|

കഥ കേട്ടപ്പോള്‍ തന്നെ ആ സംവിധായകനും കമ്പനിയും സിനിമ എടുക്കില്ലെന്ന് പറഞ്ഞു, ഒരു നിമിത്തം പോലെയാണ് രാജസേനനിലേക്ക് എത്തുന്നത്: മെക്കാര്‍ട്ടിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയറാം നായകനായി രാജസേനന്റെ സംവിധാനത്തിലൊരുങ്ങിയ ഹിറ്റ് ചിത്രമാണ് അനിയന്‍ ബാവ ചേട്ടന്‍ ബാവ. ത്രികോണ പ്രണയ കഥ പറഞ്ഞ ചിത്രത്തിന്റെ തിരക്കഥ റാഫി-മെക്കാര്‍ട്ടിന്‍ ടീമാണ് ചെയ്തത്. സിനിമയുടെ കഥ പറഞ്ഞപ്പോള്‍ ഒരു സംവിധായകനും സിനിമ കമ്പനിയും നിരസിച്ചിരുന്നുവെന്നും ഒരു നിമിത്തം പോലെ രാജസേനനിലേക്ക് എത്തുകയായിരുന്നുവെന്നും പറയുകയാണ് മെക്കാര്‍ട്ടിന്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അനിയന്‍ ബാവ ചേട്ടന്‍ ബാവ എഴുതി കഴിഞ്ഞപ്പോള്‍ ഇത് ചെയ്യാന്‍ ഏറ്റവും നല്ലത് രാജസേനനാണെന്ന തീരുമാനം ഞങ്ങള്‍ എടുത്തു. പക്ഷേ അദ്ദേഹത്തെ ഞങ്ങള്‍ക്ക് പരിചയമില്ല. രാജസേനനെ പോയി കണ്ട് ഇത് പറഞ്ഞാല്‍ ഇനി നടക്കുമോയെന്നും അറിയില്ല. അപ്പോള്‍ എന്തു ചെയ്യും എന്നാലോചിച്ച് നില്‍ക്കുകയാണ്.

സംവിധായകന്‍ സാജന്‍ ഞങ്ങള്‍ താമസിക്കുന്ന അതേ ഹോട്ടലില്‍ തന്നെയുണ്ട്. സാജനോട് പറഞ്ഞുനോക്കാമെന്ന് വിചാരിച്ചു. സാജനോട് കഥ പറഞ്ഞപ്പോള്‍ ഇത് ഞങ്ങള്‍ക്ക് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞാനെടുക്കില്ല, ഒരു സെന്റിമെന്റ്‌സ് പോലുമില്ലാത്ത സിനിമ എനിക്ക് എടുക്കാന്‍ പറ്റില്ല, അതുകൊണ്ട് വേണ്ട എന്ന് പറഞ്ഞു. ആ സിനിമ ഉപേക്ഷക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്ക് ഇത്തിരി വിഷമം തോന്നി.

മറ്റൊരു സിനിമ കമ്പനിയിലേക്ക് പോയി ഞങ്ങളിത് പറഞ്ഞു. കഥ കേട്ടപ്പോള്‍ ഇത് എടുക്കാന്‍ പറ്റില്ലെന്ന് അവര്‍ പറഞ്ഞു. അത് ഹുക്ക്ഡ് അപ്പ് സിറ്റുവേഷനും മെയ്ഡ് അപ്പ് സ്‌റ്റോറിയുമാണ്, ഒട്ടും ലൈഫ് ലൈക്കല്ലെന്ന് പറഞ്ഞു. ഇത് ഹുക്ക്ഡ് അപ്പായി തന്നെയാണ് പറയാന്‍ പോകുന്നത്, നടന്ന സംഭവമായിട്ടല്ല പറയുന്നത് എന്ന് ഞങ്ങള്‍ പറഞ്ഞു. സ്റ്റോറി ഇന്ററസ്റ്റിങ്ങായത് കൊണ്ട് പബ്ലിക്കിന് ഇതാണ് ആവശ്യം. പക്ഷേ അവര്‍ വേണ്ടെന്ന് പറഞ്ഞു.

അങ്ങനെയിരിക്കുമ്പോള്‍ വിജയ മൂവീസിലെ സേവിച്ചന്‍ വന്നു. രാജസേനന്‍ ഈ സിനിമ ചെയ്താല്‍ നന്നാവുമെന്ന് നിങ്ങള്‍ പറഞ്ഞില്ലേ, രാജസേനന്‍ അടുത്തുള്ള ഹോട്ടലിലുണ്ട്, നിങ്ങളെ കാണാന്‍ പറ്റുമോ എന്ന് ഇങ്ങോട്ട് ചോദിച്ചുവെന്ന് പറഞ്ഞു. ഇതെല്ലാം കൂടി ഒരു നിമിത്തം പോലെ ഒന്നിച്ചു വന്നു. ഒന്നും നോക്കിയില്ല, ഞങ്ങള്‍ പോയി രാജസേനനെ കണ്ടു.

കഥ പറഞ്ഞു ഇന്റര്‍വെല്ലായപ്പോള്‍ ഇനി മതി പറയണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഇന്റവെല്ലായതേ ഉള്ളൂ എന്ന് ഞങ്ങള്‍ പറഞ്ഞു. എനിക്ക് ഇത്രയും മതി, ഇത് വെച്ച് ഞാന്‍ സിനിമ പൂര്‍ത്തിയാക്കും, ഇതിന്റെ ബാക്കി എനിക്ക് കേള്‍ക്കുകയേ വേണ്ടെന്ന് പറഞ്ഞു. അപ്പോള്‍ അതിന്റെ ക്ലൈമാക്‌സോ എന്ന് ഞങ്ങള്‍ ചോദിച്ചു. ഇന്റര്‍മിഷന്‍ എന്നത് ക്ലൈമാക്‌സാക്കിയാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞു. പിന്നെ അതിന്റെ സ്‌ക്രിപ്റ്റ് ഞങ്ങള്‍ തല തിരിച്ച് എഴുതി. ക്ലൈമാക്‌സ് ആദ്യമെഴുതി അവിടുന്ന് പിന്നെ കഥ എഴുതി. അങ്ങനെ സംഗതി ഫുള്ളാക്കി എടുത്തപ്പോള്‍ അനിയന്‍ ബാവ ചേട്ടന്‍ ബാവയായി,’ മെക്കാര്‍ട്ടിന്‍ പറഞ്ഞു.

Content Highlight: mecartin talks about rajasenan and aniyan bava chettan bava movie