ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചൊവ്വാഴ്ച്ച പുതിയ മീറ്റ് ഷോപ്പ് പോളിസി പ്രഖ്യാപിച്ചു. നയമനുസരിച്ച് ആരാധനാലയങ്ങളും അറവ് ശാലകളും തമ്മില്‍ ഏറ്റവും കുറഞ്ഞത് 150 മീറ്റര്‍ അകലം പാലിക്കണം.
പുതിയ നയങ്ങള്‍ ഇറച്ചി വ്യാപാരികളുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നയം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അവര്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ നയപ്രകാരം ഒരു അറവുശാലയും ആരാധനലയും ശ്മശാനവും തമ്മിലുള്ള ദൂരം കുറഞ്ഞത് 150 മീറ്ററായിരിക്കണം. അനുമതി ലഭിച്ച ശേഷമാണ് ആരാധനാലയങ്ങള്‍ നിലവില്‍ വരുന്നതെങ്കില്‍ ഈ പരിധി കണക്കാക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
അപേക്ഷകര്‍ മസ്ജിദ് കമ്മിറ്റിയില്‍ നിന്നോ ഇമാമില്‍ നിന്നോ ‘നോ ഒബ്ജക്ഷന്‍’ സര്‍ട്ടിഫിക്കറ്റ് നേടിയാല്‍ പള്ളിക്ക് സമീപം പന്നിയിറച്ചി ഒഴികെയുള്ളവ വില്‍ക്കുന്ന ഒരു കട തുറക്കാന്‍ നയം അനുവദിക്കും.
പുതിയ നയം അനുസരിച്ച് ലൈസന്‍സ് നല്‍കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് കടകള്‍ക്ക് 18000 രൂപ വരെയും പ്രൊസസിങ് യൂണിറ്റുകള്‍ക്ക് 1.5 ലക്ഷം രൂപ വരെയുമാണ്.
ലൈസന്‍സ് നല്‍കുന്ന തീയതി മുതല്‍ ഒരോ മൂന്ന് സാമ്പത്തിക വര്‍ഷത്തിലും ഫീസും പിഴയും 15 ശതമാനം വര്‍ദ്ധിക്കും.
പുതിയ നയത്തിനെതിരെ മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ രംഗത്തെത്തി. പുതിയ നയം അഴിമതിക്ക് ഇടയാക്കുമെന്നവര്‍ പറഞ്ഞു.’2700 രൂപ അടയ്ക്കാന്‍ പ്രയാസപ്പെടുന്ന ഒരു കച്ചവടക്കാരന്‍ നിലവിലെ നയമനുസരിച്ച് 7000 രൂപ പുതുക്കല്‍ ചാര്‍ജടയ്ക്കണം. ഇത് വരുമാനത്തില്‍ ഇടിവിനും എം.സി ഡി അഴിമതിക്കും കാരണമാകും,’ അസോസിയേഷന്‍ ഭാരവാഹി പറഞ്ഞു.
content highlight : Meat shops not allowed within 150 metres of religious place in Delhi, says new MCD policy