം കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ട് വിധി പുറപ്പെടുവിച്ച എന്‍.ഐ.എ ജഡ്ജി രവീന്ദര്‍ റെഡ്ഡിയുടെ രാജി ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിരസിച്ചു. വിധി പറഞ്ഞതിന് പിന്നാലെ ജഡ്ജി 15 ദിവസത്തെ അവധിയില്‍ പ്രവേശിച്ച രവീന്ദ്രര്‍ റെഡ്ഡിയോട് രാജി സ്വീകരിക്കുന്നില്ലെന്നും അവധി റദ്ദാക്കി എത്രയും വേഗം ജോലിയില്‍ തിരികെ പ്രവേശിക്കാനും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിക്കുകയായിരുന്നു.

അസീമാനന്ദ ഉള്‍പ്പടെ അഞ്ചുപേരേയും കുറ്റവിമുക്തനാക്കി വിധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു റെഡ്ഡി രാജി സമര്‍പ്പിച്ചത്. പ്രതികളെ കുറ്റവിമുക്തരാക്കി കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രത്യേക അന്വേഷണ കോടതി വിധി പ്രഖ്യാപിച്ചത്. 9 പേര്‍ കൊല്ലപ്പെടുകയും 60 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ 10 കുറ്റാരോപിതരില്‍ 5 പേരാണ് വിചാരണ നേരിട്ടത്. എന്‍.ഐ.എ കേസ് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Latest Stories

We use cookies to give you the best possible experience. Learn more