| Saturday, 20th June 2020, 4:19 pm

സ്ത്രീ മന്ത്രിയായാല്‍ എന്തും പറയാമെന്ന അവസ്ഥ; മുല്ലപ്പള്ളിക്കെതിരെ എം.സി ജോസഫൈന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരായ പരാമര്‍ശത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മീഷന്‍.

പരാമര്‍ശത്തില്‍ മുല്ലപ്പള്ളി മാപ്പ് പറയണമെന്ന് എം.സി ജോസഫൈന്‍ ആവശ്യപ്പെട്ടു. മുല്ലപ്പള്ളിയുടെ പ്രസ്താവന സ്ത്രീ വിരുദ്ധമാണെന്നും സ്ത്രീ മന്ത്രിയായാല്‍ എന്തും പറയാമെന്ന അവസ്ഥയുണ്ടെന്നും കേസെടുക്കുന്ന കാര്യം മന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും ജോസഫൈന്‍ പറഞ്ഞു.

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ  അധിക്ഷേപവുമായി വീണ്ടും മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ലണ്ടന്‍ ഗാഡിയന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം റോക്ക് സ്റ്റാര്‍ എന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചതിനര്‍ത്ഥം റോക്ക് ഡാന്‍സര്‍ എന്നാണെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.

‘ലണ്ടന്‍ ഗാര്‍ഡിയന്‍ പറഞ്ഞത് ‘ The coronavirus slayer! How Kerala’s rock star health minister helped save it from Covid-19′ എന്നാണ്. മനസ്സിലാക്കണം കേരളത്തിലെ റോക്ക്സ്റ്റാറാണെന്നാണ് പറഞ്ഞിരിക്കുന്നത്.

കേരളത്തിലെ ആധുനിക നൃത്ത സംവിധാനത്തെക്കുറിച്ചെനിക്കറിയില്ല. റോക്ക് ഡാന്‍സറായിട്ടാണ് പറഞ്ഞിരിക്കുന്നത്. കേരളത്തിലെ റോക്ക് ഡാന്‍സറായിട്ടുള്ള മന്ത്രി കൊവിഡ് മഹാമാരിയില്‍ നിന്നും രക്ഷിച്ചുവെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതുപോലെ 42 ജേണലുകളില്‍ ഇത് കൊടുത്തിട്ടുണ്ട്,’ മുല്ലപ്പള്ളി പറഞ്ഞു.

കൊവിഡ് പ്രതിരോധ രംഗത്ത് സര്‍ക്കാരിന് വിജയിക്കാന്‍ സാധിച്ചില്ലെന്നും താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധമാണ്. ആര്‍ക്കും അത് നിഷേധിക്കാന്‍ സാധിക്കില്ല. ഞാന്‍ ഒരാളെക്കുറിച്ചും ഒരു പരാമര്‍ശവും നടത്തുന്ന ആളല്ല. പ്രത്യേകിച്ച് സ്ത്രീകളെ കുറിച്ച് താന്‍ മോശമായി സംസാരിക്കാറില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം രാജകുമാരിയെന്നും റാണിയെന്നും പറഞ്ഞതില്‍ എന്താണ് തെറ്റെന്നും മുല്ലപ്പള്ളി ചോദിച്ചു.

റോക്ക് സ്റ്റാര്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് ചടുല നീക്കങ്ങള്‍ എന്നാണെന്ന് തിരുത്തിയ മാധ്യമപ്രവര്‍ത്തകനോടും അക്രോശിച്ച് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

റോക്ക് ഡാന്‍സര്‍ എന്ന വാക്കിന്റെ അര്‍ത്ഥം ചടുലനീക്കങ്ങള്‍ എന്നാണോ എന്നായിരുന്നു മുല്ലപ്പള്ളി ചോദിച്ചത്. അങ്ങനെയെങ്കില്‍ ഞാന്‍ രാജകുമാരിയെന്നും റാണിയെന്നും പറഞ്ഞതില്‍ എന്താണ് തെറ്റ് എന്ന് മുല്ലപ്പള്ളി ചോദിച്ചു.

ആരോഗ്യമന്ത്രി കൊവിഡ് പ്രതിരോധത്തില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക ‘

We use cookies to give you the best possible experience. Learn more