| Tuesday, 14th July 2020, 3:49 pm

സ്വപ്ന സുരേഷില്‍ നിന്നും ശാസ്ത്ര ഉപദേഷ്ടാവ് ഉപഹാരം സ്വീകരിക്കുന്നതായുള്ള മനോരമയുടെ ചിത്രം വ്യാജം; ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് എം.സി ദത്തന്‍

ഗോപിക

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിവാദങ്ങളും വ്യാജവാര്‍ത്തകളും പെരുകിക്കൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെ പ്രമുഖ പത്രത്തില്‍ ഒരു വാര്‍ത്തയും അതോടൊപ്പം ഒരു ചിത്രവും പുറത്ത് വന്നിരുന്നു. ‘കോവളത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച ബഹിരാകാശ ഉച്ചക്കോടിയില്‍ സ്വപ്ന സുരേഷില്‍ നിന്നും ഉപഹാരം സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തന്‍’- ഇതായിരുന്നു ചിത്രത്തിനൊപ്പമുള്ള വാര്‍ത്ത.

കഴിഞ്ഞ ദിവസം ഒരു ചാനല്‍ നടത്തിയ ചര്‍ച്ചയിലും ഈ ചിത്രത്തെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വാര്‍ത്തയുമായി ബന്ധപ്പെട്ടുള്ള സത്യാവസ്ഥയറിയാന്‍ ഡൂള്‍ന്യൂസ് ടീം ശ്രീ എം.സി ദത്ത നോട് സംസാരിച്ചിരുന്നു. നിരുത്തരവാദപരമായ മാധ്യമധര്‍മ്മം മാത്രമാണ് ആ ചിത്രം എന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.

എം.സി ദത്തന്റെ പ്രതികരണം

‘സത്യത്തില്‍ ആ ചിത്രം തന്നെ തെറ്റാണ്. ആ പരിപാടിയില്‍ പങ്കെടുത്ത ചീഫ് ഗസ്റ്റുകള്‍ക്ക് ഉപഹാരം വിതരണം ചെയ്യാന്‍ എന്നെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഉപഹാരം കൊടുക്കാനായി ഓരോരുത്തരെ ക്ഷണിക്കുമ്പോള്‍ അവര്‍ സ്ര്വപ്ന സുരേഷ് ഉപഹാരങ്ങള്‍ എനിക്ക് എടുത്തു തരുന്നു. അത് ഞാന്‍ ചീഫ് ഗസ്റ്റിന് സമ്മാനിക്കുന്നു. ഇതാണ് യഥാര്‍ഥസംഭവം. എനിക്ക് വലത് വശത്ത് നില്‍ക്കുന്ന ചീഫ് ഗസ്റ്റിന് ഞാന്‍ ഉപഹാരം നല്‍കുന്ന ഭാഗം ഒഴിവാക്കി സ്വപ്ന എനിക്ക് ഉപഹാരം എടുത്ത് തരുന്ന ചിത്രമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതാണ് സത്യാവസ്ഥ. മനോരമ ഓണ്‍ലൈനിലാണ് ഇത്തരത്തില്‍ വന്നത്. വേറേ ഒരിടത്തും ഇങ്ങനെ ഒരു ന്യൂസ് കണ്ടിട്ടില്ല.

കേരളസര്‍ക്കാരിന്റെ ഒരു അഭിമാന പദ്ധതിയാണ് സ്പേസ് പാര്‍ക്ക്. ഐ.എസ്.ആര്‍.ഒയുടെ സഹകരണത്തോടെ അത്യാധുനിക സ്പേസ് മെറ്റിരീയല്‍സ് നിര്‍മ്മാണത്തിന് സംരംഭകരെ ആകര്‍ഷിക്കാനായി കൊണ്ടുവന്ന പദ്ധതിയാണിത്. ബാംഗ്ലൂരിലും ചെന്നൈയിലും ഉള്ളത് പോലെ നമ്മുടെ നാട്ടിലും ഇതുമായി ബന്ധപ്പെട്ട ഇന്‍ഡസ്ട്രീസിന് കൂടുതല്‍ പ്രാധാന്യം ഉണ്ടാകും.

ഇതുവരെ അത്തരത്തിലുള്ള ഒരു വികസനത്തില്‍ നമ്മുടെ സംസ്ഥാനം മറ്റുള്ളവയെ വെച്ച് പിന്നിലാണ്. അങ്ങനെയുള്ള പ്രതിസന്ധികള്‍ മറികടന്ന് സംരംഭകരെ ആകര്‍ഷിക്കാന്‍ കൊണ്ടുവന്ന പദ്ധതിയാണ് സ്പേസ് പാര്‍ക്ക് . ഇതുമായി ബന്ധപ്പെട്ട് സാങ്കേതിക ഉപദേശവും സഹായവും (സാമ്പത്തിക സഹായമല്ല ) നല്‍കാമെന്ന് ഐ.എസ്.ആര്‍.ഒയുമായി ഒരു എഗ്രിമെന്റ് ഒപ്പിട്ടിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു കോണ്‍ക്ലേവായിരുന്നു ആ പരിപാടി. വിദേശത്ത് നിന്നും മറ്റുമെത്തുന്ന ധാരാളം സംരംഭകര്‍ ഇതില്‍ പങ്കെടുത്തിട്ടുണ്ട്. എഡ്ജ് എന്നായിരുന്നു പരിപാടിയുടെ പേര്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ മാധവന്‍ സാറും പങ്കെടുത്തിരുന്നു. ജനുവരി- ഡിസംബര്‍ മാസത്തിലാണ് ഇത് നടത്തിയത്.

ഈ നടന്ന പരിപാടിയുടെ ഓര്‍ഗനൈസിംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവരാണ് ചെയ്തിരുന്നത്. അതായത് പരിപാടിയില്‍ അനൗണ്‍സ്മെന്റ്, വരുന്ന ഗസ്റ്റുകളെ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുക, സ്റ്റേജ് അറേഞ്ച്‌മെന്റ് എന്നിവയായിരുന്നു അവര്‍ ചെയ്തിരുന്നത്. അതവര്‍ നന്നായി ചെയ്യുകയും ചെയ്തു. ഞാന്‍ അവിടെ വെച്ചാണ് അവരെ ആദ്യമായി കാണുന്നത്.

അവിടെ നടന്ന പരിപാടിയില്‍ അവര്‍ ആര്‍ക്കും ഉപഹാരം അവര്‍ നല്‍കിയിട്ടില്ല. അങ്ങനെയുള്ള റോള്‍ അല്ല അവര്‍ക്ക് അവിടെയുണ്ടായിരുന്നത്. ഉപഹാരം ചീഫ് ഗസ്റ്റുകള്‍ക്ക് സമ്മാനിക്കാന്‍ എനിക്ക് എടുത്ത് തരിക മാത്രമാണ് ചെയ്തത്. ഇതാണ് മനോരമ എന്റെ മറുവശത്ത് ഇരുന്ന ആളെ മാസ്‌ക് ചെയ്ത് ഈ രീതിയില്‍ പ്രചരിപ്പിച്ചത്. അത് ഒരു തെറ്റാണെന്ന് അറിഞ്ഞിട്ട് തിരുത്താനും ഇതുവരെ അവര്‍ തയ്യാറായിട്ടുമില്ല. ഇതാണ് വാസ്തവത്തില്‍ സംഭവിച്ചത്. അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ജൂലൈ 9ാംതിയതിയായിരുന്നു മലയാള മനോരമ പത്രത്തില്‍ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തിന് ഉപഹാരം നല്‍കുന്നതായുള്ള വാര്‍ത്ത ചിത്രത്തോടൊപ്പം നല്‍കിയത്. ഇതിന് പിന്നാലെ നിരവധി പേരായിരുന്നു സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

രാജ്യാന്തര ബഹിരാകാശ കോണ്‍ക്ലേവില്‍ പങ്കെടുത്ത മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ഐ.എസ്.ആര്‍.ഒയില്‍ ഉന്നത സ്ഥാനമലങ്കരിച്ച ശാസ്ത്രജ്ഞനുമായ എം.സി ദത്തിന് സ്വപ്‌ന സുരേഷിനെ കൊണ്ട് ഉപഹാരം നല്‍കിച്ചതുവഴി അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തതെന്നായിരുന്നു നടന്‍ ജോയ് മാത്യു മലയാള മനോരമയുടെ എഡിറ്റ് പേജില്‍ എഴുതിയ ലേഖനത്തില്‍ കുറിച്ചത്. ഒരു ശാസ്ത്രജ്ഞനെ ഇതില്‍പ്പരം അപമാനിക്കാനുണ്ടോയെന്നും തല താഴ്ന്നുപോയെന്നുമായിരുന്നു കുറിപ്പില്‍ ജോയ് മാത്യു പറഞ്ഞത്.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more