| Thursday, 6th June 2024, 10:40 pm

മക്‌ഡൊണാള്‍ഡ്‌സിന് വീണ്ടും തിരിച്ചടി; 'ബിഗ് മാക്' ട്രേഡ്മാര്‍ക്കിന് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌സംബര്‍ഗ് സിറ്റി: മക്‌ഡൊണാള്‍ഡ്‌സിന് വീണ്ടും തിരിച്ചടി. ‘ബിഗ് മാക്’ എന്ന പേര് ഉപയോഗിക്കുന്നുവെന്ന തര്‍ക്കത്തിലാണ് കമ്പനി തിരിച്ചടി നേരിട്ടത്. മക്‌ഡൊണാള്‍ഡ്‌സിന് ബിഗ് മാക് എന്ന പേര് ബ്രാന്‍ഡിങ്ങിനായി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ കോടതി ഉത്തരവിട്ടു. ഐറിഷ് ഫാസ്റ്റ് ഫുഡ് നിര്‍മാതാക്കളായ സൂപ്പര്‍മാക്കിന്റെ പരാതിയിലാണ് നടപടി.

ദീര്‍ഘകാലത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് കേസില്‍ കോടതി അന്തിമവിധി പുറപ്പെടുവിക്കുന്നത്. ബിഗ് മാക് എന്ന പേര് ഉപയോഗിച്ചാല്‍ ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തിലാകുമെന്ന് ആരോപിച്ച് മക്‌ഡൊണാള്‍സാണ് ആദ്യം രംഗത്തെത്തിയത്.

തുടര്‍ന്ന് സൂപ്പര്‍മാക് നല്‍കിയ അപേക്ഷ യൂറോപ്യന്‍ യൂണിയന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസ് നിരസിക്കുകയായിരുന്നു. നിലവില്‍ സൂപ്പര്‍മാക് പുതുതായി സമര്‍പ്പിച്ച അപ്പീലിലാണ് കോടതി ഉത്തരവ്.

ടേക്ക് എവേ ഫുഡ്, ഡ്രൈവ് ത്രൂ സൗകര്യങ്ങള്‍ എന്നിവ അടക്കമുള്ള ബ്രാന്‍ഡിങ് റെസ്റ്റോറന്റ് സേവനങ്ങളുമായി ബന്ധപ്പെട്ട് ബിഗ് മാക്കിന്റെ ലേബല്‍ മക്‌ഡൊണാള്‍ഡിന് അവകാശമുണ്ടോ എന്നതിലും കോടതി വാദം കേട്ടിരുന്നു.

ഈ തീരുമാനത്തിനെതിരെ മക്‌ഡൊണാള്‍ഡ്‌സിന് യൂറോപ്പിലെ പരമോന്നത കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കഴിയുമെന്നും കോടതി നിര്‍ദേശിച്ചു.

കോടതി വിധിയെ തുടര്‍ന്ന് സൂപ്പര്‍മാക്കിന്റെ സ്ഥാപകന്‍ പാറ്റ് മക്ഡൊണാഗ് പ്രതികരണവുമായി രംഗത്തെത്തി. മാക് എന്ന കുടുംബപ്പേരുള്ള ആര്‍ക്കും ഈ കോടതി ഉത്തരവ് വലിയ വിജയമാണെന്നായിരുന്നു പ്രതികരണം.

ബിഗ് മാക് സോസ്, ബീഫ് പാറ്റികള്‍, ചീസ് തുടങ്ങിയവ ഉപയോഗിച്ച് നിര്‍മിക്കുന്ന ഒരു ഹാംബര്‍ഗറാണ് ബിഗ് മാക്. ബീഫ്, ചിക്കന്‍ എന്നിവ ഉപയോഗിച്ചുള്ള സാൻഡ്‌വിച്ചുകൾക്ക് മക്ഡൊണാള്‍ഡ് ഈ പേര് ഉപയോഗിക്കുന്നതായി കോടതി സ്ഥിരീകരിക്കുകയും ചെയ്തു. നിയമപ്രകാരം ഒരു സ്ഥാപനം അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഒരു പേര് ഉപയോഗിച്ചിട്ടില്ലെങ്കില്‍ അത് റദ്ദാക്കപ്പെടും.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് വേണ്ടി, സൂപ്പര്‍മാക് യൂറോപ്യന്‍ യൂണിയനില്‍ കമ്പനിയുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയതോടെയാണ് തര്‍ക്കം ഉടലെടുത്തത്.

ഫലസ്തീനില്‍ യുദ്ധം നടത്തുന്ന ഇസ്രഈലിന് പിന്തുണ നല്‍കിയതിന് പിന്നാലെ ബഹിഷ്‌കരണാഹ്വാനം നേരിട്ട കമ്പനി കൂടിയാണ് മക്‌ഡൊണാള്‍സ്. ഇതിനുപിന്നാലെ കമ്പനി 2024ന്റെ ആദ്യ വാരങ്ങളില്‍ വലിയ സാമ്പത്തിക നഷ്ടവും നേരിട്ടിരുന്നു.

Content Highlight: McDonald’s loses Chicken Big Mac trademark in Europe

We use cookies to give you the best possible experience. Learn more