| Saturday, 16th March 2024, 5:50 pm

ബഹിഷ്‌ക്കരണ ആഹ്വാനങ്ങള്‍ക്കിടയില്‍ വില്‍പനയില്‍ ഇടിവ് നേരിട്ട് മക്‌ഡൊണാള്‍ഡ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ബഹിഷ്‌ക്കരണ ആഹ്വാനങ്ങള്‍ക്കിടയില്‍ അന്താരാഷ്ട്ര വില്‍പനയില്‍ ഇടിവ് നേരിട്ട് റെസ്റ്റോറന്റ് ശൃംഖല മക്‌ഡൊണാള്‍ഡ്‌സ്. ഗസയിലെ ഫലസ്തീനികള്‍ക്ക് പിന്തുണ നല്‍കികൊണ്ടുള്ള ബഹിഷ്‌ക്കരണങ്ങള്‍, സമാന രീതിയില്‍ തുടര്‍ന്നാല്‍ ശൃംഖലയ്ക്ക് കൂടുതല്‍ നഷ്ടം നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വില്‍പനയില്‍ കഴിഞ്ഞ മൂന്ന് മാസത്തേതില്‍ നിന്ന് മാര്‍ച്ചില്‍ കമ്പനിക്ക് വന്‍ ഇടിവുണ്ടായിട്ടുണ്ടെന്ന് മക്ഡൊണാള്‍ഡിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ ഇയാന്‍ ബോര്‍ഡന്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടന്ന യു.ബി.എസ് ഗ്ലോബല്‍ കണ്‍സ്യൂമര്‍ ആന്റ് റീട്ടെയില്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ബോര്‍ഡന്‍.

ഹമാസിനെതിരെ യുദ്ധം ശക്തമാക്കിയതോടെ ഇസ്രഈല്‍ സൈന്യത്തിന് ആഹാരം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് മക്‌ഡൊണാള്‍ഡ്‌സ് രംഗത്തെത്തിയിരുന്നു. ഇസ്രഈല്‍ സൈന്യത്തിന്റെ ട്രൂപ്പുകളിലും ആശുപത്രികളിലും സൗജന്യമായി ആയിരക്കണക്കിന് ഭക്ഷണപ്പൊതികളാണ് പ്രഖ്യാപനത്തെ തുടര്‍ന്ന് കമ്പനി നല്‍കിയത്.

തുടര്‍ന്ന് റെസ്റ്റോറന്റ് ശൃംഖലയുടെ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. വംശഹത്യയില്‍ പങ്കാളികളായ പ്രത്യേകിച്ച് നിരപരാധികളുടെ ജീവനെടുക്കുന്നതിന് കാരണമാകുന്ന കമ്പനികളെ പിന്തുണക്കുന്നത് തെറ്റാണെന്നും മക്‌ഡൊണാള്‍ഡ്‌സിനെ ബഹിഷ്‌കരിക്കണമെന്നും സമൂഹ മാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നു.

ഗസയിലെ ജനങ്ങള്‍ക്ക് പകരം ഇസ്രഈല്‍ സൈന്യത്തിനാണ് മക്‌ഡൊണാള്‍ഡ്‌സ് ഭക്ഷണം നല്‍കുന്നതെങ്കില്‍ ആഗോള തലത്തില്‍ മക്‌ഡൊണാള്‍ഡ്‌സിനെ ബഹിഷ്‌ക്കരിക്കണമെന്നായിരുന്നു ആഹ്വാനം.

ആഹ്വാനത്തിന് പിന്നാലെ ലെബനനിലെ സിഡനിലുള്ള ഒരു മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്ലെറ്റിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അതേസമയം തങ്ങളുടെ രാജ്യത്തിനോടും ജനങ്ങളോടും പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും മക്‌ഡൊണാള്‍ഡ്‌സ് ലെബനന്‍ വ്യക്തമാക്കി.

മക്‌ഡൊണാള്‍ഡ്‌സ് ഒമാനും കുവൈറ്റും യു.എ.ഇയും ഫലസ്തീന്‍ പൗരന്മാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Content Highlight: McDonald’s faced fall in sales amid boycott calls

We use cookies to give you the best possible experience. Learn more