| Thursday, 9th January 2025, 11:57 am

'ഞാനും പെട്ടു'; ടൊവിനോ-ബേസില്‍ ക്ലബ്ബിലേക്ക് ഇനി വി. ശിവന്‍കുട്ടിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ അമളി പറ്റി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സമ്മേളനത്തില്‍ അതിഥിയായെത്തിയ നടന്‍ ആസിഫ് അലിക്ക് കൈകൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് മന്ത്രിക്ക് അമളി പറ്റിയത്. ആസിഫ് അലി മന്ത്രിയെ ശ്രദ്ധിക്കാതെ കടന്നുപോകുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ മന്ത്രി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ‘ഞാനും പെട്ടു’ എന്ന വാചകത്തോടെയാണ് വി. ശിവന്‍കുട്ടി വീഡിയോ പങ്കുവെച്ചത്.

ആസിഫ് അലിക്ക് പുറമെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, നടന്‍ ടൊവിനോ തോമസ് തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

ടൊവിനോയുടെ സാന്നിധ്യമാണ് സംഭവത്തിന്റെ ഹൈലൈറ്റ് ആയതെന്ന് മന്ത്രി വീഡിയോ പങ്കുവെച്ചതോടെ പ്രതികരണങ്ങള്‍ ഉയര്‍ന്നു.

യുവതയുടെ മനസ്, ടൊവിനോ-ബേസില്‍ ക്ലബ്ബിലേക്ക് മന്ത്രിക്കും സ്വാഗതം, ഇത് ബേസിലിന്റെ പണിയാണ്, ബേസില്‍ ശാപം തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. മന്ത്രി പങ്കുവെച്ച വീഡിയോ ‘ട്രെന്‍ഡിനൊപ്പം’ എന്ന മനോഭാവത്തോടെയാണ് ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്.

നേരത്തെ കേരള സൂപ്പര്‍ ലീഗ് ഫൈനലിന്റെ സമ്മാനദാന ചടങ്ങില്‍ പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിച്ചുനില്‍ക്കുന്ന സമയത്ത് ഒരു കളിക്കാരന്‍ പൃഥ്വിരാജിന് മാത്രം കൈകൊടുത്ത് പോയത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു.

മുമ്പ് മരണമാസ് എന്ന ചിത്രത്തിന്റെ പൂജയുടെ സമയത്ത് ടൊവിനോക്ക് ഇത്തരത്തില്‍ അബദ്ധം പറ്റിയപ്പോള്‍ ബേസില്‍ അതിനെ ട്രോളിയതുമായി ബന്ധപ്പെട്ടാണ് സംഭവം ചര്‍ച്ചയായത്.

പിന്നാലെ നടന്മാരായ മമ്മൂട്ടി. സൂരജ് വെഞ്ഞാറമൂട് എന്നിവര്‍ക്കും ഇത്തരത്തില്‍ അബദ്ധം പറ്റിയിരുന്നു. ഈ ക്ലബിലേക്കാണ് മന്ത്രി വി. ശിവന്‍കുട്ടിയും ഇപ്പോള്‍ എത്തിയിരിക്കുന്നത്.

അതേസമയം തൃശൂരാണ് 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കീരീടം ചൂടിയത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. 1008 പോയിന്റുമായാണ് തൃശൂര്‍ ഒന്നാം സ്ഥാനം നേടിയത്.

1007 പോയിന്റുകളോടെ പാലക്കാടാണ് രണ്ടാം സ്ഥാനത്തെത്തിയത്. 1999ന് ശേഷമാണ് തൃശൂരിന് കപ്പ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ കണ്ണൂര്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1003 പോയിന്റിനാണ് കണ്ണൂര്‍ മൂന്നാം സ്ഥാനത്തായത്.

Content Highlight: ‘Me too’; V. Sivankutty now to Tovino-Basil club

We use cookies to give you the best possible experience. Learn more