| Saturday, 20th October 2018, 6:24 pm

'എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേര്‍ത്ത് പിടിച്ചു'; നടന്‍ അര്‍ജുനെതിരെ മി ടൂ ആരോപണവുമായി യുവനടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ് സൂപ്പര്‍ താരം അര്‍ജുനെതിരെ മി ടൂ ആരോപണം. യുവനടി ശ്രുതി ഹരിഹരനാണ് അര്‍ജുനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ലൊക്കേഷനില്‍ അന്‍പതോളം വരുന്ന ക്രൂ മെമ്പേഴ്സിന് മുന്നില്‍ വച്ചാണ് അര്‍ജുന്‍ തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് ശ്രുതി ഫേസ്ബുക്കില്‍ കുറിച്ചു.

“അര്‍ജുന്‍ സര്‍ജ നായകനായ ദ്വിഭാഷാ ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടു വളര്‍ന്ന ഒരാളെന്ന നിലയില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരത്തില്‍ ഞാന്‍ വളരെയധികം ആവേശഭരിതയായിരുന്നു. ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയായാണ് ഞാന്‍ അഭിനയിക്കുന്നത്. ഒരു ദിവസം ഞങ്ങള്‍ക്കൊരു പ്രണയരംഗം ചിത്രീകരിക്കണമായിരുന്നു.


ചെറിയൊരു സംഭാഷണത്തിനുശേഷം ഞങ്ങള്‍ ആലിഗനം ചെയ്യുന്ന രംഗമായിരുന്നു അത്. റിഹേഴ്സലിന്റെ സമയത്ത് ഡയലോഗ് പറഞ്ഞ് അര്‍ജുന്‍ ആലിംഗനം ചെയ്തു. മുന്‍കൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെയാണ് അദ്ദേഹം അതു ചെയ്തത്. എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേര്‍ത്ത് പിടിച്ച്, ഇതുപോലെ ചെയ്യുന്നത് നല്ലതല്ലേയെന്ന് സംവിധായകനോട് ചോദിച്ചു. ഞാന്‍ ഭയപ്പെട്ടുപോയി.

സിനിമയില്‍ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതിനോട് പൂര്‍ണ യോജിപ്പുള്ള വ്യക്തിയാണ് ഞാന്‍. പക്ഷേ, ഇക്കാര്യം തീര്‍ത്തും തെറ്റായി തോന്നി. അദ്ദേഹത്തിന്റെ ഉദ്ദേശം പ്രൊഫഷണലായിരിക്കാം. എന്നാല്‍ അദ്ദേഹം ചെയ്തത് ഞാന്‍ വെറുത്തു. അപ്പോഴെന്തു പറയണം എന്നറിയാതെ എനിക്ക് ദേഷ്യം വന്നു.

ചിത്രത്തിന്റെ സംവിധായകന് എന്റെ അസ്വസ്ഥത മനസിലായി. റിഹേഴ്സലുകള്‍ക്ക് താല്‍പ്പര്യമില്ലെന്നും നേരെ ടേക്ക് പോകാമെന്നും സംവിധാന ക്രൂവിനെ ഞാന്‍ അറിയിച്ചു. എന്റെ മേയ്ക്കപ്പ് ടീമിനോടും ഈ സംഭവം ഞാന്‍ പങ്കുവെച്ചു. ചുരുങ്ങിയത് അന്‍പതോളം പേരടങ്ങുന്ന ഷൂട്ടിങ് സംഘത്തിനു മുന്‍പിലാണ് ഇതു സംഭവിച്ചത്. എന്റെ ജോലിസ്ഥലത്താണ് ഇതു സംഭവിച്ചത്.


അദ്ദേഹത്തിന്റെ പ്രൊഫഷണലല്ലാത്ത സമീപനത്തോട് സഹിഷ്ണുത വച്ചുപുലര്‍ത്തുന്നതിനെക്കാളും ഒഴിഞ്ഞുമാറാന്‍ ഞാന്‍ ആഗ്രഹിച്ചു. കരാര്‍ ഒപ്പിട്ടിട്ടുള്ളതിനാല്‍ ചെയ്യേണ്ട ജോലി പൂര്‍ത്തീകരിക്കണമായിരുന്നു. ചിത്രീകരണത്തിനിടയില്‍ അദ്ദേഹം പറഞ്ഞ കുത്തുവാക്കുകള്‍ എന്റെ തൊഴില്‍ അന്തരീക്ഷത്തെ അസഹ്യമാക്കി. ഷൂട്ടിന് ശേഷം അദ്ദേഹത്തെ ചെന്ന് കാണാനുള്ള ക്ഷണങ്ങളും ഉണ്ടായിരുന്നു.

സിനിമയുടെ ചിത്രീകരണത്തെ ബാധിക്കാതിരിക്കുന്നതിനായി അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ അവഗണിക്കാന്‍ ഞാന്‍ ശ്രമിച്ചത് ഓര്‍ത്തുപോകുന്നു. അദ്ദേഹം ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും, അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ അവസാനിപ്പിക്കാതെ തുടരുന്നതില്‍ അമ്പരന്നിട്ടും, ഞാന്‍ സൗഹാര്‍ദപൂര്‍ണമായ അകലം പാലിച്ചു”- ശ്രുതി പറയുന്നു.

We use cookies to give you the best possible experience. Learn more