കോഴിക്കോട്: മുസ്‌ലിം ലീഗ് എം.എല്‍.എ എം.സി കമറുദ്ദിന്‍ പ്രതിയായ ചെറുവത്തൂര്‍ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പില്‍ കുടുങ്ങിയവരിലേറെയും സാധാരണക്കാര്‍. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സംരംഭകരാണ് ദിവസേന പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്.
ഈ സാമ്പത്തിക ക്രമക്കേടിന് നേതൃത്വം നല്‍കിയ നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് പരാതിക്കാരുടെ പ്രധാന ആവശ്യം. ചന്തേര പൊലീസ് സ്‌റ്റേഷനിലെത്തുന്ന പരാതിക്കാരില്‍ ഭൂരിഭാഗം പേരും വീട്ടമ്മമാരാണ്.
ജീവിത സമ്പാദ്യമായി കരുതി തങ്ങളുടെ ഇതുവരെയുള്ള എല്ലാ സമ്പാദ്യവും നിക്ഷേപിച്ച ഇവര്‍ ഇപ്പോള്‍ സ്ഥാപനത്തിനെതിരെ വഞ്ചനക്കുറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ്.
നഷ്ടത്തിലാണെന്ന കാര്യം മറച്ചുവെച്ചാണ് ഫാഷന്‍ ഗോള്‍ഡ് നടത്തിപ്പുകാര്‍ തട്ടിപ്പു കാണിച്ചതെന്ന് ഇവര്‍ പറയുന്നു. ഒരു ലക്ഷം മുതല്‍ ഒരു കോടിവരെ നിക്ഷേപിച്ചവരാണ് ദിവസേന സ്റ്റേഷനില്‍ പരാതിയുമായെത്തുന്നത്.
അതേസമയം കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്. എം.എല്‍.എയ്‌ക്കെതിരെ ഇന്നലെ 14 വഞ്ചന കേസുകള്‍ കൂടി കാസര്‍ഗോഡ് ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പതിന്നാലോളം പേരില്‍ നിന്ന് ഒരു കോടിയലധികം രൂപ വാങ്ങിയെന്നാണ് പുതിയ വിവരം. ഇതോടെ എം.എല്‍.എയ്‌ക്കെതിരെയുള്ള കേസുകളുടെ എണ്ണം 29 ആയി.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എം.സി കമറുദ്ദിന്റെയും മുസ്‌ലിം ലീഗ് നേതാവ് പൂക്കോയതങ്ങളുടെയും വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ജ്വല്ലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞത്.
വഞ്ചനകേസുകള്‍ക്ക് പുറമേ നിക്ഷേപകരുടെ പരാതിയില്‍ എം.എല്‍.എയ്ക്കും പൂക്കോയത്തങ്ങള്‍ക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ ഷാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ശാഖകള്‍ പൂട്ടിയതോടെയാണ് കള്ളാര്‍ സ്വദേശികളായ സൂബീറും, അഷ്‌റഫും നിക്ഷേപമായി നല്‍കിയ 78 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടത്. പണത്തിനായി സമീപിച്ചപ്പോള്‍ എം.എല്‍.എ യും പൂക്കോയത്തങ്ങളും ഒപ്പിട്ട് തങ്ങള്‍ക്കായി അഞ്ച് ചെക്കുകള്‍ നല്‍കി. എന്നാല്‍ ചെക്ക് മാറാന്‍ ശ്രമിച്ചപ്പോള്‍ അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല.
തുടര്‍ന്നാണ് ഇരുവരും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ചെക്ക് തട്ടിപ്പ് കേസില്‍ എം.എല്‍.എയ്ക്കും പൂക്കോയതങ്ങള്‍ക്കുമെതിരെ കോടതി സമന്‍സ് അയച്ചിരിക്കുകയാണ്.