ന്യൂദല്‍ഹി: അയോധ്യാ വിധിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ബാബ്‌റി മസ്ജിദ് എങ്ങനെയാണു തകര്‍ന്നത് എന്നതിനെപ്പറ്റി പരാമര്‍ശമില്ല. ഭൂട്ടാനീസ് ദിനപത്രമായ ‘ദ ഭൂട്ടാനീസി’ന്റെ എഡിറ്ററും ഭൂട്ടാന്‍ മീഡിയാ അസോസിയേഷന്‍ പ്രസിഡന്റുമായ ടെന്‍സിങ് ലംസാങ്ങാണ് ഇക്കാര്യം പുറത്തുവിട്ടത്.
നവംബര്‍ പത്തിനു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് കണ്ട് തന്റെ റിപ്പോര്‍ട്ടര്‍ ആശങ്കാകുലനായെന്നും ഒരുദിവസത്തിനു ശേഷമാണ് തനിക്കതു നല്‍കിയതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 1992-ല്‍ എങ്ങനെയാണ് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടത് എന്നതിനെക്കുറിച്ച് ഒരു പരാമര്‍ശവും അതിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്താക്കുറിപ്പിലെ എട്ട്, ഒമ്പത് പോയിന്റുകള്‍ വളരെ കൗതുകകരമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്.
എട്ടാമത്തെ പോയിന്റ് ഇങ്ങനെ: ‘ഇന്ത്യന്‍ ഭരണഘടന എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും വിശ്വാസത്തിനും അഭിപ്രായത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എല്ലാ സമുദായങ്ങളും തമ്മിലുള്ള ഐക്യം ഉറപ്പുവരുത്താന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. അത് ഇന്ത്യയുടെ പാരമ്പര്യമാണ്. അതുപോലെ ആരാധനയ്ക്കുള്ള എല്ലാ സ്ഥലങ്ങളും സംരക്ഷിക്കാനും സര്‍ക്കാരിനു ബാധ്യതയുണ്ട്.’
ഒമ്പതാമത്തെ പോയിന്റ് ഇങ്ങനെ: ‘ഇന്ത്യക്കൊരു ശക്തവും സ്വതന്ത്രവുമായ ജുഡീഷ്യറിയുണ്ട്. ഈ സ്വാതന്ത്ര്യം ഭരണഘടനയുടെ അടിസ്ഥാന ഭാഗമാണ്.’
ഈ വിധി നിയമപ്രകാരമുള്ളതാണെന്നും വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ലെന്നും അതില്‍ പറയുന്നുണ്ട്. 17-ാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ ഭൂമിതര്‍ക്കം അയോധ്യയിലുണ്ടായിരുന്നെന്നു പറയുന്ന വാര്‍ത്താക്കുറിപ്പില്‍ പക്ഷേ ബാബ്‌റി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ചു പരാമര്‍ശമില്ല.
അയോധ്യാക്കേസ് അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യക്കെതിരെ വിവിധ രാഷ്ട്രനേതാക്കള്‍ കഴിഞ്ഞദിവസങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ മനോഭാവത്തില്‍ നിന്നു മുന്നോട്ടുപോകണമെന്നും ബഹുസ്വരതയാണു ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ശക്തിയെന്നും കഴിഞ്ഞ ദിവസം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദല്‍ഹിയില്‍ ഒരു യോഗത്തില്‍ പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കശ്മീര്‍ പ്രശ്‌നത്തിനെതിരെ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലും രംഗത്തെത്തിയിരുന്നു. കശ്മീരിലെ ജനങ്ങളുടെ അവസ്ഥ നല്ല രീതിയിലല്ലെന്നും ഇതു മെച്ചപ്പെടേണ്ടതുണ്ടെന്നുമായിരുന്നു ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ അവര്‍ പറഞ്ഞത്.
ഐക്യരാഷ്ട്രസഭയുടെ നിരീക്ഷകരെയും നയതന്ത്ര സമൂഹത്തെയും കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഇന്ത്യയിലെത്തിയപ്പോള്‍ ഫിന്‍ലന്‍ഡ് വിദേശകാര്യ മന്ത്രി പെക്കാ ഹാവിസ്‌തോയുടെ പരാമര്‍ശം.