ഗസ യുദ്ധത്തെ തുടർന്നുള്ള ബോയ്കോട്ട് ക്യാമ്പയിൻ സാമ്പത്തിക ആഘാതങ്ങളുണ്ടാക്കി: മക്ഡൊണാൾഡ്സ്
World News
ഗസ യുദ്ധത്തെ തുടർന്നുള്ള ബോയ്കോട്ട് ക്യാമ്പയിൻ സാമ്പത്തിക ആഘാതങ്ങളുണ്ടാക്കി: മക്ഡൊണാൾഡ്സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th January 2024, 9:25 am

ഗസ: ഗസയിലെ സംഘർഷത്തെ തുടർന്നുണ്ടായ ബഹിഷ്കരണ പ്രചാരണങ്ങളിൽ മക്ഡൊണാൾഡ്‌സിന് കഴിഞ്ഞ വർഷം സാമ്പത്തികമായി ആഘാതങ്ങൾ ഉണ്ടായെന്ന് കമ്പനി സി.ഇ.ഒ ക്രിസ് കെംചിൻസ്കി.

കഴിഞ്ഞ ദിവസം ലിങ്ക്ഡ് ഇന്നിൽ കമ്പനിക്ക് കഴിഞ്ഞ വർഷം ഉണ്ടായ നേട്ടങ്ങളെ കുറിച്ച് പറയുമ്പോഴാണ് മിഡിൽ ഈസ്റ്റിലും പുറത്തുള്ള ചില പ്രദേശങ്ങളിലും കനത്ത ബിസിനസ് ആഘാതം നേരിടുന്നതായി ക്രിസ് കെംചിൻസ്കി പറഞ്ഞത്‌ ഗസ യുദ്ധത്തിന്റെയും അതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളുമാണ് കാരണമെന്നാണ് കെംചിൻസ്കി പറയുന്നത്.

‘ഇത് ഹൃദയ ഭേദകവും തെറ്റായ കാര്യവുമാണ്. മുസ്‌ലിം രാജ്യങ്ങളിൽ ഉൾപ്പെടെ ഞങ്ങൾ പ്രവർത്തിക്കുന്ന എല്ലാ രാജ്യങ്ങളിലും പ്രാദേശിക ഉടമസ്ഥരാണ് അഭിമാനത്തോടെ മക്ഡൊണാൾഡ്സിനെ പ്രതിനിധീകരിക്കുന്നത്.

തങ്ങളുടെ സമൂഹത്തിന് പിന്തുണയ്ക്കുവാനും സേവിക്കുവാനുമായി അവർ അക്ഷീണം പ്രയത്നിക്കുന്നു. തങ്ങളുടെ രാജ്യത്തെ ആയിരക്കണക്കിന് ജനങ്ങൾക്ക് അവർ തൊഴിൽ നൽകുന്നു,’ കെംചിൻസ്കി പറഞ്ഞു.

മിഡിൽ ഈസ്റ്റിൽ യുദ്ധം ബാധിച്ചവരുടെ കുടുംബത്തോടൊപ്പമാണ് മക്ഡൊണാൾഡ്സിൽ ഉള്ളവരുടെ ഹൃദയമെന്നും എല്ലാ തരത്തിലുമുള്ള വിദ്വേഷ പ്രസ്താവനകൾക്കെതിരെയും തങ്ങൾ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ബഹിഷ്കരണത്തെ തുടർന്നുണ്ടായ നഷ്ടത്തിന്റെ കണക്കുകൾ കെംചിൻസ്കി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ മാസം അവസാനം റിപ്പോർട്ട് പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ.

ഒക്ടോബറിൽ ഗസയിലെ ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കെ സൈനികർക്കും പൊലീസുകാർക്കും ഇസ്രയേലി മക്ഡോണാൾഡ്സ് സൗജന്യ ഭക്ഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭക്ഷ്യ ശൃംഖലയ്ക്ക് നേരെ ബോയ്കോട്ട് ക്യാമ്പയിൻ രൂക്ഷമായത്.

തുടർന്ന് ഒമാൻ, തുർക്കി, സൗദി അറേബ്യ, ലെബനൻ, കുവൈത്ത്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ ഫ്രാഞ്ചൈസികൾ ഗസക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് സഹായങ്ങൾ കൈമാറിയിരുന്നു.

ബിസിനസിലെ വമ്പൻ നഷ്ടം ചൂണ്ടിക്കാട്ടി മലേഷ്യയിലെ മക്ഡൊണാൾഡ്സ് ഫ്രാഞ്ചൈസിയായ ജി.എ.ആർ ബഹിഷ്കരണ പ്രസ്ഥാനമായ ബി.ഡി.എസിനെതിരെ കേസ് നൽകിയിരുന്നു. 1.31 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ്.

Content Highlight: McDonald’s hurt by Israel-related boycott – CEO