ക്വാല ലംപൂർ: ഇസ്രഈലുമായി ബന്ധമുള്ള ഉത്പന്നങ്ങളെ ബഹിഷ്കരിക്കുന്ന ബി.ഡി.എസ് പ്രസ്ഥാനത്തിനെതിരെ കേസ് ഫയൽ ചെയ്ത് മക്ഡൊണാൾഡ്സ് മലേഷ്യ.
ഗസയിൽ ഇസ്രഈൽ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നാലെ ആഗോള തലത്തിൽ രൂപപ്പെട്ട ബഹിഷ്കരണ പ്രചരണമാണ് ബോയ്കോട്ട്, ഡിവെസ്റ്റ്മെന്റ്, സാങ്ഷൻസ് (ബി.ഡി.എസ്) പ്രസ്ഥാനം.
തെറ്റായതും അപകീർത്തികരവുമായ പരാമർശങ്ങളിലൂടെ ബിസിനസിൽ നഷ്ടമുണ്ടാക്കി എന്നാരോപിച്ച് ആറ് മില്യൺ റിങ്കിറ്റ് (1.3 മില്യൺ യു.എസ് ഡോളർ) ആണ് നഷ്ടപരിഹാരമായി മക്ഡൊണാൾഡ്സ് മലേഷ്യ ആവശ്യപ്പെട്ടത്.
മലേഷ്യയിലെ മക്ഡൊണാൾഡ്‌സിന്റെ ലൈസൻസുള്ള ഗർബാങ് അലാഫ് റെസ്റ്റോറന്റ്സ് (ജി.എ.ആർ) ആണ് കേസ് നൽകിയത്.
മലേഷ്യയിലെ ബി.ഡി.എസ് മുന്നേറ്റം മക്ഡൊണാൾഡ്സിനെ ജനങ്ങൾ ബഹിഷ്കരിക്കാൻ കാരണമായെന്നും ഇതിലൂടെ വലിയ നഷ്ടവുമുണ്ടായെന്നും ജി.എ.ആർ പറയുന്നു.
ഫാസ്റ്റ് ഫുഡ് കമ്പനിയെ അപകീർത്തിപ്പെടുത്തി എന്ന ആരോപണം നിഷേധിച്ച മലേഷ്യൻ ബി.ഡി.എസ് പ്രസ്ഥാനം വിഷയം കോടതിക്ക് വിടുകയാണെന്നും അറിയിച്ചു.
ഗസയിൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇസ്രഈൽ സൈന്യത്തിന് സൗജന്യമായി ഭക്ഷണം എത്തിച്ചുനൽകാൻ വേണ്ടി മാത്രം മക്ഡൊണാൾഡ്സ് ഔട്ട്‌ലെറ്റുകൾ ആരംഭിച്ചിരുന്നു. ഇസ്രഈൽ സൈനികർക്ക് സൗജന്യ ഭക്ഷണവും കഴിവുകളും റെസ്റ്റോറന്റ് ഗ്രൂപ്പ് വാഗ്ദാനം ചെയ്തു.
തുടർന്നാണ് ലോകവ്യാപകമായി ഭക്ഷ്യ ശ്യംഖല ബഹിഷ്കരണം നേരിടാൻ തുടങ്ങിയത്. ഗൾഫ് രാജ്യങ്ങളിലെ മക്ഡൊണാൾഡ്സ് ഗ്രൂപ്പുകൾ തങ്ങൾ ഗസക്കൊപ്പമാണെന്ന പ്രഖ്യാപനം നടത്തി മുന്നോട്ട് വന്നെങ്കിലും ഫലമുണ്ടായില്ല.
Content Highlight: McDonald’s Malaysia sues Israel boycott movement for $1 million in damages