| Saturday, 13th October 2018, 2:40 pm

രോഗിയെപ്പോലെ നിരവധി സ്ത്രീകളുടെ പിന്നാലെ പോകുന്നയാളാണ് കാര്‍ത്തിക്; ഗായകന്‍ കാര്‍ത്തിക്കിനെതിരെ ലൈംഗിക ആരോപണവുമായി ചിന്‍മയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തിന് പിന്നാലെ ഗായകന്‍ കാര്‍ത്തികിനെതിരെ ഗായിക ചിന്‍മയിയുടെ ലൈംഗിക ആരോപണം. ട്വിറ്ററിലൂടെയാണ് കാര്‍ത്തികിനെതിരെ ചിന്‍മയി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കാര്‍ത്തികിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ “മീ ടു”വിനോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കുമെന്നും കാര്‍ത്തികിനെതിരെയുള്ള പോരാട്ടത്തില്‍ നിരവധി യുവതികള്‍ തനിക്കൊപ്പം നില്‍ക്കുമെന്നും ചിന്‍മയി പറഞ്ഞു.


“കാര്‍ത്തികിന്റെ പേരു വെളിപ്പെടുത്തിയില്ലെങ്കില്‍ മീ ടൂ ക്യാമ്പയിനോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കും. അതില്‍ ഞാനും ഞാനറിയുന്ന പലരും ചേര്‍ന്ന് ഞങ്ങളും(us too) എന്നാണ് പറയേണ്ടത്. പ്രശസ്തി ദുരൂപയോഗം ചെയ്തിട്ടേയുള്ളൂ അദ്ദേഹം. രോഗിയെപ്പോലെ നിരവധി സ്ത്രീകളുടെ പിന്നാലെ പോകുന്നയാളാണ് അദ്ദേഹം. അതും ഒരേ ദിവസത്തില്‍, ഒരു കുറ്റബോധം പോലുമില്ലാതെ.. സംഗീത ലോകത്തെ സുഹൃത്തുക്കള്‍ക്ക് മാത്രമല്ല, മറ്റു സ്ത്രീ സുഹൃത്തുക്കള്‍ക്കും അശ്ലീല ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളിലൂടെ കൈമാറുന്നതും അദ്ദേഹം പതിവാക്കി. പ്രശസ്തനായതിനാല്‍ അതെല്ലാം ഒളിച്ചുവെച്ചു. പേരു പറയാതെ പല പെണ്‍കുട്ടികളും കാര്‍ത്തിക്കിനെതിരെ സന്തോഷത്തോടെ പറയും “മീ ടൂ”- ചിന്‍മയി പറയുന്നു.

അതേസമയം, കാര്‍ത്തികിനെതിരെ ലൈംഗികരോപണവുമായി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതി തനിക്കയച്ച സന്ദേശം ഉള്‍പ്പെടുത്തി മാധ്യമപ്രവര്‍ത്തക സന്ധ്യാമേനോന്‍ ട്വീറ്റ് ചെയ്തിരുന്നു. സന്ധ്യാമേനോന്റെ ട്വീറ്റ് ഉള്‍പ്പെടുത്തിയായിരുന്നു ചിന്‍മയിയുടെ ട്വീറ്റ്. “തൊടാന്‍ ആഗ്രഹിക്കുന്നുവെന്നും നിന്നെ ഓര്‍ത്ത് സ്വയംഭോഗം ചെയ്തിട്ടുണ്ടെന്ന്” കാര്‍ത്തിക് പറഞ്ഞതായി യുവതിയുടെ സന്ദേശത്തില്‍ പറയുന്നു.


also read:  സവര്‍ണ്ണരേ….എന്തുകൊണ്ട് പന്തളം രാജകുടുംബത്തില്‍ ഒരു അയ്യപ്പന്‍ വര്‍മ ഇല്ലാതെ പോയി: ചോദ്യവുമായി സന്ദീപാനന്ദ ഗിരി


തന്റെ ആരോപണത്തിന്റെ നിജസ്ഥിതി അറിയാന്‍ തന്റെ അമ്മയെ വിളിക്കുന്നത് നിര്‍ത്തണമെന്നും മാധ്യമപ്രവര്‍ത്തകരോട് ചിന്‍മയി അഭ്യര്‍ത്ഥിച്ചു. “അവര്‍ക്ക് 69 വയസുണ്ട്. ഈ പ്രായത്തില്‍ ഇത്രയും സമര്‍ദ്ദം താങ്ങാന്‍ അവര്‍ക്ക് കഴിയില്ല. ദയവായി അവരെ വിളിക്കുന്നത് അവസാനിപ്പിക്കൂ” ചിന്‍മയി പറഞ്ഞു.

വൈരമുത്തുവിനെതിരെ ഉന്നയിച്ച് ആരോപണത്തില്‍ ചിന്‍മയി ഉറച്ചു നിന്നിരുന്നു. തന്റെ കരിയറിന്റെ തുടക്കത്തില്‍ നേരിട്ട ദുരനുഭവം വര്‍ഷങ്ങള്‍ക്കു ശേഷം പുറത്തു പറഞ്ഞത് വെറും പ്രശസ്തിക്കു വേണ്ടിയാണെന്ന് ആരോപിക്കുന്നത് തീര്‍ത്തും ബാലിശമാണെന്നും ചിന്‍മയി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more