Advertisement
Education
അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ കോളേജുകളില്‍ ഇത്തവണ മെഡിക്കല്‍ പ്രവേശനം ഇല്ല; സമ്മര്‍ദ്ദത്തിലായി വിദ്യാര്‍ത്ഥികള്‍
ഗോപിക
2018 Jun 05, 09:51 am
Tuesday, 5th June 2018, 3:21 pm

പ്രൊഫഷണല്‍ കോഴ്‌സുകളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള നയങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്. നീറ്റ് പരീക്ഷാഫലം പുറത്തുവന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കോളേജുകളുടെ പ്രവേശനം അവതാളത്തിലായിരിക്കുന്നത്.

നിലവില്‍ രണ്ട് സര്‍ക്കാര്‍ കോളേജുകളുള്‍പ്പെടെയുള്ള കേരളത്തിലെ മൊത്തം 12 മെഡിക്കല്‍ കോളേജുകളിലാണ് ഇത്തവണ മെഡിക്കല്‍ പ്രവേശനത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങള്‍ കുറവായതിനാലാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കാന്‍ കാരണമെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിലപാട്. ഈ നിലപാട് സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.


ALSO READ: ഫീസ് വര്‍ധനവ് ചോദ്യം ചെയ്താല്‍ ടി സി; അസ്സീസ്സി വിദ്യാനികേതനെതിരെ പ്രതിഷേധം ശക്തമാക്കി രക്ഷിതാക്കള്‍


എന്നാല്‍ ഈ നിലപാട് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠന സാധ്യതയെയാണ് ഇല്ലാതാക്കുന്നത്. മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ അക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നതാണ് ഈ ഉത്തരവിന് പിന്നിലെ പ്രധാന കാരണം.

നിലവില്‍ ആദ്യ ബാച്ചിലേക്ക് പ്രവേശനം നടത്താന്‍ സര്‍ക്കാരിനെ സമീപിച്ച കോളേജുകള്‍ക്കാണ് ഈ ഉത്തരവ് തിരിച്ചടിയായത്. അനുമതി തേടിയ കേരളത്തിലെ മൂന്ന് കോളേജുകള്‍ക്കും പ്രവേശനാനുമതി നിഷേധിച്ചിരിക്കയാണ്. ഈ കോളേജുകള്‍ കൂടാതെ നിലവില്‍ ഒമ്പത് കോളേജുകള്‍ക്കാണ് ഉത്തരവ് തിരിച്ചടിയായത്.

ഇത്തരത്തില്‍ സര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ച് കേരളത്തില്‍ ഇടുക്കി, പാലക്കാട് തുടങ്ങിയ ജില്ലകളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ നൂറു സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കും. അത്തരത്തില്‍ സംസ്ഥാനത്തെ 1500 ലധികം മെഡിക്കല്‍ കോളേജുളില്‍ പ്രവേശനം നടക്കില്ലെന്നും സീറ്റുകളില്‍ ഈ അധ്യയനവര്‍ഷം പ്രവേശനം നടത്താന്‍ സാധിക്കില്ലെന്നുമാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.


ALSO READ: ബുദ്ധന്റെ ചിത്രമുള്ള മാല ധരിച്ചതിന് യുവാവിനെതിരെ വിദ്വേഷ പ്രചരണവുമായി മുസ്‌ലിം വര്‍ഗീയവാദികള്‍; ചേകന്നൂരിന് സംഭവിച്ചത് ഓര്‍മ്മയുണ്ടല്ലോയെന്ന് പരോക്ഷ ഭീഷണി


“സര്‍ക്കാര്‍ നടപടി ഏറെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും നീറ്റ് പരീക്ഷാഫലം വന്ന് വിദ്യാര്‍ഥികള്‍ പ്രവേശനത്തിനായി കാത്തിരിക്കുന്ന അവസരത്തില്‍ ഈ നടപടി പുനപരിശോധിക്കേണ്ടതാണ്. കേരളത്തിലെ 12 മെഡിക്കല്‍ കോളേജുകള്‍ക്കാണ് അനുമതി നിഷേധിച്ചത്. എന്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും അത് ബാധിക്കുന്നത് വിദ്യാര്‍ഥികളുടെ തുടര്‍പഠന സാധ്യതകളാണ്.

മറ്റൊരു പ്രധാന വസ്തുത ഉത്തരവനുസരിച്ച് ഇനി മുതല്‍ കേരളത്തില്‍ സീറ്റിന്റെ എണ്ണം കുറഞ്ഞതിനാല്‍ മെഡിക്കല്‍ സീറ്റുകള്‍ക്കായുള്ള മത്സരം കനക്കുന്നതാണ്”. ഇത് വിദ്യാര്‍ഥികളുടെ എം.ബി.ബി.എസ് സ്വപ്‌നമെന്ന സാധ്യതയെ തന്നെ ഇല്ലാതാക്കുന്നുവെന്നും തിരുവനന്തപുരം ജില്ലാ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുന്ന ദേവിക.ആര്‍ പറയുന്നു.

അതേസമയം നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പത്തൊമ്പതിനായിരത്തിലധികം മെഡിക്കല്‍ സീറ്റുകളിലാണ് ഇപ്പോള്‍ പ്രവേശനം നിര്‍ത്തിവച്ചിരിക്കുന്നത്. രാജ്യത്തെ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച 68 കോളേജുകള്‍ക്കും നിലവില്‍ കഴിഞ്ഞ അധ്യയനവര്‍ഷം വരെ പ്രവേശനം നടത്തിയിരുന്ന 82 കോളേജുകളിലുമാണ് ഇത്തവണ സര്‍ക്കാര്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. നിലവിലെ 68 കോളേജുകളില്‍ 31 എണ്ണവും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളാണ്. സീറ്റ് വര്‍ധിപ്പിക്കാനായി സമീപിച്ച കോളേജുകള്‍ക്കും വിഷയത്തില്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

അനുമതി നിഷേധിക്കാനുള്ള പ്രധാന കാരണമായി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിരീക്ഷിക്കുന്നത് ഇവയാണ്

നിലവില്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ഉന്നത സ്ഥാപനമാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇപ്പോള്‍ പുറത്തുവന്ന ഉത്തരവ് പ്രകാരം തീരുമാനത്തിന് പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ടെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ സാക്ഷ്യപ്പെടുത്തുന്നത്. പ്രവേശനത്തിനായി സമീപിച്ച സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ക്ക് തുടര്‍ന്ന് പ്രവേശനം നടത്താന്‍ അര്‍ഹതയില്ല. അതിന് പ്രധാന കാരണം മെഡിക്കല്‍ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാന്‍ തക്ക അടിസ്ഥാന സൗകര്യങ്ങള്‍ ഈ കോളേജുകളില്‍ ഇല്ലാ എന്നതാണ്. ഒരു മെഡിക്കല്‍ കോളേജിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയാണ് പ്രവേശനം നടത്താനൊരുങ്ങുന്നത്. ഇത്തരത്തില്‍ നൂറിലധികം സീറ്റുകളില്‍ പ്രവേശനം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു എം.സി.ഐയുടെ വാദം. ഇതാണ് ഉത്തരവിന് പിന്നിലെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വാദം.

“മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന കാര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവാദിത്തം കൂടിയാണിത്. ഇത്തരം അലംഭാവം വിദ്യാര്‍ത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ്. പ്രവേശനം നടത്തുന്ന കോളേജുകളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞെങ്കില്‍ ഒരുപക്ഷെ ഇന്നുണ്ടായ ഉത്തരവ് ഒഴിവാക്കാമെന്നായിരുന്നു തിരുവനന്തപുരം ജില്ലാശുപത്രി ഡോക്ടറായിരുന്ന അജയകുമാര്‍ അഭിപ്രായപ്പെട്ടത്.


ALSO READ: വധഭീഷണിയുമായി ബന്ധുക്കള്‍; അര്‍ധരാത്രി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി കമിതാക്കള്‍


സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പാലക്കാട്, കെ.എം.സി.ടി മെഡിക്കല്‍ കോളേജ്, എസ്.ആര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, പി കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കേരള മെഡിക്കല്‍ കോളേജ് പാലക്കാട്, മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ പത്തനംതിട്ട, അല്‍അസര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ തൊടുപുഴ, ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ സി.എസ്.ഐ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ തിരുവനന്തപുരം, ഡി.എം വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വയനാട് എന്നിവയ്ക്കാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നിഷേധിച്ചത്. പ്രവേശനം അനിശ്ചിതത്വത്തിലായതോടെ ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. മാത്രമല്ല ഉത്തരവിനെതിരെ സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ്.

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.