| Thursday, 17th May 2012, 9:19 am

ഷാരൂഖ് ഖാന് വാങ്കഡെ സ്‌റ്റേഡിയത്തില്‍ ആജീവനാന്ത വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്


മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഉടമകളിലൊരാളായ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നത് ക്രിക്കറ്റ് അസോസിയേഷന്‍ വിലക്കി. കഴിഞ്ഞദിവസം രാത്രി കൊല്‍ക്കത്ത- മുംബൈ മത്സരത്തിനിടെ വാങ്കഡെ സ്‌റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ഷാരൂഖിനെ തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരുമായി വഴക്കിട്ടതാണ് വിലക്കിന് കാരണം. ഷാരൂഖിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

” മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അദ്ദേഹം വഴക്കു പറയുകയും അപമാനിക്കുകയും ചെയ്തു. ഞങ്ങളുടെ പ്രസിഡന്റ് വിലാസ്‌റാവു ദേശ്മുഖ് ഉള്‍പ്പെടെയുള്ളവരെ. ഭാവിയില്‍ ഈ സ്റ്റേഡിയത്തില്‍ അദ്ദേഹം പ്രവേശിക്കുന്നതിന് ആജീവനനാന്ത വിലക്കേര്‍പ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്” എം.സി.എ ഖജാന്‍ജി രവി സാവന്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം കോല്‍ക്കത്ത – മുംബൈ ഇന്ത്യന്‍സ് മത്സരത്തിനുശേഷം നെറ്റ്‌റൈഡേഴ്‌സിന്റെ വിജയം ആഘോഷിക്കാന്‍ ഗ്രൗണ്ടിലേക്കിറങ്ങാന്‍ ശ്രമിച്ച ഷാരൂഖിനെ സെക്യൂരിറ്റിക്കാര്‍ തടയുകയായിരുന്നു. ഷാരൂഖ് മദ്യപിച്ചതിനാല്‍ ഗ്രൗണ്ടിലിറങ്ങാന്‍ സമ്മതിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്. സുരക്ഷാ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുന്നതുവരെ കാര്യങ്ങള്‍ എത്തി ഈ പ്രശ്‌നം.

” ഷാരൂഖ് നന്നായി മദ്യപിച്ചിരുന്നു. സെക്യൂരിറ്റിക്കാര്‍ അദ്ദേഹത്തെ തടഞ്ഞപ്പോള്‍ അവരെ തള്ളുകയും മോശമായ ഭാഷയില്‍ അസഭ്യം പറയുകയും ചെയ്തു. ” എം.സി.എ പറയുന്നു.

ഇതുസംബന്ധിച്ച് ഷാരൂഖ് ഖാനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പോലീസിനും ബി.സി.സി.ഐയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. എന്തായാലും കിംഗ് ഖാന്റെ വില്ലത്തരത്തിനു ബി.സി.സി.ഐ ഉടന്‍ അന്വേഷിച്ചു നടപടിയെടുക്കുമെന്നാണ് സൂചന.

Latest Stories

We use cookies to give you the best possible experience. Learn more