| Monday, 18th February 2019, 11:24 am

ഭാവിയില്‍ പാക്കിസ്ഥാന്‍ സുപ്രധാന രാജ്യമാകുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍; 20 ബില്യണ്‍ ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ മറവില്‍ ലോകരാജ്യങ്ങള്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമ്പോള്‍ ചേര്‍ത്തുപിടിച്ച് സൗദി അറേബ്യ. 20 ബില്യണ്‍ ഡോളറിന്റെ സഹായ-സഹകരണത്തിന് ധാരണയായതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിലാണ് തീരുമാനം.

തകര്‍ന്ന് കൊണ്ടിരിക്കുന്ന പാക്കിസ്ഥാന്റെ ആഭ്യന്തര സാമ്പത്തിക വ്യവസ്ഥയെ കരകയറ്റാന്‍ സൗദി സഹായിക്കും. കൂടാതെ വിദേശ കരുതല്‍ ധനത്തിലുള്ള നഷ്ടം പരിഹരിക്കാനും സാമ്പത്തിക വളര്‍ച്ചാ മുരടിപ്പ് പരിഹരിക്കാനും ഇരു രാജ്യങ്ങളും സഹകരിക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒരാഴ്ച നീളുന്ന പര്യടനം ഒരു ദിവസത്തേക്ക് എം.ബി.എസ് ചുരുക്കിയിരുന്നു. പക്ഷെ പാക്കിസ്ഥാന് നല്‍കാമെന്നേറ്റ സഹായം വെട്ടിച്ചുരുക്കാന്‍ സൗദി തയ്യാറായിട്ടില്ല.

ALSO READ: വേദാന്തയ്ക്ക് തിരിച്ചടി; തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കാന്‍ അനുമതി നല്‍കിയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഔദ്യോഗിക ബഹുമതികളോടെയാണ് നൂര്‍ ഖാന്‍ എയര്‍ബേസില്‍ വെച്ച് സൗദി കിരീടവകാശിയെ സ്വീകരിച്ചത്.

മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഊഷ്മളമായ ബന്ധം ഇതോടെ ഇരുരാജ്യങ്ങള്‍ക്കിടയില്‍ വളരുമെന്ന് സന്ദര്‍ശനത്തിനിടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പറഞ്ഞു. ഭാവിയില്‍ പാക്കിസ്ഥാന്‍ സുപ്രധാനമായ രാഷ്ട്രമായി മാറുമെന്ന പ്രതീക്ഷ പങ്കുവെച്ച എം.ബി.എസ് പാക്കിസ്ഥാനുമായി സഹകരിക്കാന്‍ തയ്യാറാണെന്നും വിശദീകരിച്ചു.

പാക്കിസ്ഥാനിലെ ഗ്വാഡറില്‍ എണ്ണ ശുദ്ധീകരണശാലയും പെട്രോകെമിക്കല്‍ കോംപ്ലക്‌സും സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ട്. മാത്രമല്ല സൗദി കമ്പനികള്‍ പാക്കിസ്ഥാനില്‍ വന്‍ നിക്ഷേപം നടത്തുമെന്നും പാക്കിസ്ഥാന്‍ നിക്ഷേപകാര്യ മന്ത്രാലയം വ്യക്തമാക്കിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖനനത്തിനും ഊര്‍ജ സംരക്ഷണത്തിനുമായി 4 ബില്യണിന്റെ നിക്ഷേപം നടത്താനും തീരുമാനമായതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

സന്ദര്‍ശനം അവസാനിപ്പിച്ച് ഇന്ന് മടങ്ങുന്ന എം.ബി.എസ്. ഇന്ത്യയും ചൈനയും കൂടി സന്ദര്‍ശിക്കും. പാക്കിസ്ഥാനി ആര്‍മി ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്വ, പ്രസിഡന്റ് ആരിഫ് അല്‍വി, എന്നിവരുമായും എം.ബി.എസ് കൂടിക്കാഴ്ച നടത്തും.

പാക്കിസ്ഥാനാവശ്യമായ എല്ലാ രാജ്യന്തര പിന്തുണയും ഉറപ്പാക്കുമെന്ന് എം.ബി.എസ് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതീവ നയതന്ത്ര പ്രാധാന്യമുള്ള സന്ദര്‍ശമായിരുന്നു ഇത്.

പാക്കിസ്ഥാന് എല്ലാ സഹായ വാഗ്ദാനങ്ങളും ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ എം.ബി.എസിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് അതീവ പ്രാധാന്യമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

We use cookies to give you the best possible experience. Learn more