നടന്‍ അലയന്‍സിയറിനെതിരേ മി ടൂ: തുടര്‍ച്ചയായി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന് യുവനടി
me too
നടന്‍ അലയന്‍സിയറിനെതിരേ മി ടൂ: തുടര്‍ച്ചയായി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന് യുവനടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th October 2018, 6:23 pm

കോഴിക്കോട്: നടന്‍ അലയന്‍സിയറില്‍ നിന്നും തുടര്‍ച്ചയായി ദുരനുഭവങ്ങള്‍ ഉണ്ടായതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവനടി. ഒരു സിനിമയുടെ സെറ്റില്‍ വെച്ച് അലയന്‍സിയര്‍ തുടര്‍ച്ചയായി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന് യുവനടി വെളിപ്പെടുത്തുന്നു. താമസിച്ചിരുന്ന ഹോട്ടലിന്റെ മുറിയില്‍ മദ്യപിച്ച് പല പ്രാവശ്യം വരികയും ശല്യപ്പെടുത്തുകയും ചെയ്‌തെന്നും യുവനടി വ്യക്തമാക്കുന്നു.

സ്ത്രീകളുടെ ശരീരത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചും അലയന്‍സിയര്‍ മോശമായി വര്‍ണിക്കുകയും ലൈംഗിക ദാരിദ്രം പിടിച്ച ഒരാളെപ്പോലെ പെരുമാറുകയും ചെയ്‌തെന്ന് യുവതിയുടെ വെളിപ്പെടുത്തലിലുണ്ട്. സംവിധായകന്‍ ഇടപെട്ടതോടെ സെറ്റില്‍ എന്നും മദ്യപിച്ച് വരികയും ഷൂട്ടിങ്ങിന് പ്രശ്‌നമുണ്ടാക്കുകയും അഭിനേതാകളെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും യുവതി പറയുന്നു. ഇന്ത്യ പ്രോട്ടസറ്റ്‌സ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയാണ് യുവതിയുടെ വെളിപ്പെടുത്തല്‍.


“ഞാന്‍ ഒരു അഭിനേതാവാണ്, ഒരു തുടക്കക്കാരിയും അവിവാഹിതയുമാണ്. അടുപ്പമുള്ളവരുടെ അടുത്തു പോലും സ്വത്വം തെളിയിക്കാന്‍ പോരാടുന്ന ഒരു സ്ത്രീയെന്ന നിലയില്‍ എന്തുകൊണ്ടാണ് അജ്ഞാതയായി തുടരുന്നതെന്ന് ഞാന്‍ വ്യക്തമാക്കാം.

ഞാന്‍ നാല് സിനിമ ചെയ്തിട്ടുണ്ട്. അതില്‍ ഒന്ന് അലയന്‍സിയറുടെ ഒപ്പമാണ്. എനിക്കുറപ്പുണ്ട് ഇത് ഞങ്ങളുടെ അവസാനത്തെ സിനിമയാണെന്ന്. അദ്ദേഹത്തെ അടുത്ത് പരിചയപ്പെടുന്നതു വരെ എനിക്ക്് വളരെ ആദരവുള്ള കലാകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പുരോഗമനവും സ്വതന്ത്രവുമായ സമീപനം അദ്ദേഹത്തിന്റെ ലൈംഗിക വൈകൃത മുഖം നമുക്ക് മുമ്പില്‍ മറച്ചു വെക്കാനുള്ള മുഖമൂടിയായിരുന്നു.

ഞാനും അലയന്‍സിയറും മറ്റൊരു നടനും ഭക്ഷണം കഴിക്കുമ്പോഴാണ് എനിക്ക് ആദ്യ ദുരനുഭവം ഉണ്ടാകുന്നത്. അദ്ദേഹത്തെക്കാളും ഉയര്‍ന്ന താരങ്ങള്‍ സ്ത്രീകളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് എന്റെ മുലകളിലേയ്ക്ക് കാമാര്‍ത്തിയോടെ നോക്കികൊണ്ട് വിവരിച്ചു കൊണ്ടിരുന്നു. ഞാന്‍ അസ്വസ്ഥയായി. കൂടുതല്‍ സാമൂഹികമാകാനും അനായാസമായി കാര്യങ്ങള്‍ കാണാനും അയാള്‍ എനിക്ക് ഉപദേശം തന്നുകൊണ്ടിരുന്നു. ഞാന്‍ അതിന് പ്രതികരിച്ചില്ല. പക്ഷേ, അവിടെ ഞാന്‍ സുരക്ഷിതയല്ലെന്ന് എനിക്ക് തോന്നി.

അടുത്ത അനുഭവം എനിക്ക് വല്ലാത്ത ആഘാതമായിരുന്നു. സഹ നടിയായ ഒരു സ്ത്രീയുടെ കൂടെ എന്റെ മുറിയിലേയ്ക്ക് അയാള്‍ കടന്നുവന്നു. എന്നിട്ട് ഒരു കലാകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും നമ്മുടെ ശരീരത്തെ അറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും എന്നെ ഉപദേശിച്ചു. എനിക്ക് നാടക പശ്ചാത്തലമുണ്ടായിട്ടു പോലും ഞാന്‍ ദുര്‍ബലയാണെന്നു പറഞ്ഞ് അയാള്‍ അപമാനിച്ചു.


മൂന്നാമത്തെ അനുഭവം എനിക്ക് ആര്‍ത്തവമായിരിക്കുമ്പോഴാണ്. വളരെയധികം ക്ഷീണിതയായതിനാല്‍ സംവിധായകനോട് അനുവാദം ചോദിച്ച് ഒരു ബ്രൈക്കെടുത്ത് ഞാന്‍ എന്റെ റൂമിലേയ്ക്ക് പോയി. റൂമില്‍ വിശ്രമിക്കുമ്പോള്‍ കതക് മുട്ടുന്ന ശബ്ദം കേട്ടു. കീ ഹോളിലൂടെ പുറത്തേക്ക് നോക്കി. അത് അലയന്‍സിയര്‍ ആയിരുന്നു. എനിക്ക് പരിഭ്രമമായി. ഞാന്‍ സഹായത്തിനു വേണ്ടി സംവിധായകനെ വിളിച്ചു. അവിടേയ്ക്ക് ആളെ അയക്കാമെന്നും അദ്ദേഹം പറഞ്ഞു. അലയന്‍സിയര്‍ വീണ്ടും കതകില്‍ മുട്ടാനും ചവിട്ടാനും തുടങ്ങി.

റൂമില്‍ നിന്നും ഓടിപ്പോകാം എന്ന് കണക്കാക്കി ഞാന്‍ വാതില്‍ തുറക്കാന്‍ തീരുമാനിച്ചു. അവിടെ സംഭവിക്കുന്ന കാര്യങ്ങള്‍ സംവിധായകനെ അറിയിക്കാന്‍ അദ്ദേഹത്തെ ഫോണില്‍ കോളില്‍ ഇട്ടു. കതകു തുറന്നതും അലയന്‍സിയര്‍ എന്നെ റൂമിലേയ്ക്ക് തള്ളിയിട്ട് വാതിലടച്ചു. അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. അയാള്‍ എന്റെ ബെഡിലിരുന്ന് നാടക കലാകാരന്‍ എങ്ങനെയാവണമെന്ന അയാളുടെ സിദ്ധാന്തങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. ആരോ റൂമിന്റെ ബെല്ലടിച്ചു. വാതില്‍ തുറന്നപ്പോള്‍ അത് സഹസംവിധായകരില്‍ ഒരാളായിരുന്നു. അടുത്ത ഷോട്ട് അലയന്‍സിയരുടേതാണെന്ന് പറഞ്ഞു. സെറ്റിലുള്ള എല്ലാവരും അയാളെ കാത്തിരിക്കുകയാണെന്നും പറഞ്ഞു.

നാലാമത്തെ അനുഭവം, ഒരു സുഹൃത്ത് ഭക്ഷണം കഴിക്കാന്‍ വിളിച്ചു. അലയന്‍സിയറും അവിടെ ഉണ്ടായിരുന്നു. അയാള്‍ ഒരു മീന്‍ കറി ഓര്‍ഡര്‍ ചെയ്തു, എന്നിട്ട്, എങ്ങനെയാണ് ഒരു മീനിന്റെ ശരീരവും സ്ത്രീയുടെ ശരീരവും ബന്ധപ്പെട്ടു കിടക്കുന്നതെന്ന് വിവരിക്കാന്‍ തുടങ്ങി. ഇത് ്‌കേട്ടതും ഞാനും സുഹൃത്തും അവിടെ നിന്നും എണീറ്റ് പോയി. അതേ ദിവസം ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ലൈംഗിഗ ദാരിദ്യമുള്ള ആളെപ്പോലെ അയാള്‍ ഗോഷ്ടികള്‍ കാണിച്ചു കൊണ്ടിരുന്നു.


അതേ ദിവസം വൈകുന്നേരം ഒരു പാര്‍ട്ടി ഉണ്ടായിരുന്നു. ഞാന്‍ അയാളെ കാണുമ്പോള്‍ അയാള്‍ സ്ത്രീകളോട് ലൈംഗികതയെ കുറിച്ചും ശരീരത്തെ കുറിച്ചും വിവരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അയാള്‍ എന്റെ നേരെ വന്നതും ഞാന്‍ അവഗണിച്ചു.

പിറ്റെ ദിവസവും അയാള്‍ കതകില്‍ മുട്ടി. അന്ന് റൂമില്‍ എന്റെ സുഹൃത്തും ഉണ്ടായിരുന്നു. 6 മണിയായിരുന്നു സമയം. അവള്‍ പോയി വാതില്‍ തുറന്നു. എന്തൊക്കെയോ സംസാരിച്ച് അയാള്‍ പോയി. സുഹൃത്ത് കുളിക്കാനും പോയി. എന്നാല്‍ വാതില്‍ അടക്കാന്‍ മറന്നിരുന്നു. വീണ്ടും അയാള്‍ റൂമിലേയ്ക്ക് വന്നു. എന്റെ കൂടെ കിടക്കാന്‍ ശ്രമിച്ചു. ഞാന്‍ ഒച്ചവെച്ചുകൊണ്ടിരുന്നു. എന്റെ സുഹൃത്ത് അത്‌കേട്ട് വന്നതും “ഞാന്‍ വെറുതെ തമാശക്ക്് ചെയ്തതാണെ”ന്ന് പറഞ്ഞ് അയാള്‍ പോയി.

കാര്യങ്ങള്‍ ഞാന്‍ സുഹൃത്തിനോട് പറഞ്ഞു. വീണ്ടു കാര്യങ്ങള്‍ സംവിധായകനോട് തുറന്നു പറഞ്ഞു. സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു അത്. സംവിധായകന്റെ ഇടപെടലില്‍ അലയനന്‍സിയര്‍ അസ്വസ്ഥനാവുകയും ദേഷ്യം കാണിക്കുകയും ചെയ്തു. പിന്നീടുള്ള എല്ലാ ഷോട്ടുകളും അയാള്‍ തെറ്റിക്കുകയും സെറ്റില്‍ മദ്യപിച്ചു വരികയും കൂടെ അഭിനയിക്കുന്നവരെ അപമാനിക്കുകയും ചെയ്തു.

എനിക്കറിയാം ഈ സിനിമയിലും മറ്റുള്ള സിനിമകളിലും സ്ത്രീകള്‍ക്ക് അലയന്‍സിയറില്‍ നിന്നും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടാവും. ഈ ട്രോമയില്‍ നിന്നും പുറത്തു കടക്കാനും ഇത് എഴുതാനും വളരെയധികം സമയമെടുത്തു. സമാനമായ അനുഭവം ഉണ്ടായവര്‍ തുറന്നുപറയാന്‍ ധാരാളം സമയം എടുക്കട്ടെ”.