| Sunday, 27th August 2023, 2:45 pm

'മെസിയും നെയ്മറുമില്ല'; പി.എസ്.ജിയില്‍ പുതിയ റെക്കോഡിട്ട് എംബാപ്പെ

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ് വണ്ണില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ പി.എസ്.ജി വിജയിച്ചിരുന്നു. ലെന്‍സിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. ഇരട്ട ഗോളുകളുമായി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയായിരുന്നു മത്സരത്തില്‍ തിളങ്ങിയത്. ഇതോടെ പാരീസിയന്‍ ക്ലബ്ബില്‍ പുതിയ റെക്കോഡിട്ടിരിക്കുകയാണ് താരം.

ലെന്‍സിനെതിരെ സ്‌കോര്‍ ചെയ്തതോടെ പി.എസ്.ജിയില്‍ 150ാമത്തെ ലീഗ് ഗോളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ പാരീസിയന്‍ ജേഴ്‌സിയില്‍ 300 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നേടുന്ന താരമെന്ന ഖ്യാതിയും എംബാപ്പെ സ്വന്തമാക്കി 214 ഗോളുകളും 86 അസിസ്റ്റുകളും).

കളിയുടെ 44ാം മിനിട്ടില്‍ മാര്‍ക്കോ അസെന്‍സിയോയുടെ ഗോളിലൂടെ പി.എസ്.ജി ലീഡെടുക്കുകയായിരുന്നു. 52, 90 മിനിട്ടുകളിലാണ് എംബാപ്പെയുടെ ഗോളുകള്‍ പിറന്നത്. ഇഞ്ച്വറി ടൈമില്‍ മോര്‍ഗന്‍ ഗ്വിലോവോഗി ഒരു ഗോള്‍ മടക്കിയെങ്കിലും ലെന്‍സ് തോല്‍വി വഴങ്ങുകയായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് എംബാപ്പെ അടുത്ത സീസണോടെ ക്ലബ്ബ് വിടുമെന്ന കാര്യം പി.എസ്.ജിയെ അറിയിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 2024 വരെയാണ് താരത്തിന് പാരീസിയന്‍ ക്ലബ്ബുമായി കരാര്‍ ഉണ്ടായിരുന്നതെങ്കിലും കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

എന്നാല്‍ താരം തന്റെ തീരുമാനം അറിയിച്ചതോടെ ഈ സീസണില്‍ തന്നെ ക്ലബ്ബ് വിടണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെടുകയായിരുന്നു. ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമ്പോഴുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടിയായിരുന്നു പി.എസ്.ജിയുടെ വാദം.

ഇരുകൂട്ടര്‍ക്കും അനുകൂലമായ തീരുമാനമെടുക്കാന്‍ സാധിക്കാതെ വരികയും ജപ്പാനില്‍ വെച്ച് നടന്ന പി.എസ്.ജിയുടെ പ്രീ സീസണ്‍ മാച്ചുകളില്‍ നിന്ന് എംബാപ്പെ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

250 ദശലക്ഷം യൂറോ വരെയാണ് പി.എസ്.ജി എംബാപ്പെക്കായി ഇതുവരെ ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ 150 ദശലക്ഷം യൂറോ വരെയായി കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാന്‍സ്ഫര്‍ ജാലകം അവസാനിക്കുന്നതിന് മുമ്പായി ഓഗസ്റ്റ് 29നും സെപ്റ്റംബര്‍ ഒന്നിനും ഇടയില്‍ എംബാപ്പെക്കായുള്ള അവസാന ഓഫര്‍ റയല്‍ പി.എസ്.ജിക്ക് മുമ്പില്‍ വെക്കുമെന്ന് ജര്‍മന്‍ മാധ്യമമായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 120 മില്യണ്‍ യൂറോ ആയിരിക്കും എംബാപ്പെക്കായി റയല്‍ വാഗ്ദാനം ചെയ്യുക.

Content Highlights: Mbappe scores 150th Ligue 1 goals

We use cookies to give you the best possible experience. Learn more