സമകാലിക ഫുട്ബോൾ ലോകത്തെ രണ്ട് മികച്ച യുവതാരങ്ങളാണ് ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെയും നോർവീജിയൻ യുവതാരം എർലിങ് ഹാലണ്ടും. കരിയറിന്റെ തുടക്കത്തിൽ തന്നെ പ്രതിഭയും കഠിനാധ്വാനവും കൊണ്ട് ആരാധകരെ സ്വന്തമാക്കാനും നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കാനും ഇരു താരങ്ങൾക്കും കഴിഞ്ഞു.
ഭാവിയിൽ മികച്ച താരം ആരെന്നുള്ള ചോദ്യത്തിൽ പരസ്പരം മത്സരിക്കുക എംബാപ്പെയും ഹാലണ്ടുമായിരിക്കുമെന്നാണ് ഫുട്ബോൾ വിദഗ്ധർ വിലയിരുത്തുന്നത്.
എന്നാലിപ്പോൾ എംബാപ്പെയെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഹാലണ്ട്. എംബാപ്പെ മികച്ച താരമാണെന്നും അടുത്ത പതിറ്റാണ്ട് എംബാപ്പെ യുഗമായിരിക്കുമെന്നുമാണ് ഹാലണ്ട് അഭിപ്രായപ്പെട്ടിരിക്കുന്നത്.
കാനൽ പ്ലസിനോട് സംസാരിക്കവെയായിരുന്നു എംബാപ്പെയെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ ഹാലണ്ട് തുറന്ന് പറഞ്ഞത്.
“എംബാപ്പെ വളരെ വേഗതയുള്ള പ്ലെയറാണ്. അദ്ദേഹം ധാരാളം വർഷങ്ങളായി തന്റെ പ്രതിഭ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുന്നു. അദ്ദേഹം എന്നെക്കാൾ രണ്ട് വയസ് മാത്രം മുതിർന്നതാണ്. എങ്കിലും ലോക ഫുട്ബോളിൽ എംബാപ്പെ എവിടെയെത്തിയിരിക്കുന്നെന്ന് നോക്കൂ,’ ഹാലണ്ട് പറഞ്ഞു.
“അടുത്ത ഒരു പതിറ്റാണ്ട് ലോകഫുട്ബോളിൽ എംബാപ്പെ തിളങ്ങുമെന്ന് തീർച്ചയാണ്. വിവരിക്കാനാകാത്ത വിധം പ്രതിഭാധനനായ കളിക്കാരനാണയാൾ,’ ഹാലണ്ട് കൂട്ടിച്ചേർത്തു.
പി.എസ്.ജിക്കായി ഈ സീസണിൽ ഇതുവരെ 28 മത്സരങ്ങളിൽ നിന്നും 27
ഗോളുകളും ആറ് അസിസ്റ്റുകളുമാണ് എംബാപ്പെയുടെ സമ്പാദ്യം. ഹാലണ്ട് സിറ്റിക്കായി ഈ സീസണിൽ ഇതുവരെ 31 മത്സരങ്ങളിൽ നിന്നും 32 ഗോളും നാല് അസിസ്റ്റുകളും സ്വന്തമാക്കി.
പി.എസ്.ജിയിൽ നിന്നും സ്പാനിഷ് വമ്പൻമാരായ റയൽ എംബാപ്പെയെ റാഞ്ചാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
കുറച്ച് നാളുകൾ തുടർച്ചയായി ഫോമൗട്ടായ ഹാലണ്ടിനെതിരെ സിറ്റിയിൽ നിന്നും അടുത്തിടെയായി വലിയ വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു.
അതേസമയം ലീഗ് വണ്ണിൽ 24 മത്സരങ്ങളിൽ നിന്നും 18 വിജയങ്ങളുമായി 57 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
ഫെബ്രുവരി 27ന് ചിരവൈരികളായ മാഴ്സക്കെതിരെയുള്ള ഡെർബി മത്സരമാണ് പി.എസ്.ജിക്ക് അടുത്തതായി കളിക്കാനുള്ളത്.
Content Highlights:Mbappe will rule football for the next 10 years; Haaland