| Thursday, 14th September 2023, 12:35 pm

ധോണി ഫിനിഷസ് ഇന്‍ സ്റ്റൈല്‍... ലോകകപ്പ് നേടിത്തന്ന സിക്‌സര്‍ വന്നുവീണ സീറ്റുകള്‍ ലേലത്തിന്; പണമുണ്ടാക്കാന്‍ പുതുവഴികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

2011 ലോകകപ്പില്‍ എം.എസ്. ധോണിയുടെ വേള്‍ഡ് കപ്പ് വിന്നിങ് സിക്‌സര്‍ വന്നുപതിച്ച സീറ്റുകള്‍ ലേലത്തില്‍ വെക്കാനൊരുങ്ങി മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍. 2023 ലോകകപ്പില്‍ വാംഖഡെ വേദിയാകുന്ന മത്സരങ്ങള്‍ക്കാണ് ഈ ലേലം നടക്കുക. ഈ സീറ്റിലിരിക്കാന്‍ ആരാധകര്‍ പ്രത്യേകം ലേലത്തില്‍ പങ്കെടുക്കുകയും പണം നല്‍കേണ്ടിയും വന്നേക്കും.

ധോണിയുടെ ഫേമസ് സിക്‌സര്‍ വന്നുപതിച്ച സീറ്റുകള്‍ ‘2011 വേള്‍ഡ് കപ്പ് മെമ്മോറിയല്‍ സീറ്റുകള്‍’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ സീറ്റുകള്‍ വരും ലോകകപ്പില്‍ ലേലത്തിന് വെക്കും എന്നാണ് എം.സി.എയുടെ വെബ്‌സൈറ്റില്‍ പറയുന്നത്.

ഈ നീക്കത്തിലൂടെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ കോടികളുടെ ലാഭമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 28 വര്‍ഷത്തിന് ശേഷം ലോകകപ്പ് ഇന്ത്യയിലേക്കെത്തിച്ച എം.എസ്. ധോണിയുടെ ആ ഷോട്ടിനോട് ആരാധകര്‍ക്കുള്ള സ്‌പെഷ്യല്‍ സെന്റിമെന്റ്‌സ് തന്നെയാണ് ഇതിന് കാരണം.

2011 ലോകകപ്പില്‍ ശ്രീലങ്കന്‍ പേസര്‍ നുവാന്‍ കുലശേഖരയുടെ പന്തില്‍ സിക്‌സര്‍ നേടിയാണ് ധോണി ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്നത്. ഈ ഷോട്ട് വന്നുവീണ ഇടത്ത് സ്മാരകം പണികഴിപ്പിക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു സ്മാരകം പണിയാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് എം.സി.എ പ്രസിഡന്റായ അമോല്‍ കാലെ പറഞ്ഞത്.

‘അവിടെ ഒരു സ്മാരകം പണിയാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ആ ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന ഇടം പ്രത്യേകമായി ഡിസൈന്‍ ചെയ്യുകയും ധോണിയുടെ പേരില്‍ അറിയപ്പെടുകയും ചെയ്യും,’ കാലെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

‘ ആ രണ്ട് സീറ്റുകള്‍ക്കും സ്ഥിരമായി ധോണിയുടെ പേര് തന്നെ നല്‍കും. ‘എം.എസ്. ധോണി സീറ്റ്‌സ്’ എന്നാകും അതറിയപ്പെടുക. വ്യത്യസ്തമായതെന്തെങ്കിലും ചെയ്യാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അവിടെ ഒരു സ്മാരകമുണ്ടാകില്ല, എന്നാല്‍ ആ രണ്ട് സീറ്റുകളും പ്രത്യേകമായി ഡിസൈന്‍ ചെയ്യുകയും അലങ്കരിക്കുകയും ചെയ്യും.

ആ രണ്ട് സീറ്റുകളും സോഫ പോലെ ആയിരിക്കും. പ്രത്യേക ഹോസ്പിറ്റാലിറ്റി സേവനങ്ങളും ഞങ്ങള്‍ ഒരുക്കും. പ്രീമിയം പ്രൈസില്‍ തന്നെയായിരിക്കും ഞങ്ങള്‍ ആ സീറ്റുകള്‍ വില്‍ക്കുക.

പത്ത് ദിവസത്തിനകം ആ ലേലം നടക്കും. ആളുകളില്‍ നിന്നും ഞങ്ങള്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സ്വീകരിക്കുകയും ആളുകള്‍ ലേലത്തില്‍ പങ്കെടുക്കുകയും ചെയ്യും,’ കാലെ കൂട്ടിച്ചേര്‍ത്തു.

സെമി ഫൈനലടക്കം അഞ്ച് മത്സരങ്ങളാണ് ഇത്തവണ വാംഖഡെ സ്റ്റേഡിയത്തില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഒക്ടോബര്‍ 21നാണ് വാംഖഡെയിലെ ആദ്യ മത്സരം. ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയുമാണ് ഈ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ഇതിന് പുറമെ ഒക്ടോബര്‍ 24ന് ബംഗ്ലാദേശ് – സൗത്ത് ആഫ്രിക്ക മത്സരവും നവംബര്‍ ഏഴിന് അഫ്ഗാനിസ്ഥാന്‍ – ഓസ്‌ട്രേലിയ മത്സരവും വാംഖഡെയില്‍ നടക്കും.

നവംബര്‍ ഒന്നിനാണ് വാംഖഡെയില്‍ ഇന്ത്യയുടെ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 2011 ലോകകപ്പ് ഫൈനലിന് സമാനമായി ഇന്ത്യയും ശ്രീലങ്കയുമാണ് ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിലായിരിക്കും എം.എസ്. ധോണി സീറ്റുകള്‍ക്ക് ഏറെ ഡിമാന്‍ഡ് ഉണ്ടാവുക. ഇതിന് പുറമെ ലോകകപ്പിലെ ആദ്യ സെമി ഫൈനലിനും വാംഖഡെയാണ് വേദിയാകുന്നത്.

Content highlight: MCA to auction 2 seats where MS Dhoni’s 2011 World Cup winning six landed

We use cookies to give you the best possible experience. Learn more