കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം രാഷ്ട്രീയലക്ഷ്യത്തോടെയെന്നും എം.സി ജോസഫൈന്‍
Daily News
കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം രാഷ്ട്രീയലക്ഷ്യത്തോടെയെന്നും എം.സി ജോസഫൈന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th November 2017, 11:14 am

കൊച്ചി: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്ന ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ പരാമര്‍ശം കേരളത്തിലെ സാഹചര്യം മനസിലാക്കാതെയാണെന്നും ജോസഫൈന്‍ പറഞ്ഞു.

ഹാദിയ വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം അനൗചിത്യമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന പരാമര്‍ശം രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയാണോയെന്ന് സംശയിക്കുന്നതായും എം.സി ജോസഫൈന്‍ പറഞ്ഞു.

കേരളം എന്ന് പറയുന്നത് ഉയര്‍ന്ന നിലവാരത്തിലും മതനിരപേക്ഷതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനവുമാണ്. ദേശീയ തലത്തില്‍ കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രസ്താവനയെന്ന് വേണം മനസിലാക്കാനെന്നും ജോസഫൈന്‍ പറഞ്ഞു.

ഹാദിയയുടെ കാര്യത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെയെന്ന കാര്യം കോടതിയില്‍ വ്യക്തമാക്കുമെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നായിരുന്നു ഇന്നലെ രേഖാ ശര്‍മയുടെ പ്രസ്താവന. ഹാദിയയെ വൈക്കത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു അവര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഹാദിയ സുരക്ഷിതയാണെന്നും കോടതിയില്‍ നിലപാട് വ്യക്തമാക്കാന്‍ ഹാദിയ കാത്തിരിക്കുയാണെന്നും രേഖാ ശര്‍മ പറഞ്ഞിരുന്നു.