| Tuesday, 8th September 2020, 8:17 am

ജ്വല്ലറി തട്ടിപ്പില്‍ നിയമകുരുക്ക് മുറുകുന്നു; എം.സി കമറുദ്ദീന്‍ എം.എല്‍.എ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന് ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ പ്രതിയായ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീനോട് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ മുസ്‌ലീം ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുക്കുകയും കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് രാജിക്ക് സമ്മര്‍ദമേറിയത്.

മുസ്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുള്ള, സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ സി.ടി. അഹമ്മദലി എന്നിവരുടെ പേരുകളാണ് പുതിയ യു.ഡി.എഫ്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിക്കുന്നത്.

മുന്‍ എം.എല്‍.എ. പി.ബി. അബ്ദുള്‍ റസാഖ് അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് കമറുദ്ദീന്‍ മഞ്ചേശ്വരം മണ്ഡലത്തില്‍നിന്ന് എം.എല്‍.എ. ആയി തെരഞ്ഞെടുക്കപ്പെട്ടത്. അതോടെ ലീഗ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഖമറുദ്ദീന്‍ യു.ഡി.എഫ്. ജില്ലാ ചെയര്‍മാനായി തുടരുകയായിരുന്നു.

എന്നാല്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ പ്രതിയായതോടെ പാര്‍ട്ടി പ്രതിരോധത്തിലായതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

കമറുദ്ദീനെ മുഖ്യപ്രതിയാക്കി ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കുറ്റത്തിനുള്ള കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എം.സി. കമറുദ്ദീന്‍ ചെയര്‍മാനും മുസ്‌ലീം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി അംഗം ടി.കെ. പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായ ചെറുവത്തൂര്‍ ആസ്ഥാനമായ ഫാഷന്‍ ഗോള്‍ഡ് ജൂവലറി എന്ന സ്ഥാപനത്തിലേക്ക് നിക്ഷേപമായി സ്വീകരിച്ച തുക തിരിച്ചുനല്‍കിയില്ലെന്നാണ് പരാതി.

800-ഓളം നിക്ഷേപകരില്‍ നിന്നും 136 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇരുവര്‍ക്കുമെതിരായ ആക്ഷേപം.

ഒരാഴ്ചയ്ക്കിടെ ചന്തേര പൊലീസില്‍ മാത്രമായി 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലും അഞ്ച് പരാതിയുണ്ട്. കണ്ണൂര്‍ ജില്ലയില്‍നിന്നും പരാതി വന്നുതുടങ്ങി. ഈ സാഹചര്യത്തിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ഉത്തരവായത്.

കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ കീഴില്‍ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തിനാണ് ചുമതല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MC Kamarudheen Jewellery Fraud Case

We use cookies to give you the best possible experience. Learn more