വാഷിങ്ടണ്‍: യു.എസ് സന്ദര്‍ശനത്തിനിടെ പലസ്തീന്‍ വിരുദ്ധ സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. പലസ്തീനില്‍ അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കാന്‍ ധനസഹായം നല്‍കുകയും ബി.ഡി.എസ് (ബോയ്കോട്ട്, ഡൈവെസ്റ്റ്മെന്റ് ആന്‍ഡ് സാങ്ഷന്‍സ്) മൂവ്‌മെന്റുകളെ എതിര്‍ക്കുന്നതുമായ സംഘടനാ നേതാക്കളുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ച നടത്തി.
ഇസ്രായേലിനെ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേല്‍ പൗരന്മാരടക്കം അടങ്ങുന്ന സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന ഒരു ഇസ്രയേല്‍ ബഹിഷ്‌കരണപ്രസ്ഥാനമാണ് ബോയ്കോട്ട്, ഡൈവെസ്റ്റ്മെന്റ് ആന്‍ഡ് സാങ്ഷന്‍സ്. 2005ലാണ് ഇവ രൂപീകൃതമായത്.
എ.ഐ.പി.എ.സി, സ്റ്റാന്‍ഡ് അപ് ഫോര്‍ ഇസ്രായേല്‍, ജ്യൂയിഷ് ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ജെ.എഫ്.എന്‍.എ) തുടങ്ങിയ സംഘടനകളുമായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ച നടത്തിയതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read more: ‘അമിത് ഷാ ആദ്യം അദ്ദേഹം അഹിന്ദു ആണോ അല്ലയോ എന്നതില്‍ വ്യക്തത വരുത്തട്ടെ’, സിദ്ധരാമയ്യ
2012നും 2015നും ഇടയില്‍ 6മില്ല്യണ്‍ ഡോളറാണ് ജെ.എഫ്.എന്‍.എ കുടിയേറ്റങ്ങളെ സഹായിക്കാന്‍ നല്‍കിയത്. ഗ്രീന്‍ലൈന്‍ സെറ്റില്‍മെന്റുകളെ പ്രോത്സാഹിപ്പിക്കുന്ന ജെ.എഫ്.എന്‍.എ പലസ്തീനികള്‍ക്കെതിരെ അക്രമമഴിച്ചുവിട്ടവരെ സംരക്ഷിക്കുന്ന സംഘടനയാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് പറയുന്നു.
ഇസ്രായേലിനെ സൗദി ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും പുതിയ ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്.