| Monday, 13th February 2023, 12:51 pm

ഗ്വാർഡിയോളയല്ല ആ ഇതിഹാസത്തെ പരിശീലകനായി കിട്ടണം; ഇല്ലെങ്കിൽ ഞാനെന്റെ പാട്ടിന് പോകും; എംബാപ്പെ

സ്പോര്‍ട്സ് ഡെസ്‌ക്

ഗുരുതരമായ പരിക്കിന്റെ പിടിയിലകപ്പെട്ട് വിശ്രമത്തിലാണ് എംബാപ്പെ. അതിനാൽ തന്നെ താരത്തിന് ഫെബ്രുവരി 16ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കാൻ സാധിക്കില്ല എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

കൂടാതെ കോച്ച് ക്രിസ്റ്റഫെ ഗാൾട്ടിയർ തന്നെ താരത്തിന്റെ ആരോഗ്യത്തിനാണിപ്പോൾ പ്രാധാന്യം കൊടുക്കുന്നതെന്നും അതിനാൽ തന്നെ പരിക്ക് ഭേദമാകാതെ എംബാപ്പെയെ കളിക്കാനിറക്കില്ലെന്നും പത്ര സമ്മേളനത്തിൽ അറിയിച്ചിരുന്നു.

എന്നാലിപ്പോൾ പി.എസ്.ജിയിൽ തുടരണമെങ്കിൽ പുതിയ പരിശീലകനെ ടീമിലെത്തിക്കണമെന്ന് എംബാപ്പെ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഫ്രഞ്ച് ഇതിഹാസ താരവും മുൻ റയൽ മാഡ്രിഡ്‌ പരിശീലകനുമായ സിനദിൻ സിദാനെയാണ് എംബാപ്പെ ടീമിലെത്തിക്കാൻ ക്ലബ്ബിനോട് ആവശ്യപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ.

ഫ്രഞ്ച് മാധ്യമമായ എൽ നാഷണലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എംബാപ്പെക്ക് സിദാന്റെ കീഴിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്നും അടുത്ത സീസണിൽ മുൻ റയൽ പരിശീലനകൻ പി. എസ്.ജിയുടെ മുഖ്യ കോച്ചായി വന്നാലെ താൻ ക്ലബ്ബിൽ തുടരുവെന്ന് എംബാപ്പെ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതെന്നുമാണ് എൽ നാഷണലിന്റെ റിപ്പോർട്ടിൽ പറയുന്നത്.

ആറ് സീസണുകളിൽ നിന്നായി 11 ട്രോഫികളും, 24 മൽസരത്തിന് ശേഷം ഒരു ട്രോഫി എന്ന മികച്ച ശരാശരിയും തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന കോച്ചെന്ന റെക്കോർഡുമുള്ള സിദാൻ റയലിന്റെ പരിശീലക സ്ഥാനത്തേക്കെത്തിയാൽ തീർച്ചയായും പി. എസ്. ജിക്ക് അവരുടെ സ്വപ്‍ന കിരീടമായ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ സാധിക്കും എന്ന് ഒരു വിഭാഗം പി.എസ്.ജി ആരാധകർ വാദിക്കുന്നുണ്ട്.

ക്ലബ്ബ്‌ പ്രസിഡന്റ്‌ നാസർ-അൽ-ഖലൈഫി തന്നെ എംബാപ്പെ ക്ലബ്ബ് വിടരുതെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ എംബാപ്പെയുടെ ആവശ്യം നിലവിലെ കോച്ച് ക്രിസ്റ്റഫെ ഗാൾട്ടിയറിന് തിരിച്ചടിയായേക്കും.

ഈ സീസണിലും ക്ലബ്ബ് തങ്ങളുടെ അഭിമാന പ്രശ്നമായി കാണുന്ന ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ ഗാൾട്ടിയർക്ക് സാധിച്ചില്ലെങ്കിൽ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത്‌ നിന്നും ഗാൾട്ടിയർ തെറിച്ചേക്കും.

നിലവിൽ 23 മത്സരങ്ങളിൽ 17 വിജയങ്ങളുമായി 54 പോയിന്റോടെ ലീഗിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.

ഫെബ്രുവരി 15ന് ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights:mbappe wants Zinedine Zidane become the next coach in psg

We use cookies to give you the best possible experience. Learn more