രണ്ട് ദശകത്തിന് ശേഷം എം.ഡി.എം.കെ നേതാവ് വൈക്കോ വീണ്ടും രാജ്യസഭയിലേക്ക്. തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷിയായ ഡി.എം.കെ ഒരു രാജ്യസഭ സീറ്റ് എം.ഡി.എം.കെയ്ക്ക് നല്‍കാന്‍ തീരുമാനിച്ചതോടെയാണ് വൈക്കോക്ക് വീണ്ടും രാജ്യസഭയിലേക്കുള്ള വഴി തെളിഞ്ഞത്.
ഡി.എം.കെക്ക് വിജയിക്കാന്‍ കഴിയാവുന്ന മൂന്ന് സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ രണ്ട് സീറ്റില്‍ ഡി.എം.കെ നോമിനികള്‍ മത്സരിക്കും. മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പി. വില്‍സണും തൊഴിലാളി നേതാവ് എം. ഷണ്‍മുഖനുമാണ് വൈക്കോയെ കൂടാതെയുള്ള മറ്റ് സ്ഥാനാര്‍ത്ഥികള്‍.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് ഡി.എം.കെയുടെ സഹായം തേടിയിരുന്നു. എന്നാല്‍ ഡി.എം.കെ ഈ ആവശ്യം പരിഗണിക്കാതെയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ജൂണ്‍ 14ന് മന്‍മോഹന്‍ സിംഗിന്റെ രാജ്യസഭ കാലാവധി അവസാനിച്ചിരുന്നു.
ആറ് രാജ്യസഭ സീറ്റുകളിലേക്കാണ് തമിഴ്‌നാട്ടില്‍ മത്സരം നടക്കുന്നത്. ജൂലൈ 18ന് തെരഞ്ഞെടുപ്പ് നടക്കും. ജൂലൈ 8 വരെയാണ് നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാനാവുക. ഭരണകക്ഷിയായ എ.ഐ.ഡി.എം.കെക്കും മൂന്ന് പേരെയാണ് ഉറപ്പായും വിജയിക്കാനാവുക.