| Wednesday, 10th October 2018, 4:49 pm

'മീടു' ക്രിക്കറ്റിലേക്കും; അര്‍ജുന രണതുംഗ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ഇന്ത്യന്‍ വിമാനജീവനക്കാരിയുടെ വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ലോകത്താകമാനം ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നു മീടു ക്യാംപെയ്ന്‍ ക്രിക്കറ്റിലേക്കും. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍നായകനും ലോകകപ്പ് ജേതാവുമായ അര്‍ജുന രണതുംഗയ്‌ക്കെതിരെയാണ് ലൈംഗികപീഡനാരോപണം ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യക്കാരിയായ മുന്‍ വിമാനജീവനക്കാരിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മുംബൈയിലെ ഹോട്ടല്‍ മുറിയില്‍വെച്ച് രണതുംഗ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ശ്രീലങ്കയുടെ ഇന്ത്യാ പര്യടനത്തിനിടെയായിരുന്നു സംഭവം.

സന്ദര്‍ശന വേളയില്‍ രണതുംഗ അനുവാദം കൂടാതെ തന്റെ ശരീരത്തില്‍ കയറിപിടിച്ചുവെന്നും സംഭവം ഹോട്ടല്‍ അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ അലംഭാവം കാണിക്കുകയാണ് ഉണ്ടായതെന്നും ഇവരുടെ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു.

ALSO READ: ശബരിമല വിധിക്ക് പിന്നില്‍ ആര്‍.എസ്.എസ്; കേസ് നടത്തിയത് അമിത് ഷായോട് അടുപ്പമുള്ള വനിതാ നേതാക്കള്‍: കടകംപള്ളി സുരേന്ദ്രന്‍

1996 ല്‍ രണതുംഗയ്ക്ക് കീഴിലാണ് ശ്രീലങ്ക ലോകകപ്പ് ജേതാക്കളായത്. 93 ടെസ്റ്റില്‍ നിന്ന് 5105 റണ്‍സും 269 ഏകദിനങ്ങളില്‍ നിന്ന് 7456 റണ്‍സും നേടിയിട്ടുണ്ട്.

ഹോളിവുഡില്‍ നിന്നാരംഭിച്ച മീടു ക്യാംപെയ്ന്‍ ഇന്ന് ലോകത്താകമാനം ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ കേന്ദ്രമന്ത്രി എം.ജെ അക്ബര്‍, സംവിധായകന്‍ നാനാ പടേക്കര്‍, കേരളത്തിലെ കൊല്ലം എം.എല്‍.എയും സിനിമാതാരവുമായ മുകേഷ് എന്നിവര്‍ക്കെതിരയെും മീടു ക്യാംപെയ്‌നിന്റെ ഭാഗമായി ലൈംഗികാരോപണം ഉയര്‍ന്നിട്ടുണ്ട്.

ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും താന്‍ മാനസികമായി പീഡനം നേരിട്ടിരുന്നുവെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കടുത്ത ക്രിക്കറ്റ് ആരാധികയായ എന്റെയൊരു സുഹൃത്ത് മുംബൈയിലെ ജുഹു സെന്ററിന്റെ എലവേറ്ററില്‍വച്ച് ഇന്ത്യയുടെയും ശ്രീലങ്കയുടെയും ടീമംഗങ്ങളെ കണ്ടു. ഇതോടെ റൂമുകളില്‍പ്പോയി താരങ്ങളുടെ ഓട്ടോഗ്രാഫ് വാങ്ങിക്കാം എന്നായി അവള്‍. അവളുടെ സുരക്ഷയുടെ കാര്യമോര്‍ത്തപ്പോള്‍ ഞാനും കൂടി ഒപ്പം ചെല്ലാന്‍ തീരുമാനിച്ചു.

അവിടെയെത്തിയ ഞങ്ങള്‍ക്ക് എന്തോ കുടിക്കാന്‍ തന്നു. ഞാന്‍ വേണ്ടെന്നു പറഞ്ഞു. കയ്യില്‍ കരുതിയിരുന്ന കുപ്പിവെള്ളം മാത്രമേ ഉപയോഗിച്ചുള്ളൂ. റൂമില്‍ അവര്‍ ഏഴു പേരുണ്ടായിരുന്നു. ഇപ്പുറത്ത് ഞങ്ങള്‍ രണ്ടുപേരും. അവര്‍ വാതിലടച്ച് താഴിട്ടതോടെ എനിക്കു ഭീതിയായി. അസ്വസ്ഥയായ ഞാന്‍ എത്രയും വേഗം മടങ്ങാമെന്ന് സുഹൃത്തിനോടു പറഞ്ഞു.

എന്നാല്‍ ക്രിക്കറ്റ് താരങ്ങളെ അടുത്തുകണ്ട ആവേശത്തിലായിരുന്നു അവള്‍. നീന്തല്‍ക്കുളത്തിനു സമീപത്തുകൂടി നടന്നിട്ടുവരാമെന്ന് അവള്‍ പറഞ്ഞു. അപ്പോള്‍ സമയം വൈകീട്ട് ഏഴു മണിയായിരുന്നു. ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ കാണാവുന്ന ദൂരത്തെങ്ങും ഉണ്ടായിരുന്നില്ല. നീന്തല്‍ക്കുളത്തിന്റെ സമീപത്ത് കാര്യമായ വെളിച്ചവും ഉണ്ടായിരുന്നില്ല.

ഇതിനിടെ അവിടെയുണ്ടായിരുന്ന രണതുംഗ എന്നെ കയറിപ്പിടിച്ചു. അരയില്‍ കൈ ചുറ്റിയ അയാള്‍ എന്റെ നെഞ്ചിനരികിലൂടെ വിരലോടിച്ചു. ഭയന്നുപോയ ഞാന്‍ ശബ്ദമുയര്‍ത്തി. അയാളെ തൊഴിക്കുകയും കാലില്‍ ചവിട്ടുകയും ചെയ്തു. പൊലീസില്‍ പരാതിപ്പെടുമെന്നും പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്നും അയാളെ ഭീഷണിപ്പെടുത്തിയ ഞാന്‍ ഹോട്ടലിന്റെ റിസപ്ഷനിലേക്ക് ഓടി.

കിതച്ചോടിയെത്തിയ ഞാന്‍ സംഭവം അവിടെയുണ്ടായിരുന്നവരെ അറിയിച്ചു. എന്നാല്‍, ഇതു നിങ്ങളുടെ സ്വകാര്യ കാര്യമാണെന്നായിരുന്നു അവരുടെ പ്രതികരണം. സംഭവത്തില്‍ ഇടപെടാന്‍ അവര്‍ കൂട്ടാക്കിയുമില്ല.

We use cookies to give you the best possible experience. Learn more