| Tuesday, 8th September 2020, 10:08 pm

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് വങ്കത്തരം പറയരുത്; സ്ത്രീ സമൂഹത്തോട് ചെന്നിത്തല മാപ്പ് പറയണമെന്ന് എം. സി ജോസഫൈന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ച സംഭവത്തിലെ വിവാദ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന് വങ്കത്തരം പറയരുതെന്നും എം. സി ജോസഫൈന്‍ പറഞ്ഞു.

പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞ ഉത്തരം സ്ത്രീ സമൂഹത്തെയും ആരോഗ്യവകുപ്പ് മന്ത്രിയെയും ഒരുപോലെ അവഹേളിക്കുന്നതാണെന്നും ജോസഫൈന്‍ പറഞ്ഞു.

സ്ത്രീക്ക് നേരെ പ്രവൃത്തിയിലും പ്രസ്താവനയിലും ഏത് പദവിയിലുമുള്ള ആളായാലും ആര്‍ക്കും എന്തും പറയാമെന്ന ധാര്‍ഷ്ട്യമാണ് ചെന്നിത്തലയുടെ മറുപടിയെന്നും അവര്‍പറഞ്ഞു.

‘സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ചെന്നിത്തല പ്രസ്താവന പിന്‍വലിച്ച് കേരളീയ സമൂഹത്തോട് പ്രത്യേകിച്ച് സ്ത്രീകളോട് മാപ്പ് പറയണം. ഈ വിഷയം വനിതാ കമ്മീഷന്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്,’ ജോസഫൈന്‍ പറഞ്ഞു.

യു.ഡി.എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുന്നതിനിടിയിലാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ വ്യക്തി യുവതിയെ പീഡിപ്പിച്ച സംഭവത്തെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.

തിരുവനന്തപുരത്ത് കൊവിഡ് രോഗിയെ പീഡിപ്പിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.ജി.ഒ അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അസോസിയേഷന്‍ എന്ന് പറയുന്ന കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ അംഗമാണ്. സജീവ പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ഇങ്ങനെ പീഡിപ്പിക്കാന്‍ തുടങ്ങിയാല്‍ നാട്ടിലെ പെണ്ണുങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

എന്നാല്‍ അതെന്താ ഡി.വൈ.എഫ്.ഐക്കാര്‍ക്ക് മാത്രമെ പീഡിപ്പിക്കാവൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

വെറുതെ നിങ്ങള്‍ കള്ളത്തരം പറയുകയാണ്. എന്‍.ജി.ഒ അസോസിയേഷന്‍ ആളാണ് എന്നൊക്കെ. ഞാന്‍ അന്വേഷിച്ചപ്പോള്‍ എനിക്കങ്ങനെ തോന്നിയിട്ടില്ല. എന്‍.ജി.ഒ യൂണിയനില്‍പ്പെട്ടായാളാണെന്നാണ് എനിക്ക് കിട്ടിയ വിവരം എന്നും ചെന്നിത്തല പറഞ്ഞു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ഭരതന്നൂര്‍ സ്വദേശി പ്രദീപാണ് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതിയെ പീഡിപ്പിച്ചത്.

കൈകള്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൈകള്‍ രണ്ടും പിന്നിലേക്ക് കെട്ടിയിട്ടു. വായില്‍ തോര്‍ത്ത് മുണ്ട് തിരുകി കയറ്റിയെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക്വാറന്റീന്‍ ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പ്രതി യുവതിയെ മര്‍ദ്ദിക്കുകയും ചെയ്തു.

യുവതിയെ പ്രദീപ് പല തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MC Josephine against Ramesh Chennithala

We use cookies to give you the best possible experience. Learn more