ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും സ്വാധീനുള്ള പേരുകാരില്‍ ഒരാളാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗതിവിഗതികളില്‍ കാര്യമായ മാറ്റം കൊണ്ടുവന്നയാള്‍ കൂടിയാണ് ഷാ.
ബി.സി.സി.ഐക്ക് പുറമെ എ.സി.സി (ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍)യുടെ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിന് പുറമെ അന്താരാഷ്ട്ര തലത്തിലും ജയ് ഷായ്ക്ക് സ്വാധീനമുണ്ടെന്ന തരത്തില്‍ എം.സി.സി പ്രസിഡന്റ് മാര്‍ക് നിക്കോള്‍സ് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. ‘ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തനായ വ്യക്തി’യെന്നാണ് നിക്കോള്‍സ് ജയ് ഷായെ കുറിച്ച് പറഞ്ഞത്.
പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരമുള്ളതും ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് തന്നെ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്ത മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ അധ്യക്ഷന്‍ ഇക്കാര്യം പറഞ്ഞത്.
അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി തിരുത്തിക്കുറിക്കാന്‍ പോന്ന ജയ് ഷായുടെയും ബി.സി.സി.ഐയുടെയും തീരുമാനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യന്‍ പുരുഷ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ആരെത്തുമെന്നതാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം.
മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനാണ് ഇക്കാര്യത്തില്‍ സാധ്യത കല്‍പിക്കുന്നത്. ഗംഭീറാണ് പരിശീലകനായി എത്തുന്നതെങ്കില്‍ പല വലിയ മാറ്റങ്ങള്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍ 8 മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്.