| Saturday, 13th October 2018, 11:33 am

കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ മി ടൂ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തക

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മലയാളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ മി ടൂ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തക യാമിനി നായര്‍. തന്റെ ഗുരുതുല്യന്‍ കൂടിയായ മാധ്യമപ്രവര്‍ത്തകന്‍ അപമാനിച്ചുവെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ബ്ലോഗിലൂടെയാണ് യുവതി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തുടര്‍ന്ന് സമാന ആരോപണങ്ങള്‍ ഉന്നയിച്ചും യുവതിക്ക് പിന്തുണയുമായും കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

“2005ല്‍ ചെന്നൈയില്‍ ഒരു പത്രത്തില്‍ ജോലി ചെയ്യുമ്പോഴാണ് തിരുവനന്തപുരത്ത് നിന്നും ഫോണ്‍ കോള്‍ വരുന്നത്. അദ്ദേഹം ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ്. കൂടാതെ എനിക്ക് ഗുരുതുല്യനും. ഒരു ഇവന്റിന്റെ മീഡിയ സെന്ററില്‍ ഒരാഴ്ചത്തെ ജോലിക്ക് പോയപ്പോഴാണ് ഇദ്ദേഹത്തെ പരിചയപ്പെടുന്നത്.


ജേര്‍ണലിസം ബിരുദാനന്തര ബിരുദധാരി എന്ന നിലയില്‍ പ്രാക്റ്റിക്കലിനേക്കാളും തിയറിയാണ് കൂടുതല്‍ അറിയുന്നത്. ഞാന്‍ അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേയ്ക്ക് മാറിയ ശേഷവും ആദ്ദേഹവുമായി ഞാന്‍ കോണ്ടാക്റ്റ് സൂക്ഷിച്ചിരുന്നു.

അദ്ദേഹം ചെന്നൈയില്‍ വന്നപ്പോള്‍ എന്നെ കാണണമെന്ന് പറഞ്ഞു വിളിച്ചിരുന്നു. നാട്ടില്‍ നിന്നും വന്ന ഒരാളെ കാണാന്‍ പോകുന്നതില്‍ വല്ലാത്ത സന്തോഷം തോന്നിയിരുന്നു. നാട്ടില്‍ നിന്നും ആദ്യമായി വിട്ടു നില്‍ക്കുന്നതിനാല്‍ നാടുമായി ബന്ധപ്പെട്ട എല്ലാം എനിക്ക് മിസ് ചെയ്തിരുന്നു.

അന്ന് എനിക്ക് 26 വയസായിരുന്നു. അദ്ദേഹത്തിനു 40 വയസില്‍ കൂടുതലും. അദ്ദേഹം താമസിക്കുന്ന ഗസ്റ്റ് ഹൗസിലേയ്ക്ക് എന്നെ ഉച്ചഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. അവിടുത്തെ റസ്റ്റോറന്റില്‍ നിന്നും ഞങ്ങള്‍ ഭക്ഷണം കഴിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം നമ്മുക്ക് റൂമിലിരുന്ന് സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ എനിക്ക് ഒരപകടവും തോന്നിയില്ല. കാരണം അദ്ദേഹം എന്റെ അധ്യാപകനായിരുന്നു. കൂടാതെ പുറം ലോകത്തെക്കുറിച്ച് വളരെ ചെറിയ അറിവായിരുന്നു എനിക്കുണ്ടായിരുന്നത്.


ഞാന്‍ അദ്ദേഹത്തിന്റെ റൂമിലൂടെ നടന്ന് ജനാലക്കരികില്‍ നിന്നു. അദ്ദേഹം എന്റെ പുറകിലൂടെ വന്ന് തോളില്‍ പിടിച്ച് പിന്‍ കഴുത്തില്‍ ചുംബിച്ചു. ഭയന്ന് തിരിഞ്ഞപ്പോള്‍ അദ്ദേഹം നെറ്റിയില്‍ ഉമ്മവെച്ചു. ആ സ്ഥലം എനിക്ക് നേരിട്ട അപമാനം കൊണ്ട് കത്തി ചാമ്പലായി എന്നാണ് എനിക്ക് തോന്നിയത്.

വളരെ ആഴത്തില്‍ മുറിവേറ്റാണ് അവിടെ നിന്നും ഞാന്‍ തിരിച്ചു പോന്നത്. നുംഗബക്കത്തുള്ള ഹോസ്റ്റലില്‍ എത്തുന്നത് വരെ കരയാതിരിക്കാനായി ഞാന്‍ ശ്രമിച്ചു. നടന്ന സംഭവം എന്റെ റൂം മേറ്റിനോടും ഒരു സുഹൃത്തിനോടും പറഞ്ഞു. അദ്ദേഹവുമായി ഇനി കോണ്ടാക്റ്റ് വെക്കേണ്ട എന്ന് അവര്‍ പറഞ്ഞു. സംഭവം വളരെ ആഴത്തില്‍ എന്നെ വേദനിപ്പിച്ചെന്നും അദ്ദേഹവുമായി കോണ്ടാക്റ്റ് സൂക്ഷിക്കാന്‍ താല്‍പ്പര്യമില്ലെന്നും കാണിച്ച് ഒരു നീണ്ട മെയില്‍ അദ്ദേഹത്തിനയച്ചു. ഞാന്‍ “അത്തരത്തില്‍ ഒന്നും” വിചാരിച്ചില്ലെന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്.

13 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തെ കണ്ടുമുട്ടുമ്പോള്‍ അതേ സ്ഥാപനത്തില്‍ ഉയര്‍ന്ന പദവിയില്‍ ജോലിയെടുക്കുകയാണ്. ഇന്ന് ഞാന്‍ ആ സംഭവത്തെ എന്റെ ഓര്‍മയില്‍ നിന്നും കത്തിച്ചു കളഞ്ഞിട്ടുണ്ട്. ആ ട്രോമയെ തരണം ചെയ്തിട്ടുമുണ്ട്. ഇപ്പോള്‍ ഇതെല്ലാം തുറന്നു പറയാന്‍ ഒരു പ്ലാറ്റ്‌ഫോം ഉണ്ടെന്ന് വിശ്വസിക്കുന്നതു കൊണ്ട് ഷെയര്‍ ചെയ്യുന്നു”.


തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടേയും ചൂഷണങ്ങളുടേയും തുറന്നുപറച്ചിലുകള്‍ എന്ന നിലയ്ക്കാണ് മി ടൂ എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയാ ക്യാംപെയ്ന്‍ ആരംഭിച്ചത്. കഴിഞ്ഞദിവസങ്ങളില്‍ രാഷ്ട്രീയ, മാധ്യമ, സാംസ്‌കാരികമേഖലയിലെ പ്രമുഖര്‍ക്കെതിരെ തുറന്നുപറച്ചിലുകളുമായി നിരവധി സ്ത്രീകള്‍ മുന്നോട്ടുവന്നിരുന്നു.

We use cookies to give you the best possible experience. Learn more