കൊച്ചി: മീന്‍വിറ്റ് ജീവിതമാര്‍ഗം കണ്ടെത്തുന്ന ഹനാന് പിന്തുണയുമായി സംസ്ഥാന വനിതാ കമ്മീഷന്‍. പഠനത്തിനായി മീന്‍വില്‍ക്കുന്ന ഹനാനെ അഭിനന്ദിക്കുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.
ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണം ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും കൊച്ചിയില്‍ ചെന്നാലുടന്‍ ഹനാനെ കാണുമെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.
പഠനത്തിനും ജീവിതചിലവിനും വേണ്ടി മത്സ്യം വിറ്റ് ജീവിതമാര്‍ഗം കണ്ടെത്തുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് പിന്തുണയുമായി നടന്‍ മണികണ്ഠനും രംഗത്തെത്തിയിരുന്നു.
ചമ്പക്കര മത്സ്യമാര്‍ക്കറ്റില്‍ മീന്‍ എടുക്കാന്‍ ഹനാന്‍ വരാറുണ്ടെന്നും സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ മനസ്സിനെ താന്‍ അംഗീകരിക്കുന്നെന്നുമായിരുന്നു മണികണ്ഠന്റെ വാക്കുകള്‍.
കഴിഞ്ഞ 3 ദിവസം ആയി മീന്‍ എടുക്കാന്‍ വേണ്ടി ഈ പെണ്‍കുട്ടി ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ വരാറുണ്ട്, കണ്ടവരും ഉണ്ട്. പിന്നെ അരുണ്‍ ഗോപി – പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന് ഇത്തരം ഒരു പ്രൊമോഷന്റെ ആവശ്യം ഉണ്ടെന്ന് മലയാളികള്‍ ആരും വിശ്വസിക്കും എന്ന് എനിക്ക് തോന്നുന്നില്ല” എന്നും മണികണ്ഠന്‍ പറഞ്ഞിരുന്നു.
കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനില്‍ കോളജ് യൂണിഫോം ധരിച്ച് മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ ചിത്രം ഇന്നലെയായിരുന്നു സോഷ്യല്‍മീഡിയയില്‍ വൈറലായത്. വാര്‍ത്ത വലിയ ചര്‍ച്ചയായതോടെ ഹനാനെ തേടി നിരവധിപേരെത്തി.
ഹനാനിന് തന്റെ പുതിയ ചിത്രത്തില്‍ അവസരം നല്‍കുമെന്ന് പറഞ്ഞ് സംവിധായകന്‍ അരുണ്‍ ഗോപിയും രംഗത്തെത്തി. എന്നാല്‍ ഇതിന് പിന്നാലെ ഇത് സിനിമയുടെ പ്രൊമോഷന് വേണ്ടി ചെയ്യുന്നതാണെന്നും വെറും നാടകമാണെന്നും മറ്റുള്ളവരെ കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.