| Thursday, 8th April 2021, 10:27 am

മഞ്ചേശ്വരത്ത് സി.പി.ഐ.എമ്മിന്റെ വോട്ട് ബി.ജെ.പിയിലേക്ക് ചോര്‍ന്നു; രാഹുലും പ്രിയങ്കയും എത്താത്തതില്‍ വലിയ വേദനയുണ്ട്: കമറുദ്ദീന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് സി.പി.ഐ.എമ്മിന്റെ വോട്ട് ബി.ജെ.പിയിലേക്ക് ചോര്‍ന്നതായി എം.സി കമറുദ്ദീന്‍ എം.എല്‍.എ. വോട്ട് ചോര്‍ത്തിയത് നേതൃത്വത്തിന്റെ അറിവോടെയാണോ എന്നത് സി.പി.ഐ.എം വ്യക്തമാക്കണമെന്നും കമറുദ്ദീന്‍ പറഞ്ഞു.

‘ഞാന്‍ താഴേക്കിടയില്‍ ബന്ധപ്പെട്ടപ്പോള്‍ കുറച്ചു വോട്ടുകള്‍ സി.പി.ഐ.എം ബി.ജെ.പിക്ക് കൊടുത്തതായി കാണുന്നുണ്ട്. ഇത് നേതൃത്വത്തിന്റെ അറിവോടെയാണോ അതോ സംസ്ഥാന തലത്തിലുള്ള അഡ്ജസ്റ്റ്‌മെന്റിന്റെ ഭാഗമാണോ എന്ന് അവരാണ് പറയേണ്ടത്. യഥാര്‍ത്ഥത്തില്‍ അങ്ങനെ സംഭവിച്ചതായിട്ട് കാണുന്നുണ്ട്.

മറ്റൊന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്‌ലീം കേന്ദ്രങ്ങളിലാണ് കൂടുതല്‍ പ്രവര്‍ത്തിച്ചത്. മറ്റ് കേന്ദ്രങ്ങളിലൊന്നും പോയതായിട്ട് അറിവില്ല. ഉത്സവങ്ങളിലും മറ്റുകാര്യങ്ങളിലുമെല്ലാം നമ്മുടെ മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളാണ് കയറിയിറങ്ങിയത്. പിന്നെ തെരഞ്ഞെടുപ്പിന്റെ അന്നത്തെ ദിവസം കിട്ടിയ റിപ്പോര്‍ട്ട് സി.പി.ഐ.എം കേന്ദ്രങ്ങള്‍ സജീവമല്ലെന്നാണ്. അപ്പോള്‍ യു.ഡി.എഫിന് അവര്‍ വോട്ട് ചെയ്യുമോ, അങ്ങനെയെങ്കില്‍ ആ വോട്ട് എവിടെപ്പോയി? എന്താണ് അവര്‍ സജീവമല്ലാതിരുന്നത്. അതിനൊക്കെ ഉത്തരം പറയേണ്ടതുണ്ട്. പക്ഷേ ഇതിനെയെല്ലാം അതിജീവിച്ച് ഞങ്ങള്‍ ജയിക്കും. അത് വേറെ കാര്യം. പരാജയത്തിന്റെ ആശങ്ക ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇല്ല,’ കമറുദ്ദീന്‍ പറഞ്ഞു.

ബി.ജെ.പിയുമായി നേരിട്ട് മത്സരിക്കുന്ന മഞ്ചേശ്വരത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്താത്തത് പ്രവര്‍ത്തകരില്‍ നിരാശയുണ്ടാക്കിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തുമെന്നായിരുന്നു പ്രവര്‍ത്തകരുടെ പ്രതീക്ഷയെന്നും എം.സി കമറുദ്ദീന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഇവിടെ വന്നിരുന്നു. പക്ഷേ രാഹുലോ പ്രിയങ്കയോ വരണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ആഗ്രഹം. ഒരു ഘട്ടത്തില്‍ സ്ഥാനാര്‍ഥി അഷ്‌റഫ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു രാഹുലിനെ മഞ്ചേശ്വരത്തെ ജനങ്ങള്‍ക്ക് കാണാന്‍ അവസരമുണ്ടാക്കുമെന്ന്. ശക്തമായ സമ്മര്‍ദം ലീഗ്, കോണ്‍ഗ്രസ് നേതാക്കളിലൂടെ ചെലുത്തിയിരുന്നു. പക്ഷേ ഖേദകരമെന്ന് പറയട്ടെ നമ്പര്‍ ഒന്ന് എന്ന നിലയില്‍ അറിയപ്പെടുന്ന മണ്ഡലത്തില്‍, അതും ബി.ജെ.പിയുമായി ഫൈറ്റ് ചെയ്യുന്ന മണ്ഡലത്തില്‍ അവര്‍ വന്നില്ല എന്നുള്ളത് ഞങ്ങളുടെ മനസ്സിന്റെ അകത്തുള്ള വേദന തന്നെയാണ്. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരുടെയും മനസ്സിന്റെ ഉള്ളറകളിലുള്ള വികാരമാണത്. ലീഗ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയെ അത്രയധികം സ്‌നേഹിക്കുന്നുണ്ട്.

സി.പി.ഐ.എം കാലാകാലങ്ങളായി പറയുന്നത് അവരുടെ വോട്ടുകൊണ്ടാണ് തങ്ങള്‍ ജയിക്കുന്നത് എന്നാണെന്നും അത് തെറ്റായ വിലയിരുത്തലാണെന്നും കമറുദ്ദീന്‍ പറഞ്ഞു. തങ്ങള്‍ക്ക് ജയിക്കാന്‍ യു.ഡി.എഫിന്റെ ശക്തമായ അടിത്തറയുണ്ടെന്നും എല്ലാത്തിനെയും അതിജീവിച്ച് മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നും കമറുദ്ദീന്‍ അവകാശപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MC Kamarudheen About Manjeswaram Election

We use cookies to give you the best possible experience. Learn more