തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എയ്ക്കെതിരായ പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍.
സ്വമേധയാ കേസെടുക്കാന്‍ സാഹചര്യമില്ല. പരാതിക്കാരി പരാതി നല്‍കിയാല്‍ മാത്രമേ കമ്മീഷന് അന്വേഷിക്കാന്‍ പറ്റൂവെന്നും എം.സി ജോസഫൈന്‍ പ്രതികരിച്ചു.
പാര്‍ട്ടിക്ക് കിട്ടിയ പരാതി പൊലീസിന് നല്‍കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക് എക്കാലത്തും ഇത്തരം പരാതികള്‍ അന്വേഷിക്കാന്‍ സംവിധാനമുണ്ട്. സിപി.ഐ.എമ്മില്‍ വ്യക്തമായ നടപടി ക്രമങ്ങളും ഇത് സംബന്ധിച്ച് ഉണ്ട്.
പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണ്. വനിതാ കമ്മീഷന് പരാതി കിട്ടിയിട്ടില്ല. അതു കൊണ്ട് തന്നെ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യവുമില്ല.
ഇരയായ യുവതി പൊതുജനങ്ങളുടെ മുന്നില്‍ വന്ന് പറയുകയോ പൊതു ഇടങ്ങളില്‍ പരാതി ഉന്നയിക്കുകയോ ചെയ്താല്‍ മാത്രമെ വനിതാ കമ്മീഷന് കേസെടുക്കാന്‍ സാധിക്കു. ഈ യുവതിക്ക് പോലീസില്‍ പരാതി കൊടുക്കാമായിരുന്നിട്ടും അവര്‍ കൊടുത്തിട്ടില്ല. മനുഷ്യരായാല്‍ തെറ്റ് സംഭവിക്കുക സ്വാഭാവികമാണെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.
നോവലിന്റെ ഒരുഭാഗം മാത്രമല്ല വായിക്കേണ്ടത് ; “മീശ” നിരോധിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി
അതേസമയം വനിതാ കമ്മീഷന്റെ നിലപാടിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വനിതാ കമ്മീഷന്‍ പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ പ്രതികരിച്ചു.
രാഷ്ട്രീയംനോക്കി നിലപാടെടുക്കുന്ന രീതി രാജ്യത്തിന്റെ അന്തസത്തയെ ഇല്ലാതാക്കുന്നതാണ്. പരാതി കിട്ടിയാലേ നടപടിയെടുക്കൂ എന്ന് പറയുന്ന ഈ വനിതാ കമ്മീഷന്‍ എത്ര കേസില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ബിന്ദു കൃഷ്ണ ചോദിച്ചു.
സ്വന്തം പാര്‍ട്ടിയുടെ എം.എല്‍.എ പീഡിപ്പിച്ചാല്‍ കേസെടുക്കില്ലെന്ന് പറയുന്നത് എവിടുത്തെ ന്യായമാണ്. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ നടപടിയാണ് ഇത്. സാമ്പത്തിക, രാഷ്ട്രീയ മത സ്വാധീനമുള്ള ആളുകള്‍ പ്രതികളായ കേസുകളില്‍ ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ല.
സ്ത്രീക്ക് നീതി ലഭ്യമാക്കാന്‍ വനിതാ കമ്മീഷന് കഴിയില്ലെങ്കില്‍ അവര്‍ രാജിവെച്ച് പോകണം. സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്ന് പറയാന്‍ അവര്‍ക്ക് ലജ്ജയില്ലേയെന്നും ബിന്ദുകൃഷ്ണ ചോദിച്ചു.