ആ സിനിമയില്‍ സുരാജിനെ കാസ്റ്റ് ചെയ്യാന്‍ പറഞ്ഞത് മമ്മൂക്കയായിരുന്നു, പുള്ളിക്ക് സുരാജ് അത്രമാത്രം കംഫര്‍ട്ടായിരുന്നു: മെക്കാര്‍ട്ടിന്‍
Entertainment
ആ സിനിമയില്‍ സുരാജിനെ കാസ്റ്റ് ചെയ്യാന്‍ പറഞ്ഞത് മമ്മൂക്കയായിരുന്നു, പുള്ളിക്ക് സുരാജ് അത്രമാത്രം കംഫര്‍ട്ടായിരുന്നു: മെക്കാര്‍ട്ടിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st October 2024, 4:59 pm

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്ത് ചിരിക്കാന്‍ ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകരാണ് റാഫി- മെക്കാര്‍ട്ടിന്‍ കോമ്പോ. അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചുകൊണ്ട് തുടങ്ങിയ കോമ്പോ പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് ചുവടുവെച്ചു. പുലിവാല്‍ കല്യാണം, പഞ്ചാബി ഹൗസ്, സൂപ്പര്‍മാന്‍, ഹലോ, ചതിക്കാത്ത ചിന്തു തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കോമ്പോ 2014ല്‍ വേര്‍പിരിഞ്ഞു.

മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ മായാവിയുടെ തിരക്കഥ രചിച്ചത് റാഫി-മെക്കാര്‍ട്ടിന്‍ കോമ്പോയായിരുന്നു. മഹി എന്ന മായാവിയായി മമ്മൂട്ടി എത്തിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറി. ചിത്രത്തിന്റെ ഷൂട്ടിങ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് മെക്കാര്‍ട്ടിന്‍. എല്ലാ സിനിമയിലും നായകന്റെ സുഹൃത്തായിട്ട് ഒരു കഥാപാത്രത്തെ ഉണ്ടാക്കുന്നത് തങ്ങളുടെ ശീലമാണെന്നും നായകന് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ അങ്ങനെ ഒരു കഥാപാത്രം വേണമെന്നും മെക്കാര്‍ട്ടിന്‍ പറഞ്ഞു.

മായാവിയില്‍ അങ്ങനെയൊരു കഥാപാത്രത്തെപ്പറ്റി മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് സുരാജിന്റെ പേര് നിര്‍ദേശിച്ചതെന്ന് മെക്കാര്‍ട്ടിന്‍ പറഞ്ഞു. എത്ര ഇംപോര്‍ട്ടന്റായിട്ടുള്ള കഥാപാത്രമാണെങ്കിലും മമ്മൂട്ടിക്ക് കംഫര്‍ട്ടബിളായിട്ടുള്ള നടനെ മാത്രമേ അദ്ദേഹം സജസ്റ്റ് ചെയ്യാറുള്ളൂവെന്നും മെക്കാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു. സുരാജ് മമ്മൂട്ടിക്ക് അത്രമാത്രം കംഫര്‍ട്ടബിളായതുകൊണ്ടാണ് അദ്ദേഹം സജസ്റ്റ് ചെയ്തതെന്നും മെക്കാര്‍ട്ടിന്‍ പറഞ്ഞു. മാസ്റ്റര്‍ ബിന്നിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാ സിനിമക്കും കഥ എഴുതുന്ന സമയത്ത് നായകന്റെ കൂട്ടുകാരനായി ഒരു ക്യാരക്ടറിനെ ഉണ്ടാക്കും. അയാള്‍ക്ക് പബ്ലിക്കിനോട് പറയാനുള്ളത് എത്തിക്കാന്‍ വേണ്ടിയാണ് അങ്ങനെ ഒരു കഥാപാത്രത്തെ ഉണ്ടാക്കുന്നത്. ഞങ്ങള്‍ ചെയ്ത എല്ലാ സിനിമകളും നോക്കിയാല്‍ ഈയൊരു കാര്യം കാണാന്‍ സാധിക്കും. മായാവിയുടെ സ്‌ക്രിപ്റ്റ് എഴുതിയപ്പോഴും അങ്ങനെ ഒരു കഥാപാത്രം ഉണ്ടായിരുന്നു.

കഥ പറയാന്‍ വേണ്ടി മമ്മൂക്കയുടെ അടുത്ത് എത്തിയപ്പോള്‍ പുള്ളിയാണ് സുരാജിന്റെ പേര് സജസ്റ്റ് ചെയ്തത്. ‘ആ ക്യാരക്ടറിലേക്ക് വേറെ ആരെയും നോക്കണ്ട, അത് സുരാജ് ചെയ്യും’ എന്നാണ് അദ്ദേഹം പറഞ്ഞത്. പുള്ളിക്ക് അത്രമാത്രം കംഫര്‍ട്ടബിളായിട്ടുള്ള നടന്മാരെ മാത്രമേ അങ്ങനെ സജസ്റ്റ് ചെയ്യാറുള്ളൂ. അങ്ങനെയാണ് ഗിരി എന്ന കഥാപാത്രം സുരാജിലേക്ക് എത്തുന്നത്,’ മെക്കാര്‍ട്ടിന്‍ പറഞ്ഞു.

Content Highlight: Mecartin saying that Mammootty suggested Suraj Venjaramoodu in Mayavi movie