| Friday, 16th September 2022, 9:55 pm

മെസി പുറത്ത്? സ്‌ട്രൈക്കറായി ഇംഗ്ലീഷ് ഇതിഹാസത്തെ ടീമിലെത്തിക്കാന്‍ ആവശ്യപ്പെട്ട് എംബാപ്പെ

സ്പോര്‍ട്സ് ഡെസ്‌ക്

നിലവില്‍ ഏറ്റവും മികച്ച മുന്നേറ്റ നിരയുള്ള ടീമാണ് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെന്റ് ഷെര്‍മാങ്. മെസി, നെയ്മര്‍, എംബാപ്പെ എന്നിവരടങ്ങുന്ന പി.എസ്.ജിയുടെ മുന്നേറ്റനിര ഏത് ടീമിന്റെയും പ്രതിരോധ കോട്ട പൊളിക്കാന്‍ പ്രാപ്തമാണ്.

സൂപ്പര്‍ താരങ്ങളുടെ ആധിക്യമുള്ള ടീമില്‍ മൂവരും ഒരുപോലെ മികച്ച രീതിയില്‍ കളിക്കുന്നു എന്നതാണ് പി.എസ്.ജി നേരിടുന്ന പ്രധാന പ്രശ്‌നം. മൂവരേയും ഒരേസമയം കളത്തിലിറക്കാന്‍ സാധിക്കില്ലെന്ന് പി.എസ്.ജി മാനേജര്‍ ക്രസിറ്റോഫെ ഗാള്‍ട്ടിയര്‍ പറഞ്ഞത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

എന്നാലിപ്പോള്‍ മുന്നേറ്റ നിരയിലേക്ക് വീണ്ടും ഒരു വമ്പന്‍ സൈനിങ് നടത്താന്‍ പി.എസ്.ജി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ ടീം ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ നായകനും ഇംഗ്ലീഷ് സ്‌ട്രൈക്കറുമായ ഹാരി കെയ്‌നിനെ ടീമിലെത്തിക്കാന്‍ പി.എസ്.ജി താരം കിലിയന്‍ എംബാപ്പെ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

മെസിക്ക് പകരക്കാരനായാണ് ഹാരി കെയ്‌നിനെ ടീമിലെത്തിക്കാന്‍ എംബാപ്പെ ആവശ്യപ്പെട്ടതായി ഡിയാരിയോ ഗോള്‍ (Diario Gol) റിപ്പോര്‍ട്ട് ചെയ്യുന്നത്. എംബാപ്പെക്ക് പി.എസ്.ജിയിലുള്ള പ്രത്യേക അധികാരങ്ങള്‍ ഉപയോഗിച്ചാണ് താരം ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പി.എസ്.ജിയില്‍ മെസിക്ക് ഇനിയും ഒമ്പത് മാസത്തെ കാലാവധി ബാക്കിയുണ്ട്. മെസിയുമായി കരാര്‍ പുതുക്കാന്‍ പി.എസ്.ജിക്ക് താത്പര്യമുണ്ട്. രണ്ട് വര്‍ഷത്തേക്കുകൂടി താരം പി.എസ്.ജിയില്‍ കളിക്കണമെന്നാണ് പി.എസ്.ജി ചീഫ് നാസര്‍ അല്‍ ഖെലൈഫി താത്പര്യപ്പെടുന്നത്.

എന്നാല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് ശേഷം മാത്രമായിരിക്കും താരം ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുക.

തന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകാന്‍ മെസിക്ക് താത്പര്യമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബാഴ്‌സയിലേക്കല്ല, മറിച്ച് മിയാമിയിലേക്കാവും മെസിയെത്തുക എന്നും ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചകളുയരുന്നുണ്ട്.

ഒരുപക്ഷേ, മെസി ടീം വിടുകയാണെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഹാരി കെയ്‌നിനെ ടീമിലെത്തിക്കണമെന്നാണ് എംബാപ്പെ ആവശ്യപ്പെട്ടിരിക്കുന്നത്. കെയ്‌നിന് 2024 വരെ സ്പര്‍സുമായി കരാറുണ്ട്.

അതേസമയം, നിലവിലെ മുന്നേറ്റനിരയിലെ മൂന്ന് താരങ്ങളില്‍ നിന്നും ഒരാളെ ടീം വിട്ടുകളയുമെന്ന് പി.എസ്.ജി കോച്ച് ക്രിസ്‌റ്റോഫെ ഗാള്‍ട്ടിയര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പി.എസ്.ജിയുടെ ഉടമകളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ടീമിലെ കരുത്തരായ മൂന്ന് താരങ്ങളില്‍ നിന്ന് ഒരാളെ ഒഴിവാക്കാനാണ് ഗാള്‍ട്ടിയറിന്റെ തീരുമാനം.

Content Highlight: Mbappe wants Harry Kane to replace Messi in the PSG

We use cookies to give you the best possible experience. Learn more