2023-24 സീസണ്‍ ടിക്കറ്റിലേക്കുള്ള പ്രചാരണ വീഡിയോയില്‍ തന്നെ അമിതമായി ഉപയോഗിച്ചതിനെതിരെ പരസ്യമായി രംഗത്തുവന്ന് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ.
സീസണില്‍ 34 മത്സരങ്ങളില്‍ പി.എസ്.ജിക്കായി ബൂട്ടുകെട്ടുകയും 31 ഗോളുകള്‍ നേടുകയും ചെയ്ത എംബാപ്പെയെ ചുറ്റിയാണ് പി.എസ്.ജി സഞ്ചരിക്കുന്നതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പി.എസ്.ജിയുടെ മുഖമാണെങ്കിലും മറ്റേത് താരത്തേക്കാളും പി.എസ്.ജിയില്‍ അധികാരങ്ങളുണ്ടെങ്കിലും 2023-24 സീസണ്‍ ടിക്കറ്റിനുള്ള വീഡിയോയില്‍ തന്നെ അധികമായി ഫീച്ചര്‍ ചെയ്തതില്‍ താരം അമര്‍ഷത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വീഡിയോ പബ്ലിഷ് ചെയ്യും മുമ്പ് എംബാപ്പെയെ അറിയിച്ചില്ലെന്നും ഇതില്‍ താരം അമര്‍ഷം രേഖപ്പെടുത്തുകയും ചെയ്തതായി ഫാബ്രീസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ആരും എന്നെ ഇക്കാര്യം അറിയിച്ചിരുന്നില്ല. ആ വീഡിയോ പബ്ലിഷ് ചെയ്തത് ഞാന്‍ ഒരിക്കലും അംഗീകരിക്കുന്നില്ല. പി.എസ്.ജി ഒരു മികച്ച ക്ലബ്ബാണ്, എന്നാല്‍ അത് ഒരിക്കലും കിലിയന്‍ സെന്റ് ഷെര്‍മാങ് അല്ല,’ എംബാപ്പെയെ ഉദ്ധരിച്ച് റൊമാനോ റിപ്പോര്‍ട്ട് ചെയ്തു.
2022ല്‍ താരം മൂന്ന് വര്‍ഷത്തേക്ക് കൂടി പി.എസ്.ജിയുമായി കരാറിലെത്തിയിരുന്നു. 250 മില്യണിനായിരുന്നു പി.എസ്.ജി താരത്തെ നിലനിര്‍ത്തിയത്.
അതേസമയം, ലീഗ് വണ്ണില്‍ പി.എസ്.ജി കളിച്ച അവസാന മൂന്ന് മത്സരത്തില്‍ രണ്ടിലും പരാജയപ്പെട്ടിരുന്നു. ബ്രെസ്റ്റിനിതിരായ മത്സരത്തില്‍ പി.എസ്.ജി വിജയിച്ചപ്പോള്‍ റെന്നെസിനെതിരെയും ലിയോണിനെതിരെയും തോല്‍ക്കാനായിരുന്നു ടീമിന്റെ വിധി.
ഒന്നിനെതിരെ രണ്ട് ഗോളിന് ബ്രെസ്റ്റിനോട് വിജയിച്ചപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിന് റെന്നെസിനോടും ഏകപക്ഷീയമായ ഒരു ഗോളിന് ലിയോണിനോടും തോറ്റിരുന്നു.
ഏപ്രില്‍ ഒമ്പതിനാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. നീസാണ് എതിരാളികള്‍.
Content Highlight: Mbappe slams PSG