ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍; ദല്‍ഹി ജുമഅ മസ്ജിദില്‍ പ്രതിഷേധം തുടരുന്നു
CAA Protest
ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍; ദല്‍ഹി ജുമഅ മസ്ജിദില്‍ പ്രതിഷേധം തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th December 2019, 3:04 pm

ന്യൂദല്‍ഹി: ദല്‍ഹി ജുമഅ മസ്ജിദിന് മുന്നില്‍ കൂറ്റന്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം അവസാനിക്കുന്നതിന് മുന്‍പ് തന്നെ ജുമഅ മസ്ജിദിനുള്ളിലേക്ക് പൊലീസ് കടന്നെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് പുറത്തെത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെ വലിയ രീതിയില്‍ ആളുകള്‍ എത്തുകയും പ്രതിഷേധം ഇപ്പോഴും തുടരുകയുമാണ്.

ദല്‍ഹി സീലാംപൂര്‍ മസ്ജിദിനും മുന്നിലും ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ദല്‍ഹിയിലെ പെട്രോള്‍ പമ്പുകള്‍ പലതും അടച്ചിടുകയും വാഹനഗതാഗതം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. അയല്‍ ജില്ലകളില്‍ നിന്നും കൂടുതല്‍ പേര്‍ പ്രതിഷേധത്തിന് എത്തുന്നത് തടയാന്‍ വേണ്ടിയാണ് വാഹന ഗതാഗതം നിരോധിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനയും ബി.ആര്‍ അംബേദ്ക്കറുടെ ചിത്രവും ഇന്ത്യന്‍ പതാകയും ഉയര്‍ത്തിപ്പിടിച്ചായിരുന്നു ദല്‍ഹി ജുമഅ മസ്ജിദിന് മുന്‍പില്‍ കൂറ്റന്‍ പ്രതിഷേധം നടന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് വെള്ളിയാഴ്ചയായതുകൊണ്ട് ജുമഅ നമസ്‌ക്കാരത്തിന് ശേഷം പുറത്തെത്തിയ ശേഷമാണ് ഇവര്‍ സംഘടിച്ചത്. ഇന്ത്യാ ഗേറ്റിന് സമീപവും തുടര്‍ പ്രതിഷേധങ്ങള്‍ ഉണ്ട്. ജാമിഅ അടക്കമുള്ള പ്രദേശങ്ങളില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.

ജുമഅ മസ്ജിദില്‍ നിന്നും ജന്തര്‍മന്തിറിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു നേരത്തെ ഭീം ആര്‍മി തീരുമാനിച്ചത്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി പള്ളി ഇമാമിനോട് ഇത്തരമൊരു റാലിക്ക് അനുമതി നല്‍കരുതെന്ന് ദല്‍ഹി പൊലീസ് ആവശ്യപ്പെട്ടു.

തുടര്‍ന്ന് പൊലീസിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇമാം തന്നെ പ്രതിഷേധക്കാരോട് മസ്ജിദിന് പുറത്ത് പ്രതിഷേധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.