രോഗികളെ പിഴിയുന്ന ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും കടിഞ്ഞാണിടാന്‍ ശുപാര്‍ശകളുമായി പാര്‍ലമെന്റ് സമിതി
Daily News
രോഗികളെ പിഴിയുന്ന ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും കടിഞ്ഞാണിടാന്‍ ശുപാര്‍ശകളുമായി പാര്‍ലമെന്റ് സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th March 2016, 7:30 am

mci ന്യൂദല്‍ഹി: മെഡിക്കല്‍ വിദ്യാഭ്യാസത്തെയും പ്രഫഷനെയും നിയന്ത്രിക്കുന്നവര്‍ എന്ന നിലയില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പൂര്‍ണ പരാജയമാണെന്ന് പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റി. അതിനാല്‍ മെഡിക്കല്‍ കൗണ്‍സിലിനെ പൂര്‍ണമായും പൊളിച്ചെഴുതേണ്ടതുണ്ടെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണോ മെഡിക്കല്‍ കൗണ്‍സില്‍ രൂപീകരിച്ചത് ആ നിയമം ഉപേക്ഷിച്ച് എത്രയും പെട്ടെന്ന് പുതിയ നിയമം കൊണ്ടുവരണമെന്നും സ്റ്റാന്റിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തു.

ചൊവ്വാഴ്ച രാജ്യസഭയില്‍ സമര്‍പ്പിച്ച കമ്മിറ്റി റിപ്പോര്‍ട്ടിലാണ് മെഡിക്കല്‍ കൗണ്‍സിലിനെ രൂക്ഷമായി വിമര്‍ശിക്കുന്നത. ആരോഗ്യമന്ത്രാലയത്തിനെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. ഈ സ്ഥിതിഗതികളെല്ലാം മിണ്ടാതെ നോക്കിനില്‍ക്കുക മാത്രമാണ് ആരോഗ്യമന്ത്രാലയം ചെയ്തതെന്നും ഇത് ഇല്ലാതാക്കാനുള്ള യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

മെഡിക്കല്‍ കോളജുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ മാത്രമാണ് എം.സി.ഐയുടെ ശ്രദ്ധമുഴുവന്‍. മെഡിക്കല്‍ എത്തിക്‌സിന്റെ കാര്യത്തില്‍ യാതൊരു ശ്രദ്ധയും പുലര്‍ത്തുന്നില്ല. മെഡിക്കല്‍ വിദ്യാഭ്യാസ രംഗവും മെഡിക്കല്‍ പ്രഫഷന്റെ എത്തിക്‌സ് നിലനിര്‍ത്തുന്ന കാര്യവും രണ്ടായി വിഭജിക്കണമെന്നും അങ്ങനെയെങ്കില്‍ മാത്രമേ ഓരോ മേഖലയ്ക്കും പ്രത്യേക ശ്രദ്ധ നല്‍കാന്‍ കഴിയൂവെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.

ശസ്ത്രക്രിയ, മരുന്നു കുറിക്കല്‍, പരിശോധനകള്‍, രോഗചികിത്സ എന്നിവയില്‍ ഡോക്ടര്‍മാരുടെ ചൂഷണം നിയന്ത്രിക്കാന്‍ പാകത്തില്‍ മെഡിക്കല്‍ പ്രാക്ടീസ് സ്വതന്ത്രമായ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നുണ്ട്.

മരന്നു കമ്പനികളുടെയും ആശുപത്രി മാനേജ്‌മെന്റിന്റെയും പ്രേരണയ്ക്കു വഴങ്ങി മരുന്നു കുറിക്കുകയും പരിശോധനകള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നവരെ കരിമ്പട്ടികയില്‍ പെടുത്തണം.  അനാവസ്യ ചികിത്സ വിധിക്കുന്ന സ്വകാര്യ ക്ലിനിക്കല്‍ സ്ഥാപനങ്ങളെ ഓഡിറ്റിങ് വഴി നിയന്ത്രിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു.