| Tuesday, 28th February 2023, 3:58 pm

അശോകന്റെ ഡയലോഗ് കേട്ട് ഹനീഫിക്കയുടെ കയ്യീന്ന് പോയി, ഒരു കോമഡിക്ക് പുള്ളി 12-13 തവണ ചിരിക്കും: മെക്കാര്‍ട്ടിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ പിറന്നുവീണ കള്‍ട് ക്ലാസിക് കോമഡി ചിത്രങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രമാണ് പഞ്ചാബി ഹൗസ്. റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഈ എവര്‍ഗ്രീന്‍ ചിത്രം ഇന്നും മലയാളികളെ നിര്‍ത്താതെ ചിരിപ്പിക്കുന്നുണ്ട്.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും ചിത്രത്തിലെ ഡയലോഗുകളും മലയാളികള്‍ക്ക് ഇന്നും കാണാപാഠമാണ്. കാരണം ആ കഥാപാത്രങ്ങളുടെ സൃഷ്ടിയും അത് കാണികളിലുണ്ടാക്കിയ സ്വാധീനവും അത്രത്തോളം വലുതായിരുന്നു. ട്രോളന്‍മാരുടെ മീമുകളായി ഗംഗാധരന്‍ മുതലാളിയും രമണനും ഉണ്ണിയും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്നുണ്ട്.

ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു കൊച്ചിന്‍ ഹനീഫ അവതരിപ്പിച്ച ഗംഗാധരന്‍ മുതലാളിയുടേത്. പഞ്ചാബികളില്‍ നിന്നും കാശും പലിശക്കെടുത്ത് മുങ്ങി നടക്കുയും കാശ് തിരിച്ചുകൊടുക്കാത്തതിന്റെ പേരില്‍ അവര്‍ പിടിച്ചെടുത്ത ബോട്ട് തിരിച്ചെടുക്കാന്‍ പോയി സ്വന്തം പണിക്കാരനെ പണയം വെച്ചതുമെല്ലാം മലയാളികള്‍ ഏറെ രസത്തോടെയാണ് കണ്ടിരുന്നത്.

കാണികളെ ചിരിപ്പിക്കുന്ന കൊച്ചിന്‍ ഹനീഫക്ക് ഒരിക്കലും സ്വന്തം ചിരി കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കാറില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ മെക്കാര്‍ട്ടിന്‍. മിര്‍ച്ചി പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്.

‘ലൊക്കേഷനില്‍ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഹനീഫിക്കയുടെ കുഴപ്പമെന്താണെന്നുവെച്ചാല്‍, ഹനീഫിക്ക ഒരു കോമഡിക്ക് 12-13 തവണ ചിരിക്കും. എന്നിട്ടേ ആ കോമഡി പ്രസന്റ് ചെയ്യുകയുള്ളൂ.

കോമഡി കേള്‍ക്കുമ്പോള്‍ ചിരിക്കും, വായിക്കുമ്പോള്‍ ചിരിക്കും, ഡയലോഗ് പഠിക്കുമ്പോള്‍ ചിരിക്കും അങ്ങനെ ചിരിച്ച് ചിരിച്ച് ടേക്കിലും ചിരിക്കും. ചിലപ്പോള്‍ ടേക്കിനിടയില്‍ കയ്യീന്ന് പോയിട്ട് ഒരൊറ്റ ചിരിയങ്ങ് ചിരിച്ച് കളയും.

ചിലപ്പോള്‍ പുള്ളി പിടിച്ചൊക്കെ നില്‍ക്കും. അശോകനൊക്കെ തകര്‍ത്തഭിനയിക്കുമ്പോള്‍ മുമ്പില്‍ ഇങ്ങനെ പിടിച്ചു നില്‍ക്കും. ചിലപ്പോള്‍ കയ്യീന്ന് പോവും. എന്നിട്ട് പുറത്ത് ഒരു അടിയൊക്കെ അടിച്ച് ഒന്നുകൂടി എടുക്കാം എന്ന് പറയും. ഹനീഫിക്കക്ക് ഒരിക്കലും ചിരി കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റില്ല. അങ്ങനെ ഒരു പ്രത്യേകതയുണ്ടായിരുന്നു,’ മെക്കാര്‍ട്ടിന്‍ പറഞ്ഞു.

Content Highlight: Mecartin about Cochin Haneefa

We use cookies to give you the best possible experience. Learn more