കളിക്കളത്തിലെ തന്റെ വിജയക്കുതിപ്പ് തുടരുകയാണ് പി.എസ്.ജി സൂപ്പര്‍താരം എംബാപ്പെ. കഴിഞ്ഞ ദിവസം യുവന്റസുമായി നടന്ന മാച്ചില്‍ മിന്നും പ്രകടനമായിരുന്നു കിലിയന്‍ എംബാപ്പെ പുറത്തെടുത്തത്.
ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് സ്റ്റേജിലെ മാച്ചില്‍ യുവന്റസിനെ 2-1 നാണ് പി.എസ്.ജി ഇന്നലെ തകര്‍ത്തത്. പി.എസ്.ജിക്ക് വേണ്ടി എംബാപ്പെയും നൂനോ മെന്‍ഡസും ഗോള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ ലിയനാര്‍ഡോ ബൊണൂച്ചിയായിരുന്നു യുവന്റസിന്റെ ഒരേയൊരു ഗോള്‍ വലയിലാക്കിയത്.
എംബാപ്പെയുടെ കരിയറിലെ അതിമനോഹരമായ ഒരു ഗോളിന് കൂടിയായിരുന്നു ഇന്നലത്തെ മാച്ചിലെ 13ാം മിനിട്ട് സാക്ഷ്യം വഹിച്ചത്. മെസി നല്‍കിയ പാസിനെ കാലിലൊതുക്കി, യുവന്റസിന്റെ പ്രതിരോധ നിരയെ നിഷ്പ്രഭരാക്കി, ഒരു കൂറ്റന്‍ ഷോട്ട് പായിച്ച എംബാപ്പെ പന്തിനെ കൃത്യമായി പോസ്റ്റിന്റെ വലത്തെ മൂലയിലേക്ക് എത്തിച്ചു.
പി.എസ്.ജിയുടെ വിജയത്തില്‍ നിര്‍ണായകമായതോടൊപ്പം കരിയറിലെ ഒരു ഗംഭീരന്‍ റെക്കോഡും ഇതോടെ എംബാപ്പെ സ്വന്തം പേരിലാക്കി. അതും സാക്ഷാല്‍ മെസിയുടെ പേരിലുള്ള റെക്കോഡ്.
ചാമ്പ്യന്‍സ് ലീഗില്‍ 40 ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് എംബാപ്പെ തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്.
23 വയസും 317 ദിവസവും കഴിഞ്ഞിരിക്കെയാണ് എംബാപ്പെ ഈ നേട്ടം സ്വന്തമാക്കുന്നത്. 24ാം വയസിലായിരുന്നു മെസി ചാമ്പ്യന്‍സ് ലീഗില്‍ 40 ഗോള്‍ പൂര്‍ത്തിയാക്കിയത്.
2011 നവംബര്‍ ഒന്നിനായിരുന്നു മെസി ഈ റെക്കോഡിലേക്ക് ഓടിയടുത്തത്. ഇപ്പോള്‍ കൃത്യം പത്ത് വര്‍ഷത്തിന് ശേഷം, 2022 നവംബര്‍ രണ്ടിനാണ് എംബാപ്പെ ആ റെക്കോഡ് തകര്‍ക്കുന്നത്. അതും ഒരു വയസിന്റെ വ്യത്യാസത്തില്‍. ഇങ്ങനെ രസകരമായ പ്രത്യേകതകളുടെ ഒരു നീണ്ടനിര തന്നെ ഈ റെക്കോഡിനൊപ്പമുണ്ട്.
ഈ പട്ടികയില്‍ ഇപ്പോള്‍ മൂന്നാമതുള്ളത് റയല്‍ മാഡ്രിലെ സ്‌പെയ്ന്‍ താരം റൗളാണ്. ബാലണ്‍ ഡി ഓര്‍ ജേതാവായ കരിം ബെന്‍സേമയാണ് തൊട്ടുപിന്നില്‍. റൗള്‍ 25ാം വയസിലും ബെന്‍സേമ 26ാം വയസിലുമാണ് നേട്ടം സ്വന്തമാക്കിയത്. കൂട്ടത്തില്‍ അഞ്ചാം സ്ഥാനത്തുള്ളത് 27ാം വയസില്‍ 40 ഗോള്‍ തികച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്.
ചാമ്പ്യന്‍സ് ലീഗില്‍ ഗംഭീരമായ പ്രകടനം നടത്തി മുന്നോട്ടുപോകുന്ന എംബാപ്പെ ഈ ഫോം തുടര്‍ന്നാല്‍ ഖത്തര്‍ ലോകകപ്പിലെ താരമാകുമെന്ന കാര്യത്തില്‍ സംശയമില്ല. 19ാം വയസില്‍ ലോകകപ്പില്‍ മുത്തമിട്ട എംബാപ്പെ ലോകകപ്പ് നേടാനുള്ള അവസാന പ്രതീക്ഷയുമായി എത്തുന്ന മെസിയുടെ സ്വപ്‌നങ്ങള്‍ക്ക് വരെ ഒരുപക്ഷെ വെല്ലുവിളിയായേക്കാം.
Content Highlight: Mbappe surpasses Messi to become the youngest player to score 40 goals in Champions League