| Wednesday, 3rd March 2021, 5:53 pm

കോഴിക്കോട് എന്‍.ഐ.ടിയില്‍ മാംസാഹാരം നിരോധിക്കാന്‍ നീക്കം; ചൊവ്വാഴ്ചകളില്‍ സസ്യാഹാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി) യില്‍ മാംസാഹാരവും മുട്ടയും നിരോധിക്കാന്‍ നീക്കമെന്ന് ആരോപണം. ആഗോള കാലാവസ്ഥ വെല്ലുവിളികള്‍ നേരിടുന്നതിന്റെ പേരിലാണ് നിരോധനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ തീരുമാനത്തിന്റെ ആദ്യപടിയെന്നോണം ക്ലാസ്സ് തുടങ്ങുന്നതു മുതലുള്ള ചൊവ്വാഴ്ചകളില്‍ സസ്യാഹാരം മാത്രമേ ക്യാംപസിനുള്ളില്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയുള്ളു. ‘ഹരിത ചൊവ്വ’ എന്നാണ് ഈ ദിനാചരണത്തിന്റെ പേര്.

മാംസാഹാരത്തിന്റെ ഉപഭോഗം കുറയ്ക്കാനുള്ള പരിപാടിയുടെ ഭാഗമാണ് ഹരിത ചൊവ്വ. ഇതുസംബന്ധിച്ച് കോഴിക്കോട് എന്‍.ഐ.ടിയും ബിര്‍ല ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സസ് പിലാനിയും (ബിറ്റ്സ് പിലാനി) ധാരണയിലെത്തിയിരിക്കുകയാണ്. ഗോവ ബിറ്റ്സ് പിലാനിയില്‍ മുട്ടയുടെയും മാംസത്തിന്റെയും ഉപഭോഗം കുറച്ചുകൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. വെഗാന്‍ ഔട്ട് റീച്ചിന്റെ ഹരിത ചൊവ്വ സംരംഭത്തിന്റെ ഭാഗമായാണ് ഹരിത ചൊവ്വ ദിനാചരണം.

ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടുന്നത്, ജലമലിനീകരണം, വായുമലിനീകരണം എന്നിവയ്ക്ക് പ്രധാനകാരണം വളര്‍ത്തുമൃഗ പരിപാലനമാണെന്നാണ് വിഗാന്‍ ഔട്ട് റീച്ചിന്റെ പുതിയ കണ്ടെത്തല്‍. ഇന്റര്‍നാഷണല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) ന്റെ 107 ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മാംസം, പാല്‍, മുട്ട, മറ്റ് മൃഗ ഉല്‍പന്നങ്ങള്‍ എന്നിവ വ്യക്തികള്‍ വെട്ടിക്കുറച്ചാല്‍ കുറഞ്ഞ സ്ഥലവും വെള്ളവും ഉപയോഗിച്ച് കൂടുതല്‍ ആളുകള്‍ക്ക് ഭക്ഷണം നല്‍കാമെന്ന് പറയുന്നതായും ഇവര്‍ അവകാശപ്പെടുന്നു.

അതേസമയം തന്റെ അറിവില്‍ ഇങ്ങനെയൊരു ധാരണാപത്രത്തില്‍ ഒപ്പിട്ടതായി അറിയില്ലെന്നാണ് കോഴിക്കോട് എന്‍.ഐ.ടി രജിസ്ട്രാര്‍ ലെഫ്.കേണല്‍ കെ.പങ്കജാക്ഷന്‍ പറഞ്ഞത്. മറ്റേതെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വഴി ഇത്തരം നീക്കം നടന്നിട്ടുണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഗൗതം ബുദ്ധ സര്‍വകലാശാല, ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി, തുടങ്ങി 22 സര്‍വ്വകലാശാലകളും കോര്‍പ്പറേഷനുകളും വെഗാന്‍ ഔട്ട്റീച്ചിന്റെ ഹരിത ചൊവ്വ പ്രതിജ്ഞയില്‍ ഒപ്പുവെച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Meat Ban In Calicut NIT

We use cookies to give you the best possible experience. Learn more