റയൽ മാഡ്രിഡിന്റെ കളി ഫോണിൽ കണ്ട് എംബാപ്പെ; താരം റയലിലേക്ക് പോകുമെന്ന് റിപ്പോർട്ട്
football news
റയൽ മാഡ്രിഡിന്റെ കളി ഫോണിൽ കണ്ട് എംബാപ്പെ; താരം റയലിലേക്ക് പോകുമെന്ന് റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th January 2023, 8:05 am

ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരമായ ക്ലബ്ബ് എന്ന് വിശേഷിപ്പിക്കാവുന്ന ടീമാണ് റയൽ മാഡ്രിഡ്‌. 14 ചാമ്പ്യൻസ് ലീഗ് കിരീടം അടക്കം യൂറോപ്യൻ ഫുട്ബാളിലെ മേജർ ടൈറ്റിലുകളെല്ലാം സ്വന്തമാക്കിയ ക്ലബ്ബ് ഏത് ടീമും ഭയക്കാൻ തക്ക എതിരാളികളാണ്.

ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബാപ്പെയെ റയൽ തങ്ങളുടെ ക്യാമ്പിലേക്കെത്തിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. നിലവിൽ റയലിന്റെ ആക്രമണ നിരയുടെ കുന്തമുനയായ കരീം ബെൻസെമക്ക് പകരക്കാരനായാണ് എംബാപ്പെയെ റയൽ മാഡ്രിഡ്‌ കാണുന്നത് എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ എംബാപ്പെയെ മറ്റൊരു ക്ലബ്ബിനും വിട്ട് കൊടുക്കാൻ എംബാപ്പെയുടെ നിലവിലെ ക്ലബ്ബായ പി.എസ്.ജി തയ്യാറല്ല എന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് എംബാപ്പെ റയൽ മാഡ്രിഡിന്റെ മത്സരം കാണുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഫ്രാൻസിലെ ഒരു ചാരിറ്റി പരിപാടിയിൽ വെച്ചുള്ള വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മെസി, അഷറഫ് ഹക്കീമി, കിംബാപ്പെ എന്നിവർക്കൊപ്പം ‘സ്ട്രോങ്ങ്‌ ത്രീ ആർ’ എന്ന സംഘടന പവിലിയൻ ഗബ്രിയേലിൽ വെച്ച് നടത്തുന്ന ഒരു ചാരിറ്റി പരിപാടിയിൽ പങ്കെടുക്കവെ താരം മൊബൈൽ ഫോണിൽ കോപ്പ ഡെൽ റെ ടൂർണമെന്റിലെ റയൽ-അത് ലറ്റിക്കോ മത്സരം കാണുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

ഇതോടെ താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറും എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ആരാധകരും ഫുട്ബോൾ വിദഗ്ധരും.
ഒരു റൊണാൾഡോ ഫാൻ കൂടിയായ എംബാപ്പെയുടെ പ്രിയപ്പെട്ട ക്ലബ്ബുകളിലൊന്നാണ് റയൽ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എന്നാൽ എംബാപ്പെ റയലിലേക്ക് ഉടൻ പോകാൻ സാധ്യതയില്ലെന്നും പി.എസ്.ജിയിൽ താരം കരാർ നീട്ടിയിട്ടുണ്ടെന്നും നിരവധി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് വർഷം കൂടിയെങ്കിലും താരം റയലിൽ കളിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം തിങ്കളാഴ്ച നടന്ന ലീഗ് വൺ മത്സരത്തിൽ പി.എസ്.ജി ഫ്രഞ്ച് ക്ലബ്ബായ റെയിംസുമായി സമനിലയിൽ പിരിഞ്ഞു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് പി.എസ്.ജിയെ റെയിംസ് സമനിലയിൽ തളയ്ക്കുന്നത്.

 

Content Highlights:Mbappe watched Real Madrid’s game on his phone; It is reported that the player will go to real