ടെൽ അവീവ്: കഴിഞ്ഞ നാല് വർഷത്തിനിടയിൽ ആദ്യമായി ത്രൈമാസ വില്പന ടാർഗറ്റ് നഷ്ടമായതിന് കാരണം ഗസയിലെ ഇസ്രഈൽ യുദ്ധമാണെന്ന് മക്ഡൊണാൾഡ്സ്.
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെയും മലേഷ്യ, ഇന്തോനേഷ്യ പോലുള്ള മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെയും വില്പനയെ യുദ്ധം സാരമായി ബാധിച്ചുവെന്ന് മക്ഡൊണാൾഡ്സ് സി.ഇ.ഒ ക്രിസ് കെംഷിൻസ്കി ഫെബ്രുവരി അഞ്ചിന് പറഞ്ഞു.
യുദ്ധം തുടരുന്നിടത്തോളം കാര്യമായി പുരോഗതി ഉണ്ടാകുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗസയിൽ നടക്കുന്നത് മാനുഷിക ദുരന്തമാണെന്നും തങ്ങളുടേത് പോലുള്ള ബ്രാൻഡുകൾ അതിന്റെ ഭാരം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2023 ഒക്ടോബർ – ഡിസംബർ കാലയളവിൽ മിഡിൽ ഈസ്റ്റ്, ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ കമ്പനിയുടെ വില്പനയിലെ വളർച്ച 0.7 ശതമാനം മാത്രമായിരുന്നു. 5.5 ശതമാനം വളർച്ച പ്രതീക്ഷിച്ചിടത്താണ് ഇത്.
മക്ഡൊണാൾഡ്‌സിന്റെ ഇസ്രഈൽ ഫ്രാഞ്ചൈസി ഇസ്രഈൽ സേനക്ക് സൗജന്യ ഭക്ഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബ്രാൻഡിനെതിരെ മുസ്‌ലിം രാജ്യങ്ങളിൽ ബഹിഷ്കരണാഹ്വാനം നടന്നത്.
തുടർന്ന് സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, യു.എ.ഇ, ജോർദാൻ, ഈജിപ്ത്, ബഹ്‌റൈൻ, തുർക്കി എന്നിവിടങ്ങളിലെ ശാഖകൾ തങ്ങൾ ഫലസ്തീനൊപ്പമാണെന്നും സഹായങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ആഗോള തലത്തിൽ കഴിഞ്ഞ ത്രൈമാസത്തിൽ മക്ഡൊണാൾഡ്‌സിന്റെ വളർച്ച 8.8 ശതമാനമായിരുന്നു. എന്നാൽ ഇപ്പോൾ അത് 3.4 ശതമാനം മാത്രമാണ്.
Content Highlight: McDonald’s blames Israel’s war in Gaza for missing sales target