| Friday, 5th July 2019, 2:02 pm

രാജ്യദ്രോഹക്കുറ്റം; വൈക്കോയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവും മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ ) അധ്യക്ഷനുമായ വൈക്കോക്ക് രാജ്യദ്രോഹക്കേസില്‍ ഒരു വര്‍ഷം തടവ്.

ചെന്നൈ കോടതിയാണ് ശിക്ഷ വിധിച്ചത്. വിധിയില്‍ അപ്പീല്‍ നല്‍കുവനായി ഒരു മാസത്തെ സമയം വൈക്കോയ്ക്ക് കോടതി അനുവദിച്ചിട്ടുണ്ട്.

2009 ല്‍ തന്റെ പുസ്തക പ്രകാശന ചടങ്ങിനിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

”എല്‍.ടി.ടി.ഇക്കെതിരെ ശ്രീലങ്കയില്‍ നടക്കുന്ന യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യ ഒരൊറ്റ രാജ്യമായി അവശേഷിക്കില്ല ‘ എന്നായിരുന്നു വൈക്കോഅന്ന് പറഞ്ഞത് ‘നാന്‍ കുറ്റം സാത്ത്കിറേന്‍ ‘ (ഞാന്‍ കുറ്റം ആരോപിക്കുന്നു) എന്ന തന്റെ പുസ്തകപ്രകാശന ചടങ്ങിനിടെയായിരുന്നു
പരാമര്‍ശം.

ഡി.എം.കെയായിരുന്നു വൈക്കോയ്‌ക്കെതിരെ അന്ന് കേസ് ഫയല്‍ ചെയ്തത്. ഇന്ത്യയുടെ അഖണ്ഡതക്കെതിരെ സംസാരിച്ചുവെന്നതായിരുന്നു വൈക്കോക്കെതിരായ കുറ്റം.

എന്നാല്‍ ഡി.എം.കെയുടെ സഖ്യകക്ഷിയാണ് ഇന്ന് എം.ഡി.എം.കെ. രാജ്യസഭാ അംഗത്തെ തെരഞ്ഞെടുക്കാനുള്ള അംഗസംഖ്യ എം.ഡി.എം.കെക്കില്ലെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സഖ്യധാരണ പ്രകാരം ഡി.എം.കെ പിന്തുണയോടെ രാജ്യസഭാ അംഗമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു വൈക്കോ.

രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നാളെയായിരുന്നു. 15 വര്‍ഷത്തിനിപ്പുറം പാര്‍ലമെന്റില്‍ എത്താനുള്ള തയ്യാറെടുപ്പില്‍ കൂടിയായിരുന്നു വെക്കോ.

ഡി.എം.കെ യിലായിരുന്നപ്പോള്‍ മൂന്നു തവണ രാജ്യസഭാ അംഗമായിട്ടുള്ള വൈക്കോ രണ്ടു തവണ ലോക്‌സഭാ അംഗവുമായിട്ടുണ്ട്. രണ്ട് തവണയും ശിവകാശിയില്‍ നിന്നായിരുന്നു അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

മുന്‍പ് 2002 ല്‍ നിരോധിത സംഘടനയായ എല്‍.ടി.ടി.ഇ യെ പിന്തുണച്ച് പ്രസംഗിച്ചുവെന്ന കുറ്റത്തിന് വൈക്കോയെ ജയലളിത സര്‍ക്കാര്‍ തീവ്രവാദ വിരുദ്ധ നിയമമായ (pota) പോട്ടക്ക് കീഴിലെ വകുപ്പുകള്‍ ചുമത്തി വെല്ലൂര്‍ ജയിലിലടച്ചിരുന്നു. 2014 ലാണ് ആ കേസ് പിന്‍വലിച്ചത്.

We use cookies to give you the best possible experience. Learn more