| Tuesday, 13th December 2022, 10:56 am

എംബാപ്പെ കളിക്കുന്നത് എന്നെപ്പോലെ: ബ്രസീൽ ഇതിഹാസ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ സെമി ഫൈനൽ ഘട്ടത്തിലേക്ക് കടക്കുകയാണ്.

ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഫൈനൽ മത്സരത്തിന് ഏതൊക്കെ ടീമുകൾ യോഗ്യത നേടും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.

ഡിസംബർ 14, 15 തീയതികളിലായാണ് ലോകകപ്പ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക. ആദ്യ മത്സരത്തിൽ ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരും ടൂർണമെന്റ് ഫേവറൈറ്റുകളുമായ അർജന്റീന, കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ ലുസൈൽ സ്റ്റേഡിയത്തിൽ എതിരിടും.

പി.സ്.ജി യുടെ സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ചിറകിലേറിയാണ് ഫ്രാൻസ് ലോകകപ്പ് സെമിഫൈനൽ ഘട്ടം വരെയെത്തിയത്.

ഖത്തർ ലോകകപ്പിൽ നാല് മത്സരങ്ങളിൽ നിന്നും ഇതുവരെ അഞ്ച് ഗോളുകളാണ് പാരിസ് സെന്റ് ജർമൻ താരം സ്വന്തമാക്കിയിരിക്കുന്നത്.
കൂടാതെ 2018 ലെ റഷ്യൻ ലോകകപ്പിൽ നാല് ഗോളുകൾ നേടിയ താരം ഖത്തർ ലോകകപ്പിൽ തന്റെ ഗോൾ നേട്ടം അഞ്ചാക്കി വർധിപ്പിച്ചിട്ടുണ്ട്.

തന്റെ അരങ്ങേറ്റ ലോകകപ്പില്‍ നാല് ഗോള്‍ നേടിയ എംബാപ്പെ ഈ ലോകകപ്പില്‍ ഇതിനോടകം തന്നെ അഞ്ച് ഗോള്‍ നേടിയിട്ടുണ്ട്. 2022 ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തിലും മുമ്പന്‍ എംബാപ്പെ തന്നെയാണ്.

അതേസമയം കിലിയൻ എംബാപ്പെയുടെ കളി താൻ കളിക്കുന്ന കാലത്തെ തന്റെ പ്രകടനത്തെ ഓർമപ്പെടുത്തുന്നു എന്ന പരാമർശവുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്രസീലിന്റെ ഇതിഹാസ താരം റൊണാൾഡോ നസാരിയോ.

കൂടാതെ ലോകകപ്പ് നേടാൻ 2022 ൽ ഏറ്റവും സാധ്യതയുള്ള ടീം ഫ്രാൻസ് ആണെന്നും റൊണാൾഡോ അഭിപ്രായപ്പെട്ടു. വളരെ വേഗത്തിൽ പന്തുമായി മുന്നേറാനും, പോസ്റ്റിലേക്ക് നിറയൊഴിക്കാനുമുള്ള കഴിവാണ് 23ാം വയസ്സിൽ തന്നെ എംബാപ്പെയെ മറ്റ് കളിക്കാരിൽ നിന്നും വേറിട്ട് നിർത്തുന്നത്.

കളിക്കുന്ന കാലത്ത് റൊണാൾഡോയുടെയും പന്തടക്കവും വേഗതയും ഏറെ പ്രശസ്തമായിരുന്നു.

രണ്ട് തവണ ബ്രസീലിനായി ലോകകപ്പ് നേടിയ താരവും കൂടിയാണ് റൊണാൾഡോ.

” എനിക്ക് അവന്റെ വേഗതയെ ക്കുറിച്ചും, ലക്ഷ്യബോധത്തെ ക്കുറിച്ചും പറയാനിരിക്കാൻ സാധിക്കുന്നില്ല. കഴിവുകൾ കൃത്യമായി ഉപയോഗിക്കാൻ അവനറിയാം. മറ്റുള്ള കളിക്കാരെക്കാൾ വേഗതയിൽ പന്തുമായി മുന്നേറാനും ഗോളോ, അസിസ്റ്റോ നേടിയെടുക്കാനും മിടുക്കനാണവൻ,’ റൊണാൾഡോ പറഞ്ഞു.

അതേസമയം 14,15 തീയതികളിൽ നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിനും, ക്രൊയേഷ്യക്കും വിജയിക്കാനായാൽ 2018 ലേ റഷ്യൻ ലോകകപ്പ് ഫൈനൽ ഖത്തറിലും ആവർത്തിക്കും.

Content Highlights:Mbappe plays like me Brazil legend

We use cookies to give you the best possible experience. Learn more