കേന്ദ്ര സര്‍വകലാശാലയില്‍ നടത്താനിരുന്ന ഫുഡ് ഫെസ്റ്റില്‍ മാംസ വിഭവങ്ങള്‍ വിലക്കി; പ്രതിഷേധവുമായി എസ്.എഫ്.ഐ
Kerala News
കേന്ദ്ര സര്‍വകലാശാലയില്‍ നടത്താനിരുന്ന ഫുഡ് ഫെസ്റ്റില്‍ മാംസ വിഭവങ്ങള്‍ വിലക്കി; പ്രതിഷേധവുമായി എസ്.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th April 2022, 12:42 pm

കാസര്‍കോഡ്: കേന്ദ്ര സര്‍വകലാശാലയില്‍ നടത്താനിരുന്ന ഫുഡ് ഫെസ്റ്റില്‍ മാംസങ്ങള്‍ വിലക്കിയതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ. പ്രതിഷേധത്തെ തുടര്‍ന്ന് ഫുഡ് ഫെസ്റ്റ് മാറ്റിവെച്ചിട്ടുണ്ട്. ഏപ്രില്‍ 27നായിരുന്നു സര്‍വകലാശാലയില്‍ ഫുഡ് ഫെസ്റ്റ് നടത്താനിരുന്നത്.

സര്‍വകലാശാലയിലെ സൊസൈറ്റി ഓഫ് യങ് സയന്റിസ്റ്റ് (എസ്.വൈ.എസ്) എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ഫെസ്റ്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ബീഫ്, പന്നിയിറച്ചി, മത്സ്യം തുടങ്ങിയ മാസാംഹാരങ്ങളാണ് ഫെസ്റ്റില്‍ വില്‍ക്കുന്നതും കഴിക്കുന്നതും നിരോധിച്ചിരുന്നത്.

ഇതിനെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിക്കുകയായിരുന്നു. ഭക്ഷ്യ വസ്തുക്കളെ നിഷേധിക്കുന്നത് വ്യക്തിഗത തെരഞ്ഞെടുപ്പുകള്‍ക്ക് നേരെയുള്ള അക്രമണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘ഒരാള്‍ ഏത് ഭക്ഷണം കഴിക്കണമെന്നത് വ്യക്തിഗത തെരഞ്ഞെടുപ്പാണ്. ജനാധിപത്യത്തില്‍ ഏത് ഭക്ഷണം കഴിക്കണമെന്ന് ഒരാള്‍ക്ക് തെരഞ്ഞെടുക്കാം. എന്ത് കഴിക്കണം, എങ്ങനെ കഴിക്കണമെന്നത് ഏതെങ്കിലും അതോറിറ്റിയല്ല തീരുമാനിക്കേണ്ടത്.

ഏപ്രില്‍ 27ന് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ നടക്കുന്ന ഫുഡ് ഫെസ്റ്റില്‍ ബീഫ്, പോര്‍ക്ക്, മീന്‍ തുടങ്ങിയ നോണ്‍ വെജ് ഭക്ഷണങ്ങല്‍ ഉള്‍പ്പെടുത്തരുതെന്ന അതോറിറ്റിയുടെ തീരുമാനത്തിനെതിരെയാണ് ഈ പോസ്റ്റ്.

മുകളില്‍ പറഞ്ഞ ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്നുള്ള സര്‍വകലാശാല അധികൃതരുടെ തീരുമാനം വ്യക്തിഗത തെരഞ്ഞെടുപ്പിന് മേലുള്ള കടന്നുകയറ്റമാണ്. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പോലൊരു എല്ലാ കാര്യങ്ങളില്‍ വൈവിധ്യമാര്‍ന്ന സവിശേഷതകളുള്ള ക്യാമ്പസില്‍
നോണ്‍- വെജ് ഒഴിവാക്കാനുള്ള തീരുമാനം ഒഴിവാക്കാന്‍ ഞങ്ങള്‍ എസ്.വൈ.എസിനോടും മറ്റ് ഉത്തരവാദിത്തപ്പെട്ട അധികാരികളോടും അഭ്യര്‍ത്ഥിക്കുന്നു.

വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ബീഫ്, പന്നിയിറച്ചി, മത്സ്യം എന്നിവ കഴിക്കുന്നവരാണ്. ഫുഡ് ഫെസ്റ്റില്‍ ബീഫ്, പന്നിയിറച്ചി, മീന്‍ വിഭവങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണമെന്ന് എസ്.എഫ്.ഐ സി.യു.കെ ആവശ്യപ്പെടുന്നു,’ എന്നും പോസ്റ്റില്‍ പറയുന്നു.

Content Highlights: Meat was banned at a food fest to be held at the Central University