| Monday, 16th September 2019, 11:53 am

ഭീകരാക്രമണത്തിന് തിരിച്ചടിക്കാന്‍ സൗദി പ്രാപ്തരും തയ്യാറുമാണ്; ട്രംപിനോട് മുഹമ്മദ് ബിന്‍ സല്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഭീകരാക്രമണത്തിനെതിരെ തിരിച്ചടിക്കാന്‍ സൗദിയ്ക്ക് പ്രാപ്തിയുണ്ടെന്നും തങ്ങള്‍ അതിന് തയ്യാറാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍.

‘ ഭീകരവാദി ആക്രമണത്തെ എതിരിടാനും കൈകാര്യം ചെയ്യാനും സൗദി തയ്യാറാണ്.’ ഫോണ്‍ സന്ദേശത്തില്‍ എം.ബി.എസ് അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.

ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയുടെ സുരക്ഷയ്ക്കായി അവര്‍ക്കൊപ്പം സഹകരിക്കാന്‍ യു.എസ് തയ്യാറാണെന്ന് ട്രംപ് അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എസിന്റെയും ആഗോള സമ്പദ് വ്യവസ്ഥയേയും ഈ ആക്രമണം ബാധിച്ചെന്നും ട്രംപ് എം.ബി.എസിനെ അറിയിച്ചതായും പ്രസ്താവനയില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോകത്തിലെ ഏറ്റവും വലിയ എണ്ണം സംസ്‌കരണ ശാലയായ അബ്ഖൈഖ്, ഖുറൈസ് എണ്ണശാലകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നാണ് സൗദി അറേബ്യ ആരോപിക്കുന്നത്.

അതിനിടെ, അരാംകോയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് എണ്ണ ഉല്‍പാദനത്തിലുണ്ടായ കുറവുമൂലം അസംസ്‌കൃത എണ്ണ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. വില 20 ശതമാനം വര്‍ധിച്ച് ബാരലിന് 70 ഡോളറായി. 28 വര്‍ഷത്തിടെ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ആറ്റവും വലിയ വിലവര്‍ധനവാണിത്. വില ബാരലിന് 80 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഇന്ത്യന്‍ വിപണിയിലും എണ്ണ വില വരും ദിവസങ്ങളില്‍ കുത്തനെ ഉയര്‍ന്നേക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more