ഫിഫ ലോകകപ്പ് ഫുട്ബോളിലെ ഖത്തർ വേർഷൻ അവസാനിച്ചിരിക്കുകയാണ്. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ യൂറോപ്യൻ ശക്തികളും മുൻ ചാമ്പ്യൻമാരുമായ ഫ്രാൻസിനെ പരാജയപ്പെടുത്തി അർജന്റീന തങ്ങളുടെ മൂന്നാം ലോക കിരീടം സ്വന്തമാക്കി.
മത്സരത്തിൽ രണ്ട് ഗോളുകൾ സ്വന്തമാക്കിയ സാക്ഷാൽ മെസിയുടെ നേതൃത്വത്തിലാണ് അർജന്റീനയുടെ ഐതിഹാസിക വിജയം.
എന്നാൽ മത്സരം പരാജയപ്പെട്ടെങ്കിലും ഫ്രഞ്ച് ടീമിന് അഭിമാനിക്കാൻ വക നൽകുന്നതായിരുന്നു ഫ്രാൻസിന്റെ 23കാരൻ യുവതാരം എംബാപ്പെയുടെ പോരാട്ട വീര്യം. മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ഫ്രാൻസിനെ 80,81 മിനിട്ടുകളിൽ തുടർച്ചയായി നേടിയ ഇരട്ടഗോളുകളോടെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത് എംബാപ്പെയാണ്.
പിന്നീട് അധികസമയത്ത് ഹാട്രിക് പൂർത്തിയാക്കാനും എംബാപ്പെക്ക് കഴിഞ്ഞു. ഇതോടെ കൈ വിട്ട് പോയ മത്സരം അധികസമയത്തെക്ക് നീട്ടാൻ ഫ്രാൻസിനായിരുന്നു.
ടൂർണമെന്റിൽ നിന്നും ഫൈനലിലെ ഹാട്രിക് അടക്കം എട്ട് ഗോളുകൾ സ്വന്തമാക്കിയ എംബാപ്പെക്ക് ലോകകപ്പിലെ ഏറ്റവും കൂടുതൽ ഗോളുകൾ കരസ്ഥമാക്കുന്ന താരത്തിന് നൽകുന്ന ഗോൾഡൻ ബൂട്ട് പുരസ്കാരവും ലഭിച്ചു.
അതേസമയം ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച എംബാപ്പെയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബ്രസീൽ ഇതിഹാസ താരം റൊണാൾഡോ നസാരിയോ. ബ്രസീലിനായി രണ്ട് ലോകകപ്പ് കിരീടങ്ങളാണ് റൊണാൾഡോ നേടിയത്.
” തീർച്ചയായും എംബാപ്പെ മികച്ച പ്രകടനമാണ് ലോകകപ്പിൽ കാഴ്ചവെച്ചത്. ആദ്യമത്സരം മുതൽ ഫൈനൽ വരെയും അത് അങ്ങനെതന്നെയായിരുന്നു.
ഇംഗ്ലണ്ടിനെതിരെ ക്വാർട്ടറിലും മൊറോക്കൊക്കെതിരെ സെമിയിലും സ്കോർ ചെയ്യാൻ സാധിച്ചില്ലെങ്കിലും നന്നായി കളിക്കാനും അസിസ്റ്റുകൾ നൽകാനും എംബാപ്പെക്കായി. ഫൈനലിൽ നാല് ഗോളുകളുമായി അവൻ അടിപൊളിയായി കളിച്ചു(ഷൂട്ടൗട്ട് ഗോൾ ഉൾപ്പെടെ),’ റൊണാൾഡോ പറഞ്ഞു.
“ടെക്‌നിക്കലി അവൻ അടിപൊളിയാണ്. അവനെ ആർക്കും തടയാൻ കഴിയില്ല കൂടാതെ ലോകകപ്പിലെ മികച്ച താരങ്ങളിൽ ഒരാളും ആണ് അവൻ. അതുകൊണ്ട് തന്നെ എംബാപ്പെ കൂടുതൽ അർഹിക്കുന്നുണ്ട്. തീർച്ചയായും ഈ ലോകകപ്പിൽ ഒരുപാട് നല്ല ഫോർവേഡുകളെ നമ്മൾ കണ്ടു. പക്ഷെ അവരെക്കാളൊക്കെ ഏറെ മുമ്പിലാണ് എംബാപ്പെ,’ റൊണാൾഡോ കൂട്ടിച്ചേർത്തു.
“അവന്റെ കളി കാണുമ്പോൾ എന്റെ പഴയ കാലമാണ് എനിക്ക് ഓർമവരുന്നത്. ഞാൻ ഏറ്റവും നന്നായി കളിച്ചിരുന്ന കാലഘട്ടം എംബാപ്പെ എന്നെ ഓർമിപ്പിക്കുന്നു. അവന് അറിയാം ഓപ്പൺ ചാൻസുകൾ എങ്ങനെ മുതലാക്കണമെന്ന്. വൺ-ഓൺ-വൺ സിറ്റുവേഷനിൽ അവനെ വെല്ലാൻ ആർക്കും സാധിക്കില്ല,’ റൊണാൾഡോ പറഞ്ഞു.
അതേസമയം 23 വയസിൽ തന്നെ ഒരു ലോകകപ്പ് സ്വന്തം പേരിലാക്കാനും ഒരു ലോകകപ്പിൽ റണ്ണേഴ്സ് അപ്പ് ആകാനും എംബാപ്പെക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ കളിച്ച രണ്ട് ലോകകപ്പുകളിൽ നിന്നും 12 ഗോളുകളാണ് എംബാപ്പെയുടെ സമ്പാദ്യം.
ഇനി ഒരു ഇടവേളക്ക് ശേഷം ആരംഭിക്കുന്ന ഫ്രഞ്ച്ലീഗിലും ചാമ്പ്യൻസ് ലീഗിലും മെസി, നെയ്മർ എന്നിവരോടൊപ്പം പി.എസ്.ജിക്ക് വേണ്ടിയാണ് എംബാപ്പെ കളിക്കുക.
Content Highlights:Mbappe is a great player like me: Ronaldo