| Thursday, 22nd December 2022, 11:22 am

തോല്‍വിയിലും പരിഹാസത്തിലും തളര്‍ന്നില്ല; പുതിയ ലക്ഷ്യങ്ങളുമായി എംബാപ്പെ വീണ്ടും കളത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ തകര്‍ത്താണ് അര്‍ജന്റീന വിശ്വകിരീടമുയര്‍ത്തിയത്. തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും ഫൈനലില്‍ ഹാട്രിക് അടിച്ച ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ഖത്തര്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിനുള്ള ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കി. 23കാരനായ താരത്തെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്.

അതേസമയം ഫൈനലിലെ ജയത്തിന് ശേഷം അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് പലവിധേന എംബാപ്പെയെ പരിഹസിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഏറ്റവും മികച്ച ഗോള്‍ കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയ മാര്‍ട്ടിനെസ് പുരസ്‌കാര വേദിയില്‍ വെച്ച് ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് ഡ്രസിങ് റൂമില്‍ ജയമാഘോഷിക്കുന്നതിനിടെ എംബാപ്പെയെ പരിഹസിച്ച് മൗനമാചരിച്ചതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

അര്‍ജന്റീനയിലേക്ക് മടങ്ങിയതിന് ശേഷവും മാര്‍ട്ടിനെസിന്റെ രോഷം അടങ്ങുന്നുണ്ടായിരുന്നില്ല. ബ്യൂണസ് അയേഴ്‌സിലെ വിക്ടറി പരേഡില്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി പ്രത്യക്ഷപ്പെട്ടത്.

പാവയുടെ മുഖത്തിന്റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു മാര്‍ട്ടിനെസിന്റെ വിവാദ ആഘോഷം. ഇതിനെതിരെയും പ്രതിഷേധം ആളിക്കത്തുകയാണ്.

എന്നാല്‍ ഇതൊന്നും വകവെക്കാതെ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ തിരിച്ചെത്തി പരിശീലനം ആരംഭിച്ചിരിക്കുകയാണ്. ലോകകപ്പിന് ശേഷം പത്ത് ദിവസത്തെ അവധിയില്‍ പോകുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നുവെങ്കിലും തീരുമാനം മാറ്റി ക്ലബിനൊപ്പം ചേരുകയായിരുന്നു.

ഫൈനലിലെ തോല്‍വിയില്‍ നിന്ന് താന്‍ മോചിതനായെന്നാണ് എംബാപ്പെ പ്രതികരിച്ചത്. ഇതോടെ 28ന് സ്‌ട്രോസ്ബര്‍ഗിനെതിരായ മത്സരത്തില്‍ താരം കളിച്ചേക്കും.

അതേസമയം അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ അര്‍ജന്റീനയുടെ കരുത്തിന് മുന്നില്‍ ഒന്നും ചെയ്യാനാകാതെ വിയര്‍ക്കുകയായിരുന്നു ഫ്രഞ്ച് പട. എന്നാല്‍, രണ്ടാം പകുതിയില്‍ വളരെയേറെ മെച്ചപ്പെട്ട നിലയിലായിരുന്നു ഫ്രാനസ് കളിച്ചത്.

അര്‍ജന്റീനക്കെതിരെ എംബാപ്പെ തന്നെ രണ്ട് ഗോള്‍ തിരിച്ചടിക്കുകയും കളി എക്‌സ്ട്രാ ടൈമിലേക്ക് നീട്ടുകയും ചെയ്തിരുന്നു. വീണ്ടും മെസിയിലൂടെ അര്‍ജന്റീന മുന്നിലെത്തിയെങ്കിലും സമനില നേടാന്‍ ഫ്രാന്‍സിനായി. ഒടുവില്‍ ഷൂട്ടൗട്ടിലാണ് അര്‍ജന്റീന വിജയം നേടിയെടുത്തത്.

Content Highlights: Mbappe is back at PSG for training just 3 days after the World Cup final

We use cookies to give you the best possible experience. Learn more